Photo: twitter.com|IndSuperLeague
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പ്രതീക്ഷിച്ച 'സ്ഫോടന'ങ്ങളിലേക്കുണരുമ്പോള് 'ഹൈലി എക്സ്പ്ലോസീവാ'യി ഒരു താരം അവരുടെ നിരയിലുണ്ട്... അഡ്രിയാന്‍ ലൂണ. യുറഗ്വായ് താരമായ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ഹീറോ ഓഫ് ദി മാച്ച് ആയിരുന്നു. തകര്‍പ്പന്‍ കളിയോടെ പുതിയ പ്രതീക്ഷകളിലേക്ക് പന്തുതട്ടുന്ന ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീല്‍ഡ് ജനറലായ ലൂണ വിശേഷങ്ങള്‍ പങ്കിട്ട് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍
കളിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതെന്നു ചോദിച്ചാല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്നാണ് എന്റെ ഉത്തരം. ആ പൊസിഷനില്‍ കളിക്കുന്നതാണ് ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നത്. എന്നാല്‍, ടീമും സാഹചര്യവും ആവശ്യപ്പെടുന്നതനുസരിച്ച് ഏതു പൊസിഷനില്‍ കളിക്കേണ്ടിവന്നാലും അതിനു തയ്യാറാണ്. ഏതു പൊസിഷനില്‍ കളിച്ചാലും ഐ.എസ്.എലിന്റെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഒരു വിജയസംഘമായി മാറ്റുകയാണ് എന്റെ മുന്നിലുള്ള ആദ്യലക്ഷ്യം.
ഒഡിഷയ്ക്കെതിരായ മത്സരമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഏറെ ആസ്വദിച്ചത്. ഈ സീസണിലെ ഞങ്ങളുടെ ആദ്യ ജയം ഒഡിഷയ്ക്കെതിരേയായിരുന്നു. ഗോളടിക്കാന്‍ വാസ്ക്വസിനും പ്രശാന്തിനും നല്കിയ ത്രൂബോളിനെക്കുറിച്ച് എല്ലാവരും ആവേശത്തോടെ പറയുന്നു. വാസ്ക്വസിന് ആ ത്രൂബോള്‍ നല്കുമ്പോള് എന്റെ മനസ്സും അവന്റെ മനസ്സും ഒരുപോലെയാണ് അതു വായിച്ചെടുത്തത്.
മെസ്സിയും ട്യൂണ ഫിഷും
ലോകഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം ലയണല്‍ മെസ്സിയാണ്. പെപ് ഗാര്‍ഡിയോളയും മെസ്സിയുമുണ്ടായിരുന്ന കാലത്ത് ബാഴ്സലോണയായിരുന്നു ഇഷ്ട ടീം. എന്നാല്‍, ഇപ്പോള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോടാണ് കൂടുതല്‍ ഇഷ്ടം. ഇഷ്ടഭക്ഷണം ടാക്കോസ് മെക്സികാനോലും ട്യൂണ കാവിച്ചേയുമാണ്.
സ്പാനിഷും ഫ്രണ്ട്സും
ഹോട്ടലിലും യാത്രയിലുമൊക്കെ വാസ്ക്വസും യോര്‍ഗെ ഡയസും ഞാനും തമ്മിലാണ് കൂടുതല്‍ സംസാരിക്കാറുള്ളത്. അതിനു കാരണം വളരെ ലളിതം, ഞങ്ങള്‍ മൂന്നുപേരും സ്പാനിഷ് ഭാഷയിലാണ് സംസാരിക്കുന്നത്. ടീമിലെ മറ്റുള്ളവരുടെ അടുത്തുചെന്നിരുന്നു സംസാരിക്കാനും എനിക്ക് ഒരുപാടിഷ്ടമാണ്. അവരുടെ ഭാഷ അത്ര അറിയില്ലെങ്കിലും സംസാരിച്ചു തുടങ്ങിയാല്‍ രസമാണ്. ടീമിലെ മലയാളി താരങ്ങളായ സഹലും രാഹുലും പ്രശാന്തുമൊക്കെ മികച്ച പ്രതിഭയുള്ളവരാണ്.
Content Highlights: adrian luna kerala blasters midfield general
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..