Photo: twitter.com/IndSuperLeague
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എസ്.സി.ഈസ്റ്റ് ബംഗാളിനെതിരേ ബെംഗളൂരു എഫ്.സിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ ബെംഗളൂരുവിന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചു.
ബെംഗളൂരുവിനായി നായകന് സുനില്‍ ഛേത്രിയാണ് വിജയഗോള്‍ നേടിയത്. വിജയത്തോടെ സീസണ് അവസാനിപ്പിക്കാന്‍ ബെംഗളൂരുവിന് സാധിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ടീം. 20 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും നേടിയ ബെംഗളൂരു ഏഴ് തോല്‍വിയും ഏറ്റുവാങ്ങി. 29 പോയന്റാണ് ആകെ സമ്പാദ്യം.
മറുവശത്ത് ഈസ്റ്റ് ബംഗാള്‍ നാണക്കേടില്‍ മുങ്ങി. അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. 20 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങളില്‍ സമനില നേടിയപ്പോള്‍ 11 എണ്ണത്തില്‍ ടീം തോറ്റു. വെറും 11 പോയന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രതിരോധതാരം യായ ബനാന നല്കിയ ലോങ് പാസ് ബോക്സിനകത്ത് നിന്ന് സ്വീകരിച്ച ഛേത്രി പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഛേത്രിയുടെ ഐ.എസ്.എല്ലിലെ ആകെയുള്ള ഗോള്‍നേട്ടം 51 ആയി ഉയര്‍ന്നു. ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഛേത്രി. ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരവും ഛേത്രിയാണ്.
30-ാം മിനിറ്റില്‍ ബെംഗളൂരു ലീഡുയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും നടന്നില്ല. ഉദാന്ത സിങ്ങിന്റെ മനോഹരമായ ലോങ് റേഞ്ചര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ പോസ്റ്റിലിടിച്ച് തെറിച്ചു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഈസ്റ്റ് ബംഗാളിന് ലഭിച്ചങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
Content Highlights: bengaluru fc vs sc east bengal isl 2021-2022 match result
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..