Photo: PTI
മുംബൈ: ഐപിഎല്‍ സീസണിനിടെ ടീം വിട്ട മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കര്‍. ഐപിഎല്‍ ലേലത്തില്‍ ആര്‍ച്ചര്‍ക്കായി മുംബൈ ഇറക്കിയ തുക അദ്ദേഹത്തിന് നല്‍കേണ്ടതില്ലെന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.
'ജോഫ്ര ആര്‍ച്ചറിന്റെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ അനുഭവം എന്താണ്? പരിക്കുണ്ടെന്നും ഈ സീസണ്‍ മുതല്‍ മാത്രമേ സേവനം ലഭ്യമാവുകയുള്ളൂവെന്നും അറിഞ്ഞ് തന്നെ അദ്ദേഹത്തെ വാങ്ങി. വലിയ തുകയാണ് അവനുവേണ്ടി ചിലവാക്കിയത്. പകരം അദ്ദേഹം എന്തു നല്‍കി. അദ്ദേഹം 100 ശതമാനം കായികക്ഷമതയുള്ളയാളാണെന്ന് തോന്നുന്നില്ല, അക്കാര്യം അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിക്കണമായിരുന്നു.' - മിഡ് ഡെയില്‍ എഴുതിയ കോളത്തില്‍ ഗാവസ്‌ക്കര്‍ പറഞ്ഞു.
ഇനിയും ആര്‍ച്ചറിന്റെ കാര്യത്തില്‍ മുംബൈ വിഡ്ഢികളാകരുതെന്നും അദ്ദേഹത്തിന് നല്‍കിയ മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് തിരിച്ചെടുക്കണമെന്നും ഗാവസ്‌ക്കര്‍ പറഞ്ഞു.
'ലോകത്തിലെ വിവിധ ലീഗുകളില്‍ ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സുമായി ആര്‍ച്ചര്‍ കോടിക്കണക്കിന് രൂപയുടെ കരാര്‍ ഒപ്പിടാനൊരുങ്ങുന്നതായി ഒരു കഥ പ്രചരിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് മണ്ടത്തരം കാണിക്കരുത്. അദ്ദേഹത്തെ പോലെ ഒരു താരത്തിന് ഒരു രൂപ പോലും നല്‍കരുത്. മുംബൈക്ക് യോജിച്ച താരമല്ല ആര്‍ച്ചര്‍.' - ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ആര്‍ച്ചര്‍ കളിച്ചത്. 9.50 എന്ന എക്കോണമി റേറ്റില്‍ രണ്ട് വിക്കറ്റ് മാത്രമാണ് സമ്പാദ്യം. പിന്നീട് കൈമുട്ടിന് പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
Content Highlights: Sunil Gavaskar castigates Jofra Archer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..