Photo: twitter.com|IndSuperLeague
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഒഡിഷ എഫ്.സിയെ സമനിലയില്‍ തളച്ച് എഫ്.സി ഗോവ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോവയ്ക്ക് വേണ്ടി ഐവാന്‍ ഗോണ്‍സാലസും ഒഡിഷയ്ക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റിയനും ഗോളടിച്ചു.
ഈ സമനിലയോടെ ഒഡിഷ പോയന്റ് പട്ടികയില്‍ ഏഴാമതും ഗോവ എട്ടാമതും തുടരുന്നു. ഒഡിഷയ്ക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഗോവ എട്ട് പോയന്റ് നേടി.
മത്സരത്തിന്റെ തുടക്കം തൊട്ട് ഗോവയും ഒഡിഷയും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും ഒരു പടി പിന്നില്‍ നിന്നു. മൂന്നാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വന്നത്. ഒഡിഷയുടെ നന്ദന്‍കുമാര്‍ ശേഖറിന്റെ മികച്ച ലോങ്റേഞ്ചര്‍ ഗോവയുടെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
16-ാം മിനിട്ടില്‍ ഒഡിഷയുടെ ജൊനാതാസ് ക്രിസ്റ്റ്യന്റെ ഹെഡ്ഡര്‍ ശ്രമം ഗോവന്‍ പ്രതിരോധം വിഫലമാക്കി. 20-ാം മിനിട്ടില്‍ എയ്റന്‍ കാബ്രെറ പരിക്കേറ്റ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടി സമ്മാനിച്ചു. കാബ്രെറയ്ക്ക് പകരം ലോങ്ഡാംബ നയോറം ഗ്രൗണ്ടിലെത്തി.
26-ാം മിനിട്ടിലാണ് ഗോവയുടെ മത്സരത്തിലെ ആദ്യ ആക്രമണം കണ്ടത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ആല്‍ബര്‍ട്ടോ നൊഗുവേര തൊടുത്ത ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ കമല്‍ജീത് സിങ് തട്ടിയകറ്റി.
36-ാം മിനിട്ടില്‍ നൊഗുവേരയ്ക്ക് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. സാവിയര്‍ ഗാമയുടെ മനോഹരമായ പാസില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ നൊഗുവേരയ്ക്ക് അവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ കമല്‍ജീത് അത്ഭുതകരമായി തട്ടിയകറ്റി.
എന്നാല്‍ വൈകാതെ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ഗോവ ഗോളടിച്ചു. 42-ാം മിനിട്ടില്‍ ഐവാന്‍ ഗോണ്‍സാലസാണ് ഗോവയ്ക്ക് വേണ്ടി വലകുലുക്കിയത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിനകത്തേക്ക് വന്ന കോര്‍ണര്‍ കിക്കിന് തലവെച്ച ഐബാന് ഡോഹ്ളിങ്ങില് നിന്ന് പന്ത് ഗോണ്‍സാലസിന്റെ കാലിലെത്തി. ഗോണ്സാലസിന് പന്ത് പോസ്റ്റിലേക്ക് തട്ടിയിടേണ്ട കാര്യമേ വന്നുള്ളൂ. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയത് ഒഡിഷയായിരുന്നുവെങ്കിലും ഗോളടിക്കാന്‍ ഗോവയ്ക്ക് കഴിഞ്ഞു.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി ഒഡിഷ കിണഞ്ഞുപരിശ്രമിച്ചു. 51-ാം മിനിട്ടില്‍ ഒഡിഷയുടെ ജൊനാതാസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ഗോളടിക്കാനുള്ള ശ്രമം പാഴായി.
പക്ഷെ തൊട്ടടുത്ത മിനിട്ടില്‍ ജൊനാതാസ് ഗോളടിച്ചുകൊണ്ട് പ്രായശ്ചിത്വം ചെയ്തു. നന്ദകുമാര്‍ ശേഖറിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ നന്ദകുമാര്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പാസ് ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് തട്ടിയെങ്കിലും പന്ത് നേരെ ജൊനാകാസിന്റെ കാലിലേക്കാണ് വന്നത്. പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ട് ജൊനാതാസ് ഒഡിഷയുടെ രക്ഷകനായി. ഇതോടെ കളി ആവേശത്തിലായി.
ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞു. 60-ാം മിനിട്ടില്‍ നന്ദകുമാര്‍-ജൊനാതാസ് സഖ്യം വീണ്ടും ഗോവന്‍ പോസ്റ്റില്‍ അപകടം വിതച്ചെങ്കിലും പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 65-ാം മിനിട്ടില്‍ മലയാളി താരം നെമില്‍ ഗോവയ്ക്ക് വേണ്ടി കളിക്കാനിറങ്ങി.
72-ാം മിനിട്ടില്‍ ഗോവയുടെ ഫോക്സ് സെല്‍ഫ് ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് രക്ഷപ്പെട്ടു. ഇത് പിടിച്ചെടുത്ത ലിറിഡോണ്‍ ക്രാസ്നികി വീണ്ടും വലയിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍ ലൈനില്‍ നിന്ന് ഐബാന് ഹെഡ്ഡറിലൂടെ ഷോട്ട് രക്ഷപ്പെടുത്തി.
മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ ഒഡിഷയുടെ ലിറിഡോണ്‍ ക്രാസ്നികി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ മനോഹരമായ ഷോട്ട് ഗോള്‍ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നീട് കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. മത്സരം സമനിലയില്‍ കലാശിച്ചു.
Content Highlights: FC Goa vs Odisha FC ISL 2021-2022 live score updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..