Photo: AFP, AP
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു മേയ് 21 ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ആവേശകരമായ മത്സരത്തില്‍ ബാംഗ്ലൂരിന്റെ ഹൃദയം തകര്‍ത്ത് ഗുജറാത്ത് വിജയം നേടി. മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി നിന്നത് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയുടെയും ഭാവി വാഗ്ദാനമായ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളാണ്. രണ്ട് പേരും ഒരേ റെക്കോഡ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി കോലി ഒറ്റയ്ക്ക് പൊരുതി സെഞ്ചുറി നേടി. 61 പന്തില്‍നിന്ന്
പുറത്താവാതെ 101 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച റെക്കോഡ് കോലി മറികടന്നു. മറ്റൊരു റെക്കോഡും കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് ഐ.പി.എല്‍ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. ശിഖര്‍ ധവാന്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഗില്ലും അടിച്ചുതകര്‍ത്തു. ഗില്ലിന്റെ അപരാജിത സെഞ്ചുറിയുടെ മികവില്‍ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്നുടഞ്ഞു. വെറും 52 പന്തുകളില്‍ നിന്ന് പുറത്താവാതെ 104 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഗില്ലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ഗില്ലും കോലിയെപ്പോലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് നേരത്തേ സെഞ്ചുറി നേടിയത്. ഇതോടെ തുടര്‍ച്ചയായി ഐ.പി.എല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്ററായി ഗില്‍ മാറി. ഇതോടെ കോലിയും ഗില്ലും ഒരേ മത്സരത്തില്‍ സെഞ്ചുറി തികച്ച് തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി ചരിത്രത്തില്‍ ഇടം നേടി.
Content Highlights: virat kohli and shubhman gill create record in same ipl match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..