Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശഭരിതമായ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ബെംഗളൂരു എഫ്.സി. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ബെംഗളൂരുവിനുവേണ്ടി ക്ലെയിറ്റണ്‍ സില്‍വ, ഡാനിഷ് ഫാറൂഖ് ഭട്ട്, പ്രിന്‍സ് ഇബാറ എന്നിവര്‍ ലക്ഷ്യം കണ്ടു. സുഭാശിഷ് ബോസ്, ഹ്യൂഗോ ബൗമസ്, റോയ് കൃഷ്ണ എന്നിവരാണ് മോഹന്‍ ബഗാന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
ഈ സമനിലയോടെ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള എ.ടി.കെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുള്ള ബെംഗളൂരു ഒന്‍പതാം സ്ഥാനത്താണ്.
മത്സരത്തിന്റെ 13-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടുകൊണ്ട് സുഭാശിഷ് ബോസ് മോഹന്‍ ബഗാന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 18-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്ലെയിറ്റണ്‍ സില്‍വ ബെംഗളൂരുവിന് സമനില നല്‍കി.
പിന്നാലെ 26-ാം മിനിട്ടില്‍ ബെംഗളൂരു ഒരു ഗോള്‍ കൂടി നേടി. ഡാനിഷ് ഫാറൂഖ് ഭട്ടാണ് ബെംഗളൂരുവിന് നിര്‍ണായ ലീഡ് സമ്മാനിച്ചത്. എന്നാല്‍ ബെംഗളൂരുവിന്റെ സന്തോഷത്തിന് 12 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഈ സീസണില്‍ മുംബൈ സിറ്റി എഫ്.സിയില്‍ നിന്ന് മോഹന്‍ബഗാനിലെത്തിയ ഹ്യൂഗോ ബൗമസ് കൊല്‍ക്കത്ത ടീമിനായി സമനില ഗോള്‍ നേടി. ഇതോടെ ആദ്യപകുതി 2-2 എന്ന നിലയിലായി.
രണ്ടാം പകുതിയിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇരുടീമും കാഴ്ചവെച്ചത്. 58-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണ മോഹന്‍ ബഗാന് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാല്‍ 72-ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ട് പ്രിന്‍സ് ഇബാറ ബെംഗളൂരുവിന് സമനില സമ്മാനിച്ചു. പിന്നീട് വിജയഗോള്‍ നേടാനായി ഇരുടീമുകളും കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
Content Highlights: ATK Mohun Bagan vs Bengaluru FC ISL 2021-2022


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..