photo: twitter/IPL
ഹൈദരാബാദ്: ക്ലാസായ ക്ലാസന്റെ ബാറ്റിങ്ങിന് കോലിയും ഡുപ്ലെസിയും സൂപ്പര്‍ ക്ലാസായി മറുപടി നല്‍കിയപ്പോള്‍ ഹൈദരാബാദിനെതിരേ ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിനാണ് ബാംഗ്ലൂര്‍ ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുമാണ് ആര്‍സിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ഓപ്പണര്‍മാരായ വിരാട് കോലിയും നായകന്‍ ഫാഫ് ഡുപ്ലെസിയും ആദ്യ ആറ് ഓവറില്‍ 64 റണ്‍സെടുത്തു. പവര്‍പ്ലേയ്ക്ക് ശേഷവും തകര്‍പ്പന്‍ ബാറ്റിങ്ങ് പുറത്തെടുത്ത ഇരുവരും ഹൈദരാബാദ് ബൗളേഴ്‌സിന് വലിയ വെല്ലുവിളി ഉയര്‍ത്തി. 10 ഓവറില്‍ 95 റണ്‍സായി ടീം സ്‌കോര്‍ ഉയര്‍ന്നു.
ഹൈദരാബാദിന്റെ വിജയപ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തി ഇരുവരും അനായാസം മൈതാനത്ത് വെടിക്കെട്ട് കാഴ്ചവെച്ചു. 18-ാം ഓവറില്‍ കോലി സെഞ്ചുറിയും തികച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ കോലി പുറത്തായി. 63-പന്തില്‍ നിന്ന് 12 ഫോറിന്റേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെ കോലി 100 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ ഡുപ്ലെസിയും കൂടാരം കയറി. 47 പന്തില്‍ നിന്ന് 71 റണ്‍സെടുത്താണ് ഡുപ്ലെസി മടങ്ങിയത്. പിന്നീടിറങ്ങിയ മാക്‌സ്‌വെല്ലും ബ്രെയ്‌സ്‌വെല്ലും നാല് പന്ത് ശേഷിക്കേ ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഹൈദരാബാദിന് കരുത്തായത്. 51 പന്തില്‍ നിന്ന് എട്ട് ഫോറിന്റേയും ആറ് സിക്‌സറുകളുടേയും അകമ്പടിയോടെ 104 റണ്‍സെടുത്ത ക്ലാസന്‍ ഹൈദരാബാദിന്റെ ടോപ് സ്‌കോററായി.
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(11), രാഹുല്‍ ത്രിപതി(15) എന്നിവര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല. എന്നാല്‍ മാര്‍ക്രം(18), ഹാരി ബ്രൂക്ക്(27) എന്നിവര്‍ ക്ലാസനുമൊത്താണ് സ്‌കോര്‍ ഉയര്‍ത്തി. ഗ്ലെന്‍ ഫിലിപ്‌സിന്(5) കാര്യമായ സംഭാവന നല്‍കാനായില്ല.
ബാംഗ്ലൂരിനായി ബ്രെയ്‌സ്‌വെല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ഷബാസ് അഹമ്മദ്, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Sunrisers Hyderabad vs Royal Challengers Bangalore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..