Photo: twitter.com/IPL
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് മുംബൈ വിജയമാഘോഷിച്ചത്. കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മുംബൈ വിജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ വിധിയനുസരിച്ചായിരിക്കും മുംബൈയുടെ പ്ലേ ഓഫ് പ്രവേശനം.
മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. ഗ്രീനിന് പുറമേ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും മുംബൈയ്ക്ക് തുണയായി.
സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ 20-ല്‍ നില്‍ക്കെ ഓപ്പണര്‍ ഇഷാന്‍ കിഷനെ മുംബൈയ്ക്ക് നഷ്ടമായി. താരത്തെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. മൂന്നാമനായി രോഹിത്തിന് കൂട്ടായി കാമറൂണ്‍ ഗ്രീനാണ് ക്രീസിലെത്തിയത്. ഇതോടെ കളിയാകെ മാറിമറിഞ്ഞു. ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഗ്രീന്‍ അടിച്ചുതകര്‍ത്തു.
രോഹിത്തും ട്രാക്കിലേക്ക് കയറിയതോടെ മുംബൈ വിജയപ്രതീക്ഷകള്‍ സജീവമാക്കി. വെറും 20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ രോഹിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഗ്രീനിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 31 പന്തില്‍ നിന്നാണ് മുംബൈ നായകന്‍ അര്‍ധശതകം കുറിച്ചത്.
എന്നാല്‍ 14-ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ മായങ്ക് ദാഗര്‍ പുറത്താക്കി. 56 റണ്‍സെടുത്ത രോഹിത്തിനെ അത്ഭുത ക്യാച്ചിലൂടെ നിതീഷ് കുമാര്‍ റെഡ്ഡി ഞെട്ടിച്ചു. ഗ്രീനിനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. ഫോറടിച്ചുകൊണ്ട് സൂര്യകുമാര്‍ ടീം സ്‌കോര്‍ 150 കടത്തി. ഗ്രീനും സൂര്യകുമാറും ചേര്‍ന്ന് അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഒടുവില്‍ 17-ാം ഓവറിലെ അവസാന പന്തില്‍ ഒരു റണ്ണെടുത്ത് ഗ്രീന്‍ തന്റെ സെഞ്ചുറിയും ടീമിന്റെ വിജയറണ്ണും കുറിച്ചു. ഗ്രീനിന്റെ ആദ്യ ട്വന്റി 20 സെഞ്ചുറിയാണിത്. 47 പന്തില്‍ നിന്ന് എട്ട് വീതം ഫോറിന്റെയും സിക്‌സിന്റെയും സഹായത്തോടെ 100 റണ്‍സെടുത്ത് ഗ്രീന്‍ പുറത്താവാതെ നിന്നു. സൂര്യകുമാര്‍ 16 പന്തില്‍ 25 റണ്‍സെടുത്ത് അപരാജിതനായി നിന്നു. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വര്‍ കുമാറും മായങ്ക് ദാഗറും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ വിവ്‌റാന്ത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഓപ്പണര്‍മാര്‍ വമ്പന്‍ തുടക്കം സമ്മാനിച്ചു. സണ്‍റൈസേഴ്‌സിനുവേണ്ടി വിവ്‌റാന്ത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ അടിച്ചൊതുക്കി. വമ്പന്‍ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.
ആദ്യ വിക്കറ്റില്‍ വിവ്‌റാന്തും മായങ്കും ചേര്‍ന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്. അതും വെറും 13.5 ഓവറില്‍. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. എന്നാല്‍ 14-ാം ഓവറില്‍ വിവ്‌റാന്തിനെ മടക്കി ആകാശ് മധ്‌വാല്‍ ഈ കൂട്ടുകെട്ട് ഭേദിച്ചു. യുവതാരം വിവ്‌റാന്ത് 47 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സുമടക്കം 69 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശേഷമാണ് ക്രീസ് വിട്ടത്.
വിവ്‌റാന്ത് മടങ്ങിയതിന് പിന്നാലെ മായങ്ക് അര്‍ധസെഞ്ചുറി തികച്ചു. 50 കടന്നതിനുശേഷം ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തിയ മായങ്ക് തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പായിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 174-ല്‍ നില്‍ക്കേ മായങ്കിനെയും മധ്‌വാല്‍ മടക്കി. 46 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും നാല് കൂറ്റന്‍ സിക്‌സിന്റെയും സഹായത്തോടെ 83 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ ശേഷമാണ് മായങ്ക് മടങ്ങിയത്.
ഈ രണ്ട് വിക്കറ്റുകളും നഷ്ടമായതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ വന്ന ഗ്ലെന്‍ ഫിലിപ്‌സും (1) ഹെയ്ന്റിച്ച് ക്ലാസ്സനും (18) ഹാരി ബ്രൂക്കും (0)അതിവേഗത്തില്‍ മടങ്ങിയത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വലിയ തോതില്‍ റണ്‍സ് കണ്ടെത്താന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. നായകന്‍ എയ്ഡന്‍ മാര്‍ക്രം 13 റണ്‍സെടുത്തും സന്‍വീര്‍ സിങ് നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി മധ്‌വാല്‍ നാല് വിക്കറ്റെടത്തപ്പോള്‍ ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
Content Highlights: sunrisers hyderabad vs mumbai indians ipl 2023 match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..