Photo: twitter.com/IndSuperLeague/
മഡ്ഗാവ്: കളി തുടങ്ങി മൂന്നാം സീസണില്‍ കിരീടനേട്ടം. ഹൈദരാബാദ് എഫ്.സിയുടെ സ്വപ്നനേട്ടം കൃത്യമായ പദ്ധതികളുടെ വിജയമാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ച് സീസണുകളില്‍ ക്ലച്ചുപിടിക്കാതിരുന്ന എഫ്.സി പുണെ സിറ്റിയെ ഏറ്റെടുത്ത് ഹൈദരാബാദ് എഫ്.സി. എന്ന് പേരുമാറ്റിയെടുത്ത വരുണ്‍ ത്രിപുരനേനിക്കും പരിശീലകന്‍ മനോളോ മാര്‍ക്വിസിനും അവകാശപ്പെടാവുന്ന നേട്ടം. ഒപ്പം ആല്‍ബര്‍ട്ടോ റോക്കക്കും താങ്ബോയ് സിങ്റ്റോയ്ക്കുമുള്ള ജയം.
2019-20 സീസണിലാണ് ഹൈദരാബാദ് എഫ്.സി ലീഗില്‍ കളി തുടങ്ങിയത്. ഫില്‍ ബ്രൗണ്‍ പരിശീലിപ്പിച്ച ടീം ആ സീസണില്‍ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ പുണെയെപ്പോലെ മറ്റൊരു ടീമെന്ന് ഫുട്ബോള്‍ പ്രേമികള്‍ എഴുതിത്തള്ളിയിടത്തുനിന്നാണ് ക്ലബ്ബ് ഉയര്‍ത്തെഴുന്നേറ്റത്. കഴിഞ്ഞ സീസണില്‍ മാര്‍ക്വീസിന്റെ കീഴില്‍ അഞ്ചാം സ്ഥാനത്തെത്തി. നേരിയ വ്യത്യാസത്തിനാണ് സെമി നഷ്ടപ്പെട്ടത്. മനോഹരമായി കളിക്കുന്ന ടീമെന്ന പേര് സ്വന്തമാക്കിയാണ് ടീം മടങ്ങിയത്. ഇത്തവണ സ്ഥിരതയോടെ കളിച്ച് കിരീടത്തിലേക്ക് എത്തി.
കിരീടനേട്ടത്തിന് ടീം കടപ്പെട്ടത് ബെംഗളൂരു എഫ്.സി.യുടെ മുന്‍ പരിശീലകനായ ആല്‍ബര്‍ട്ടോ റോക്കയോടാണ്. പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയതോടെ സീസണ്‍ അവസാനിക്കുംമുമ്പ് സ്പാനിഷ് പരിശീലകനെ ടീം പുന: സംഘടിപ്പിക്കാന്‍ മാനേജ്മെന്റ് കൊണ്ടുവരികയായിരുന്നു. റോക്കയാണ് ഇന്നത്തെ വിജയസംഘത്തിന്റെ കോര്‍ടീമിനെ ഉണ്ടാക്കിയെടുത്തത്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ ഫിറ്റ്നസ് കോച്ചായി വിളിവന്നതോടെയാണ് റോക്ക പോയതും മനോളോ വന്നതും.
യുവതാരങ്ങളുമായി വിജയമുണ്ടാക്കാമെന്ന് മനോളോ കാണിച്ചുതന്നു. കഴിഞ്ഞ സീസണില്‍ അരിഡാനെ സന്റാനയും ഇത്തവണ ബര്‍ത്തലോമ്യു ഒഗ്ബെച്ചയും മുഖ്യസ്ട്രൈക്കറാക്കി കളിച്ച ടീമില്‍ യുവരക്തത്തിനാണ് പ്രാധാന്യം നല്‍കിയത്. ആശിഷ് റായ്, ആകാശ് മിശ്ര, മുഹമ്മദ് യാസിര്‍, ഹിതേഷ് ശര്‍മ, രോഹിത് ഡാനു, അനികേത് യാദവ്, മലയാളി താരം മുഹമ്മദ് റാബിഹ് തുടങ്ങിയ യുവതാരങ്ങളെയെല്ലാം കൃത്യമായി ഉപയോഗിച്ചു. രണ്ടുവര്‍ഷംകൊണ്ട് സ്വന്തമായശൈലിയും മേല്‍വിലാസമുണ്ടാക്കാന്‍ ടീമിനായി. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് ക്ലബ്ബ് ഉടമ വരുണ്‍ ത്രിപുരനേനിക്ക് ഏറെ ഗുണം ചെയ്തു. യുവതാരങ്ങളെ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ടീമിന്റെ കിരീടനേട്ടം.
Content Highlights: hyderabad fc wins isl 2021-2022 title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..