ഇന്ത്യന്‍ സൂപ്പര്‍ലീഗിനെ പ്രതിസന്ധിയിലാഴ്ത്തി കോവിഡ്; ലീഗ് മാറ്റിവെക്കാനോ, റദ്ദാക്കാനോ സാധ്യത


അനീഷ് പി. നായര്‍

2 min read
Read later
Print
Share

Photo: twitter.com/KeralaBlasters

കോഴിക്കോട്: കോവിഡ് -19 വ്യാപനം ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിനെ പിടിച്ചുലയ്ക്കുന്നു. ശനിയാഴ്ചത്തെ എ.ടി.കെ. മോഹന്‍ബഗാന്‍-ബെംഗളൂരു എഫ്.സി. മത്സരം മാറ്റിയതിനുപിന്നാലെ ഞായറാഴ്ച നിശ്ചയിച്ച കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരവും അനിശ്ചിതത്വത്തിലാണ്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലീഗ് മാറ്റിവെക്കാനോ, റദ്ദാക്കാനോ സാധ്യതയുണ്ട്.

സൂപ്പര്‍ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞെന്നാണ് അറിയുന്നത്. എഫ്.സി. ഗോവയില്‍ ഒമ്പത് കേസുകളുണ്ടെന്ന് നായകന്‍ എഡു ബേഡിയതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒഡീഷ എഫ്.സി, ചെന്നൈയിന്‍, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്.

പരിശീലനമില്ലാതെ ടീമുകള്‍

കടുത്ത ബയോ ബബിളിലാണ് സൂപ്പര്‍ലീഗ് ടീമുകള്‍. എന്നാല്‍, എ.ടി.കെ. താരം റോയ് കൃഷ്ണയ്ക്ക് രോഗം ബാധിച്ചതോടെയാണ് പ്രതിസന്ധിയായത്. എ.ടി.കെ- ഒഡീഷ മത്സരം ഇതോടെ മാറ്റിവെച്ചു. രോഗം ബാധിക്കാത്ത 15 താരങ്ങളുണ്ടെങ്കില്‍ ടീമിന് കളിക്കാന്‍ ഇറങ്ങാം. മറിച്ചൊരു സാഹചര്യമാണെങ്കില്‍ എതിര്‍ ടീമിന് ജയവും പോയന്റും ലഭിക്കുമെന്നാണ് ലീഗ് ചട്ടം. എന്നിട്ടും ബഗാന്‍- ഒഡീഷ മത്സരം മാറ്റിവെച്ചത് ഇരു ക്ലബ്ബുകളുടേയും ആശങ്ക കാരണമായിരുന്നു. ഇതേ ചട്ടം നിലനില്‍ക്കെ എ.ടി.കെ- ബെംഗളൂരു മത്സരംകൂടി മാറ്റിയതോടെ കൂടുതല്‍ കേസുകള്‍ ക്ലബ്ബുകളിലുണ്ടാകാനാണ് സാധ്യത.

കോവിഡ് ഭീതികാരണം ക്ലബ്ബുകള്‍ പരിശീലനം നടത്തുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി പരിശീലനം നടത്തുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മറ്റു ക്ലബ്ബുകളുടെ അവസ്ഥയും ഇതേപോലെയാണ്.

ട്രാന്‍സ്ഫര്‍ വിലക്ക്

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി ക്ലബ്ബുകള്‍ താരങ്ങളെ എടുത്തെങ്കിലും ഇവരെ ബബിളിലേക്ക് കയറ്റാന്‍ അനുമതി നല്‍കിയിട്ടില്ല. നിലവില്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ക്ലബ്ബ് മാറാന്‍മാത്രമാണ് അനുമതി നല്‍കിയത്. പുതിയതാരങ്ങളുടെ വരവ് സ്ഥിതി ഗുരുതരമാക്കുമെന്ന ആശങ്കയാണ് കാരണം.

ലീഗിന്റെ ഭാവി

ജനുവരി 20-ന് ഉന്നതതലയോഗം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ലീഗിന്റെ ഭാവിയെക്കുറിച്ച് തീരുമാനമുണ്ടാകും. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെങ്കില്‍ ലീഗ് സസ്‌പെന്‍ഡു ചെയ്യാനാണ് സാധ്യത. ലീഗ് മാറ്റിവെക്കുന്നത് കൂടുതല്‍ സാമ്പത്തികബാധ്യത വരുത്തുമെന്ന ആശങ്ക ക്ലബ്ബുടമകള്‍ക്കുണ്ട്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കളിക്കാരുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആശങ്ക മാറിയാല്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് മത്സരം; എതിരാളി മുംബൈ സിറ്റി എഫ്.സി.

മഡ്ഗാവ്: വിജയകുതിപ്പ് തുടരാമെന്ന പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ച്ച നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയാണ് എതിരാളി. രാത്രി 7.30 നാണ് കളി.

Content Highlights: covid puts Indian Super League in crisis Possibility to postpone or cancel the league

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented