Photo: twitter.com/IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയ്ക്കെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബെംഗളൂരു എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു വിജയം നേടിയത്.
ബെംഗളൂരുവിനായി ഡാനിഷ് ഫാറൂഖ് ഭട്ടും ക്ലെയിറ്റണ് സില്‍വയും ലക്ഷ്യം കണ്ടപ്പോള്‍ നന്ദകുമാര്‍ ഒഡിഷയുടെ ആശ്വാസഗോള്‍ നേടി.
ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരങ്ങളില്‍ നിന്ന് 26 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 22 പോയന്റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് ഒഡിഷ ലീഡെടുത്തു. നന്ദകുമാറാണ് ഒഡിഷയ്ക്ക് വേണ്ടി വലകുലുക്കിയത്. ഒഡിഷയുടെ ജൊനാതാസ് പാഴാക്കിയ അവസരം മുതലെടുത്താണ് നന്ദകുമാര്‍ ഗോളടിച്ചത്. ബെംഗളൂരു ബോക്സിനകത്തുവെച്ച് പന്ത് ലഭിച്ച ജൊനാതാസ് ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ പന്ത് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. ഷോട്ട് ഗോള്‍കീപ്പര്‍ ശര്‍മ തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് നന്ദകുമാറിന്റെ കാലിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് നന്ദകുമാര്‍ ടീമിന് ലീഡ് സമ്മാനച്ചു.
എന്നാല്‍ ഒഡിഷയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖ് ഭട്ടിലൂടെ ബെംഗളൂരു സമനില ഗോള്‍ നേടി. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കിന് അതിമനോഹരമായി തലവെച്ച ഫാറൂഖ് മികച്ച ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഒഡിഷയ്ക്ക് വേണ്ടി ലീഡുയര്‍ത്താന്‍ കിട്ടിയ സുവര്‍ണാവസരം നന്ദകുമാര്‍ തുലച്ചു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പാസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ച് തെറിച്ചു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ബെംഗളൂരു ആക്രമണം ശക്തമാക്കിയതോടെ ഒഡിഷ വിയര്‍ത്തു. 48-ാം മിനിറ്റില്‍ തന്നെ രണ്ടാം ഗോള്‍ നേടിക്കൊണ്ട് ബെംഗളൂരു മത്സരത്തില്‍ ആദ്യമായി ലീഡെടുത്തു. സൂപ്പര്‍ താരം ക്ലെയിറ്റണ് സില്‍വയാണ് ഗോളടിച്ചത്. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്സിനകത്തുവെച്ച് ബെംഗളൂരുവിന്റെ ഉദാന്ത സിങ്ങിനെ ഒഡിഷയുടെ ലാല്‍റുവത്താര വീഴ്ത്തി. ഇതിന്റെ ഫലമായി ബെംഗളൂരുവിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ലാല്‍റുവത്താരയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. കിക്കെടുത്ത സില്‍വ അനായാസം ലക്ഷ്യം കണ്ടതോടെ ബെംഗളൂരു 2-1 ന് മുന്നിലെത്തി.
53-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും ബെംഗളൂരുവിന് അത് മുതലാക്കാനായില്ല. പന്തുമായി ബോക്സിനകത്തേക്ക് കുതിച്ച പ്രിന്‍സ് ഇബാറ ഒഡിഷ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും തകര്‍പ്പന്‍ സേവിലൂടെ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് അത് വിഫലമാക്കി. കമല്‍ജിത് രക്ഷിച്ചെടുത്ത പന്ത് നേരെയെത്തിയത് ബെംഗളൂരുവിന്റെ റാമിറസിന്റെ കാലിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റ് ലഭിച്ചിട്ടും റാമിറസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചു. 75-ാം മിനിറ്റില്‍ ഒഡിഷയുടെ ഐസക്കിന്റെ ഗോളെന്നുറച്ച കിടിലന്‍ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സമനില ഗോള്‍ നേടാനായി ഒഡിഷ കഠിനപ്രയത്നം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
Content Highlights: bengaluru fc, odisha fc, isl 2021-2022, match result, isl, indian super league, isl match result
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..