ജയിച്ചിട്ടും മോഹന്‍ ബഗാന്‍ പുറത്ത്, ഹൈദരാബാദ് ഫൈനലില്‍


Published:

Updated:

3 min read
Read later
Print
Share

ആദ്യ പാദ സെമിയില്‍ ഹൈദരാബാദ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് മോഹന്‍ ബഗാനെ കീഴടക്കിയിരുന്നു.

Photo: twitter.com/IndSuperLeague

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരേ വിജയം നേടി ഹൈദരാബാദ് എഫ്.സി ഫൈനലില്‍. രണ്ടാം പാദ മത്സരത്തില്‍ തോല്‍വി വഴങ്ങിയിട്ടും ഹൈദരാബാദ് സെമിയിലെത്തി. ആദ്യ പാദ മത്സരത്തിലെ വിജയമാണ് ഹൈദരാബാദിന് തുണയായത്.

രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിട്ടും മോഹന്‍ ബഗാന്‍ പുറത്തായി. റോയ് കൃഷ്ണയാണ് ടീമിനായി ഗോളടിച്ചത്. എന്നാല്‍ ആദ്യ പാദ സെമിയില്‍ ഹൈദരാബാദ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് മോഹന്‍ ബഗാനെ കീഴടക്കിയിരുന്നു. ഇതോടെ ആകെ 3-2 എന്ന സ്‌കോറിന് ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സാണ് ഫൈനലില്‍ ഹൈദരാബാദിന്റെ എതിരാളി. മാര്‍ച്ച് 20 നാണ് ഫൈനല്‍.

വലിയ വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ സെക്കന്‍ഡ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആദ്യ അഞ്ചുമിനിറ്റില്‍ തന്നെ ഹൈദരാബാദ് ഗോള്‍മുഖത്ത് ഭീതി ജനിപ്പിക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു. ഏഴാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ജോണി കൗക്കോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി അത് തട്ടിയകറ്റി.

പിന്നാലെ പന്ത് സ്വീകരിച്ച പ്രബീര്‍ദാസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. നിരന്തരം ആക്രമണം അഴിച്ചുവിട്ട് മോഹന്‍ ബഗാന്‍ ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 19-ാം മിനിറ്റില്‍ പ്രബീര്‍ ദാസ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ കട്ടിമണി പിടിച്ചെടുത്തു.

22-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയുടെ മികച്ച ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 23-ാം മിനിറ്റിലാണ് ഹൈദരാബാദ് ആദ്യമായി ഒരു ഷോട്ട് മോഹന്‍ ബഗാന്‍ ഗോള്‍പോസ്റ്റിലേക്കടിച്ചത്. എന്നാല്‍ ഗോളടിയന്ത്രം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ കിക്ക് ഗോള്‍കീപ്പര്‍ അമരീന്ദര്‍ അനായാസം പിടിച്ചെടുത്തു.

31-ാം മിനിറ്റില്‍ ലിസ്റ്റണ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. സുവര്‍ണാവസരമാണ് ലിസ്റ്റണ്‍ പാഴാക്കിയത്. 34-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ അനികേത് മികച്ച ഹെഡ്ഡര്‍ അവസരം പാഴാക്കി.

38-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ഗോളടിച്ചെന്ന് തോന്നിച്ചു. പ്രബീര്‍ ദാസിന്റെ അതിമനോഹരമായ ക്രോസിന് കാലുവെച്ച് കൊടുക്കേണ്ട ആവശ്യമേ ബൗമസിനുണ്ടായിരുന്നുള്ളൂ. എന്നിട്ടും ബൗമസിന്റെ ശ്രമം പുറത്തേക്ക് പോയി. സഹതാരങ്ങള്‍ അത് അമ്പരപ്പോടെയാണ് കണ്ടുനിന്നത്. ഇന്‍ജുറി ടൈമില്‍ ലിസ്റ്റണ്‍ വീണ്ടും മികച്ച അവസരം തുലച്ചുകളഞ്ഞു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.


രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ റോയ് കൃഷ്ണ വലകുലുക്കിയെന്ന് കരുതിയെങ്കിലും അവിശ്വസനീയമാം വിധം പന്ത് തട്ടിയകറ്റി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി. പ്രബീര്‍ ദാസിന്റെ മനോഹരമായ ക്രോസിന് റോയ് കൃഷ്ണ കൃത്യമായി കാലുവെച്ചെങ്കിലും കട്ടിമണി ഷോട്ട് അത്ഭുതകരമായി രക്ഷപ്പെടുത്തി.

60-ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് മോഹന്‍ ബഗാന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ലിസ്റ്റണ് പിഴച്ചു. താരത്തിന്റെ കിക്ക് മോഹന്‍ ബഗാന്‍ പ്രതിരോധമതിലില്‍ ഇടിച്ച് തെറിച്ചു. 65-ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്റെ ക്രോസില്‍ റോയ്കൃഷ്ണ കാലുവെച്ചെങ്കിലും പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.

രണ്ടാം പകുതിയില്‍ ആക്രമണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി മോഹന്‍ബഗാന്‍ പ്രതിരോധതാരം സന്ദേശ് ജിംഗാനെ പിന്‍വലിച്ച് മുന്നേറ്റതാരം മന്‍വീറിനെ കൊണ്ടുവന്നു. അത് ഫലം കണ്ടു. മോഹന്‍ ബഗാന്റെ ആക്രമണങ്ങള്‍ക്ക് വീര്യം കൂടി. അതിന്റെ ഭാഗമായി ടീം 79-ാം മിനിറ്റില്‍ ലീഡെടുത്തു. റോയ് കൃഷ്ണയാണ് മോഹന്‍ ബഗാന് വേണ്ടി വലകുലുക്കിയത്. ലിസ്റ്റണ്‍ കൊളാസോയുടെ മനോഹരമായ ക്രോസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് കൃഷ്ണ ടീമിന് ആശ്വാസം പകര്‍ന്നു.

ഇതോടെ കളി ആവേശത്തിലായി. പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹൈദരാബാദ് നേരിയ ആക്രമണവും കാഴ്ചവെച്ചു. അവസാന അഞ്ചുമിനിറ്റില്‍ ആക്രമണം വീണ്ടും ശക്തിപ്പെടുത്താന്‍ പ്രതിരോധ താരം കാള്‍ മക്ഹ്യുവിന് പകരം മുന്നേറ്റതാരം ഡേവിഡ് വില്യംസിനെ മോഹന്‍ ബഗാന്‍ ഇറക്കി.

ഏഴുമിനിറ്റാണ് അധികസമയമായി ലഭിച്ചത്. ഇന്‍ജുറി ടൈമില്‍ കൗകോവിന് മികച്ച അവസരം ലഭിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം അതിനെ സമര്‍ത്ഥമായി നേരിട്ടു. ഇന്‍ജുറി ടൈമില്‍ പരമാവധി ശ്രമിച്ചിട്ടും മോഹന്‍ ബഗാന് രണ്ടാം ഗോള്‍ നേടാനായില്ല. ഇതോടെ ഹൈദരാബാദ് ആദ്യ മത്സരത്തിലെ വിജയത്തോടെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: hyderabad fc vs atk mohun bagan isl semi final second leg match live updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented