Photo: twitter.com|IndSuperLeague
ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജംഷേദ്പുരിന്റെ വിജയം.
ജംഷേദ്പുരിനായി സെയ്മിന്‍ ലെന്‍ ദുംഗലും അലക്‌സ് ലിമയും ലക്ഷ്യം കണ്ടപ്പോള്‍ പ്രീതം കോട്ടാല്‍ മോഹന്‍ ബഗാന്റെ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. പുതിയ സീസണില്‍ ഒരു മത്സരത്തില്‍ പോലും ജംഷേദ്പുര്‍ തോറ്റിട്ടില്ല.
മറുവശത്ത് താരസമ്പന്നമായ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരുടീമുകളും ആക്രമിച്ച് കളിച്ചുതുടങ്ങി. മികച്ച പാസുകളുമായി ജംഷേദ്പുരിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് എ.ടി.കെ മോഹന്‍ ബഗാനാണ്. നാലാം മിനിറ്റില്‍ തന്നെ ജംഷേദ്പുരിന്റെ എലി സാബിയയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വന്നത്. പന്തുമായി മുന്നേറിയ റോയ് കൃഷ്ണയുടെ ഷോട്ട് ജംഷേദ്പുര്‍ സൈഡ് നെറ്റില്‍ തട്ടി തെറിച്ചു.
34-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ ഗ്രെഗ് സ്റ്റ്യൂവര്‍ട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ലോങ്‌ഷോട്ട് മികച്ച ഡൈവിലൂടെ മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ് തട്ടിയകറ്റി. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മോഹന്‍ ബഗാനെ ഞെട്ടിച്ചുകൊണ്ട് ജംഷേദ്പുര്‍ മത്സരത്തില്‍ ലീഡെടുത്തു.
37-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സെയ്മിന്‍ലെന്‍ ദുംഗലാണ് ജംഷേദ്പുരിനുവേണ്ടി വലകുലുക്കിയത്. പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് കുതിച്ച ജിതേന്ദ്ര സിങ് നീട്ടി നല്‍കിയ പാസ് സ്വീകരിച്ച ദുംഗല്‍ തകര്‍പ്പന്‍ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ പേരുകേട്ട മോഹന്‍ ബഗാന്‍ നിര പ്രതിരോധത്തിലായി.
42-ാം മിനിട്ടില്‍ മോഹന്‍ ബഗാന് വേണ്ടി റോയ് കൃഷ്ണ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും എലി സാബിയയുടെ ഗോള്‍ ലൈനില്‍ നിന്നുള്ള രക്ഷപ്പെടുത്തല്‍ ജംഷേദ്പുരിന് തുണയായി. റോയ് കൃഷ്ണുടെ ഷോട്ട് മലയാളി ഗോള്‍കീപ്പര്‍ രഹനേഷിനെ മറികടന്ന് ഗോള്‍ വര മുറിച്ച് കടക്കുന്ന സമയത്ത് ഓടിവനംന സാബിയ ഗോള്‍ ലൈനില്‍ വെച്ച് പന്ത് പുറത്തക്കടിച്ച് വലിയ അപകടം ഒഴിവാക്കി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി മോഹന്‍ ബഗാന്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ ജംഷേദ്പുര്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലിയടക്കമുള്ള ജംഷേദ്പുര്‍ പ്രതിരോധം മോഹന്‍ ബഗാന്റെ ശ്രമങ്ങളെല്ലാം വിഫലമാക്കി. ഒപ്പം മികച്ച പ്രത്യാക്രമണങ്ങളും ജംഷേദ്പുര്‍ കാഴ്ചവെച്ചു.
72-ാം മിനിട്ടില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറുകയായിരുന്ന മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിനെ വീഴ്ത്തിയ പ്രണോയ് ഹാല്‍ദര്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. പ്രണോയിയുടെ ഫൗളില്‍ ദേഷ്യം പൂണ്ട ബൗമസ് ജംഷേദ്പുര്‍ താരത്തെ തള്ളി നിലത്തിട്ടു. ഇതോടെ താരങ്ങളെല്ലാം തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി.ഹാല്‍ദറിനെ തള്ളിയിട്ടതിന് ബൗമസിനും മഞ്ഞക്കാര്‍ഡ് കിട്ടി.
83-ാം മിനിട്ടില്‍ സ്റ്റ്യുവര്‍ട്ടിന് പകരക്കാരനായി ഗ്രൗണ്ടിലെത്തിയ അലക്‌സ് ലിമ ആദ്യ ടച്ചില്‍ തന്നെ ഗോളടിച്ച് ജംഷേദ്പുരിന് ഇരട്ടി സന്തോഷം നല്‍കി. ബോക്‌സിനകത്തേക്ക് ബോറിസ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ലിമ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ജംഷേദ്പുര്‍ വിജയമുറപ്പിച്ചു.
എന്നാല്‍ 89-ാം മിനിട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പ്രീതം കോട്ടാല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ രഹനേഷ് തട്ടിയകറ്റിയ പന്ത് അബദ്ധവശാല്‍ മോഹന്‍ ബഗാന്റെ അശുതോഷ് മെഹതയുടെ കാലില്‍ തട്ടി വലയിലേക്ക് തന്നെ തെറിച്ചു. പന്ത് ഗോള്‍ലൈനിനടുത്തുനിന്ന പ്രീതം കോട്ടാലിന്റെ കാലിലുരസി വലയിലെത്തി.
വൈകാതെ മത്സരം ജംഷേദ്പുര്‍ സ്വന്തമാക്കി. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ജംഷേദ്പുരിനുള്ളത്. മോഹന്‍ ബഗാന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണുള്ളത്.
Content Highlights: ATK Mohun Bagan vs Jamshedpur FC ISL match live score
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..