Photo: twitter.com|IndSuperLeague
കോഴിക്കോട്: സീസണിലെ ആറ് മത്സരങ്ങള്‍കൊണ്ട് ഒരു ഫുട്ബോള്‍ ടീമിനേയും വിലയിരുത്താന്‍ കഴിയില്ല. എന്നാല്‍, ടീമിന്റെ മനോഭാവവും കളിരീതിയും വ്യക്തമാകാന്‍ ഇത്രയും കളികള്‍ മതിയാകും. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ബ്ലാസ്റ്റേഴ്സ് എത് കൊമ്പന്മാരെയും വീഴ്ത്താന്‍ കഴിയുന്ന, അതേസമയം ഏത് ടീമിനോടും തോല്‍ക്കുകയും ചെയ്യുന്ന കൂട്ടമാണ്.
പോസിറ്റീവ് വുകോ
ഗെയിമിനെ മാറ്റിമറിക്കാന്‍ കഴിയുന്ന മാസ്റ്റര്‍ ടാക്റ്റീഷ്യനെന്ന വിശേഷണം ഒരുകാലത്തും ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ചിന് ലഭിച്ചിട്ടില്ല. എങ്കിലും പരിമിതമായ വിഭവങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന മാന്‍ മാനേജ്മെന്റ് പരിശീലകനാണ്.
4-2-3-1 എന്ന ഇഷ്ടശൈലി മാറ്റിവെച്ചാണ് പ്രതിരോധത്തിന് പ്രാധാന്യം നല്കുന്ന 4-4-2 ഫ്ളാറ്റ് ശൈലിയില്‍ കഴിഞ്ഞ ആറ് മത്സരത്തിലും വുകോ ബ്ലാസ്റ്റേഴ്സിനെ കളിപ്പിച്ചത്.
ആറ് കളിയിലും എതിരാളിയെ ഞെട്ടിക്കുന്ന തന്ത്രങ്ങളൊന്നും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടില്ല. പ്രത്യാക്രമണങ്ങളിലൂടെ ഗോള്‍ നേടുകയും അല്ലാത്ത സമയങ്ങളില്‍ എതിരാളിയെ ചെറുത്തുനില്ക്കുകയുമെന്ന അടിസ്ഥാനതന്ത്രമാണ് ടീം പുറത്തെടുക്കുന്നത്. എന്നാല്‍, തിരിച്ചടികളെ അനുകൂല ഘടകമാക്കി മാറ്റാന്‍ വുകോമാനോവിച്ചിന് കഴിയുന്നുണ്ട്. എനെസ് സിപോവിച്ച് എന്ന പ്രതിരോധനിരക്കാന്‍ പുറത്തുപോയത് തിരിച്ചടിയല്ല, മുന്നേറ്റം ശക്തിപ്പെടുത്താനുള്ള അവസരമാണെന്നു പറയുന്ന പരിശീലകന് ടീമിന് നല്കുന്ന പ്രചോദനമാണ് യഥാര്‍ഥ കരുത്ത്.
ഗെയിംപ്ലാന്‍
ജീക്സന് സിങ്ങിനെയും പുടിയയെയും കൃത്യമായി ഡിഫന്‍സീവ് ജോലി എല്പ്പിച്ച ശേഷം സഹലിനെയും അഡ്രിയന്‍ ലൂണയെയും ആക്രമണത്തിനുപുറമെ പന്ത് തിരിച്ചെടുക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തന്ത്രം വിജയകരമാണ്.
ലൂണയും സഹലും ഇക്കാര്യത്തില്‍ മിടുക്കരുമാണ്. ജീക്സനും പുടിയയും ചേര്‍ന്ന് സെന്‍ട്രല്‍ ഡിഫന്‍സിന് മുന്നിലുള്ള ഭാഗത്ത് എതിരാളികള്‍ക്ക് സ്പേസ് അനുവദിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നത് ഗുണകരമാണ്. മുംബൈക്കെതിരെയാണ് ഇവര്‍ ഈ റോള്‍ കണിശതോടെ നിര്‍വഹിച്ചത്.
മുന്നേറ്റത്തില്‍ യോര്‍ഗെ ഡയസും വാസ്ക്വസും കളിക്കുമ്പോള്‍ ആക്രമണത്തില്‍ ബ്ലാസ്റ്റേഴ്സിന് കൃത്യമായ മേല്‍ക്കൈ ലഭിക്കും. ഡയസിനെ അറ്റാക്കിങ് തേര്‍ഡില്‍ പടര്ന്നുകളിക്കാന് വിട്ട് തൊട്ടുപിന്നിലാണ് വാസ്ക്വസ് കളിക്കുന്നത്. ക്ലിനിക്കല്‍ ഫിനിഷറായ വാസ്ക്വസിനെ ഈ രീതിയില്‍ ഉപയോഗിച്ച തന്ത്രം മുംബൈക്കെതിരേ വലിയ വിജയമായി.
അഡ്രിയന്‍ ലൂണയും സഹലും വിങ്ങില്‍ കളിക്കുന്നതോടെ മുന്നേറ്റത്തില്‍ നാല്‍വര്‍ സംഘമായി. സഹല്‍- ലൂണ സഖ്യം ആക്രമണത്തിനും പ്രതിരോധത്തിനും ഉപകരിക്കുന്നതോടെ, സെന്‍ട്രന്‍ ഡിഫന്‍ഡര്‍മാര്‍ക്കൊപ്പം ജീക്സന് - പുടിയ സഖ്യത്തെ ചേര്‍ത്തുവെച്ച് മധ്യ - പ്രതിരോധത്തില്‍ മറ്റൊരു നാല്‍വര്‍ സംഘത്തെക്കൂടി സൃഷ്ടിക്കാന്‍ കഴിയുന്നു. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗതി നിര്‍ണയിക്കുന്നത് ജീക്സന്- പുടിയ സഖ്യത്തിന്റെ അറ്റാക്കിങ്-ഡിസ്ട്രോയിങ് ശേഷിയായിരിക്കും.
Content Highlights: Adrian Luna, Sahal Abdul Samad, Alvaro Vasquez, Jorge Pereyra Diaz; The four people behind Kerala Blasters Progress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..