.jpg?$p=6c694d5&f=16x10&w=856&q=0.8)
അഡ്രിയാൻ ലൂണയുടെ ഗോളാഘോഷം | Photo: twitter/ISL
- രണ്ടാം പാദത്തില്‍ അഡ്രിയാന്‍ ലൂണയ്ക്ക് ഗോള്‍
- ഇരുപാദങ്ങളിലുമായി ജംഷേദ്പുരിനെ 2-1ന് തോല്‍പ്പിച്ചു
മഡ്ഗാവ്: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ കാത്തിരുന്ന നിമിഷം ഇതാ കൈക്കുമ്പിളില്‍. മഡ്ഗാവിലെ വാസ്‌കോ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ജംഷേദ്പുര്‍ എഫ്‌സിയെ തറപറ്റിച്ച് കൊമ്പന്‍മാര്‍ ഐഎസ്എല്‍ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം.
അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചപ്പോള്‍ പ്രണോയ് ഹാല്‍ദര്‍ ജംഷേദ്പുരിനായി ലക്ഷ്യം കണ്ടു. സ്റ്റാര്‍റ്റിങ് വിസില്‍ മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്‌സിനായി 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടി. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌കസ് ഫ്‌ളിക് ചെയ്ത് നല്‍കിയ പന്ത് ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു. ജംഷേദ്പുരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല.
എന്നാല്‍ ജംഷേദ്പുര്‍ 50-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. കോര്‍ണര്‍ കിക്കില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലെത്തിയ പന്ത് ഡാനിയല്‍ ചീമയുടെ ദേഹത്തുതട്ടി പോസ്റ്റിന് മുന്നില്‍ പുറംതിരിഞ്ഞുനിന്ന പ്രണോയ് ഹാല്‍ദറിന്റെ മുന്നിലെത്തി. പന്ത് നിയന്ത്രിക്കുമ്പോള്‍ പ്രണോയിയുടെ കൈയില്‍ തട്ടിയെങ്കിലും റഫറി അതുകണ്ടില്ല. വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് വലയില്‍.
ആദ്യ പാദത്തില്‍ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായപ്പോള്‍ സന്ദീപും നിശുകുമാറും ടീമിലെത്തി.
ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..