ഗോൾഡൻ ഗ്ലൗ പുരസ്‌കാരവുമായി പ്രഖ്‌സുഖൻ ഗിൽ | Photo: twitter.com/IndSuperLeague
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-2022 സീസണ്‍ ഫൈനലില്‍ കണ്ണീരോടെ മടങ്ങാനായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. ഫൈനലില്‍ ഹൈദരാബാദ് എഫ്.സിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട മഞ്ഞപ്പട തലയുയര്‍ത്തിയാണ് ഗോവയില്‍ നിന്ന് മടങ്ങുന്നത്.
ഫൈനലിലെ തോല്‍വി നിരാശപകരുന്നുണ്ടെങ്കിലും ചിരിക്കാനുള്ള നേട്ടവും കീശയിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത്. സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഭ്‌സുഖന്‍ ഗില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഗില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഗില്ലിന്റെ തകര്‍പ്പന്‍ സേവുകളുടെ കൂടി ബലത്തിലാണ് മഞ്ഞപ്പട ഫൈനലില്‍ ഇടം നേടിയത്.
20 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത ഗില്‍ ഏഴ് തവണ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. വെറും 21 ഗോളുകള്‍ മാത്രമാണ് താരം വഴങ്ങിയത്. 1754 മിനിറ്റ് ഗില്‍ മഞ്ഞപ്പടയുടെ ഗോള്‍വല കാത്തു. 47 ഉഗ്രന്‍ സേവുകളും നടത്തി.
ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഗില്‍ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ക്ലീന്‍ ഷീറ്റ് നേടിയതാണ് ഗില്ലിന് തുണയായത്. ആറുക്ലീന്‍ ഷീറ്റുകളാണ് രഹനേഷിനുള്ളത്. ഇതാദ്യമായാണ് ഐ.എസ്.എല്ലില്‍ ഒരു കേരള ബ്ലാസ്റ്റേഴ്‌സ് താരം മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഹൈദരാബാദിന്റെ ഗോളടിയന്ത്രം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ സ്വന്തമാക്കി. 18 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് താരം പുരസ്‌കാരം നേടിയത്. 20 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റും നേടിയ ഓഗ്‌ബെച്ചെ 1736 മിനിറ്റ് കളിച്ചു.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഓഗ്‌ബെച്ചെ പുരസ്‌കാരം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഇഗോര്‍ അംഗൂളോയും ഗ്രെഗ് സ്റ്റിയുവര്‍ട്ടും വെറും 10 ഗോളുകള്‍ മാത്രമാണ് നേടിയത്. എട്ടുഗോളിന്റെ ലീഡില്‍ ഓഗ്‌ബെച്ചെ സുവര്‍ണപാദുകത്തില്‍ മുത്തമിട്ടു.
ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം (എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ സീസണ്‍) ബെംഗളൂരുവിന്റെ നയോറം റോഷന്‍ സിങ് നേടി.
Content Highlights: indian super league 2021-2022 golden glove and golden boot award winners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..