ivan vuk0manovic, Sunil Chhetri
കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സംഘം എത്തുമ്പോഴേക്കും മഞ്ഞ റോസാപ്പൂക്കളുമായി ആരാധകരെത്തിയിരുന്നു. ഒരു വെയിലിലും വാടാത്ത മഞ്ഞപ്പൂക്കളെ പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ സംഘം തലയുയര്‍ത്തി തന്നെ നാട്ടിലെത്തി. കോച്ച് വുകോമനോവിച്ചിനും ടീമിനുമുള്ള മുദ്രാവാക്യങ്ങളാല്‍ വിമാനത്താവളത്തിന്റെ പരിസരം മുഖരിതമായിരുന്നു. ആരവങ്ങളോടെ ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വരവേറ്റു. കപ്പുയര്‍ത്തി വരുന്ന ജേതാക്കളെ പോലെ സ്വീകരിക്കപ്പെട്ടു. പക്ഷേ ഗോള്‍ പിറന്ന 96-ാം മിനിറ്റിന് ശേഷവും കളിക്കളത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ വിജയികളാവാനുള്ള സാധ്യത ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം എങ്ങുനിന്നും ഉയര്‍ന്നില്ല. കാല്‍പ്പന്തിന്റെ മൈതാനങ്ങളില്‍ ഇതൊരു നല്ല മാതൃകയാണോ എന്നാരും ചോദ്യം ഉന്നയിച്ചുമില്ല. ഛേത്രിയെ അധിക്ഷേപിക്കുന്നവരുടെ കൂട്ടത്തില്‍ പങ്കുചേരുന്നതല്ലാതെ, ജയിക്കാനായി ടീമിന് വേണ്ടി എന്തും ചെയ്യുന്നവരുടെ നായകനായി അയാള്‍ മാറിയെന്ന യാഥാര്‍ഥ്യത്തെ ആരും ഉള്‍ക്കൊണ്ടതുമില്ല.
96-ാം മിനിറ്റിലാണ് സംഭവം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീ കിക്കിനായി തയ്യാറാകുന്നതിന് മുന്‍പ് സുനില്‍ ഛേത്രിയെടുത്ത കിക്ക് വലയിലെത്തി. റഫറി ഗോള്‍ ആയി അനുവദിക്കുകയും ചെയ്തു. തങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സൈഡ് ബെഞ്ചിലിരുന്ന താരങ്ങളും ഗ്രൗണ്ടിലിറങ്ങി ഗോള്‍ അല്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ചു നേരം കൂടിയാലോചിച്ച ശേഷം പരിശീലകനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. 15 മിനിറ്റുകള്‍ക്ക് ശേഷം ബി.എഫ്.സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ സമാനമായ നിരവധി ഉദാഹരണങ്ങളുണ്ട്. റയല്‍ മഡ്രിഡ് താരം നാച്ചോയും സാക്ഷാല്‍ ലയണല്‍ മെസ്സിയും മുന്‍ ആഴ്‌സണല്‍ താരം തിയറി ഒന്റിയും സമാനമായ രീതിയില്‍ ഗോള്‍ നേടിയിട്ടുണ്ട്. അന്ന് നാച്ചോ ഗോള്‍ നേടിയതിന് ശേഷം സെവിയ്യ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. മെസ്സിയും ഒന്റിയുമൊക്കെ ഗോള്‍ നേടിയപ്പോഴും സമാനമായിരുന്നു സ്ഥിതി. പക്ഷേ അതിന് ശേഷം എതിര്‍ ടീമിന്റെ പരിശീലകര്‍ മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തില്ല. ബ്ലാസ്റ്റേഴ്‌സ് തന്നെ ക്വിക്ക് ഫ്രീ കിക്കില്‍ ഗോള്‍ നേടിയിട്ടുണ്ട്. അപ്പോള്‍ കൈയടിച്ച അതേ ആളുകള്‍ ഇപ്പോള്‍ എതിര്‍ ടീമിന്റെ ഗോളില്‍ വിമര്‍ശനങ്ങളുമായി രംഗത്തുവരുകയാണ്.
ഗോള്‍ പിറന്നയുടനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മൈതാനത്തുനിന്ന് പിന്‍വലിച്ചു. പ്രതിഷേധങ്ങളുയര്‍ത്തിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചത് അദ്ദേഹത്തിന് അംഗീകരിക്കാനാവാതെ വന്നു. പ്രതിഷേധങ്ങളുണ്ടെങ്കിലും ആത്യന്തികമായി റഫറി ഗോള്‍ അനുവദിച്ചാല്‍ പിന്നെ കളി തുടരുകയെന്നതാണ് ഏതൊരു ടീമും അവലംബിക്കേണ്ടിയിരുന്നത്. അതാണ് ശരിയായ രീതി. പരിശീലകന് താന്‍ അപമാനിക്കപ്പെട്ടു എന്ന് തോന്നിയിരിക്കാം. അതിനാലാവണം ഈ നിലപാടില്‍ ഉറച്ചുനിന്നത്. അദ്ദേഹം തന്നെ അത് മുന്നേ വ്യക്തമാക്കിയിട്ടുള്ളതാണ്. കളിയിലായാലും ജീവിതത്തിലായാലും മാനുഷിക മൂല്യങ്ങള്‍ മുറുകെപിടിക്കുന്നതാണ് അയാളുടെ രീതി. അതിന് മുകളിലല്ല മറ്റൊന്നുമെന്ന് അയാള്‍ വിശ്വസിച്ചു മുന്നോട്ടുപോയി.
'ജോലിയിലായാലും ജീവിതത്തിലായാലും മാനുഷികമൂല്യങ്ങള്‍ക്കാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. തൊട്ടടുത്തുള്ളയാളെ മനുഷ്യനെന്ന നിലയില്‍ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം.'- കളിക്കാരുടെ തെറ്റുകള്‍ അവരോട് തുറന്നുപറഞ്ഞ് പരിശീലിപ്പിക്കുന്നതാണ് അയാളുടെ രീതി. അങ്ങനെയാണ് മികച്ച കളിക്കൂട്ടത്തെ വുകോമാനോവിച്ച് വാര്‍ത്തെടുക്കുന്നത്.
പക്ഷേ റഫറിക്ക് തെറ്റുപറ്റുമെന്നും മനുഷ്യസഹജമാണതെന്നുമുള്ള മൂല്യങ്ങള്‍ എവിടെയും കണ്ടില്ല. കളി തുടരുക എന്ന പ്രൊഫഷണലിസമല്ല കോച്ചിനെ മുന്നോട്ട് നയിച്ചത്.മറിച്ച് പ്രതിഷേധത്തില്‍ ഊന്നിയുള്ള ഉറച്ച നിലപാടാണ്. അത് അനുകരണീയമായ മാതൃകയല്ലെന്ന് വുകോമനോവിച്ച് തിരിച്ചറിയേണ്ടിയിരിക്കുന്നു.
24 മിനിറ്റുകള്‍ അയാള്‍ക്ക് മുന്നിലുണ്ടായിരുന്നു. കളിയിലെ പിഴവിനെ വിമര്‍ശിക്കുമ്പോഴും കളി തുടരാനാണ് താരങ്ങള്‍ക്ക് ഉപദേശം നല്‍കേണ്ടിയിരുന്നത്. അതോരു പക്ഷേ ചരിത്രം കുറിക്കാനുള്ള ഊര്‍ജമായി മാറിയേക്കാം. ഫുട്‌ബോളില്‍ സെക്കന്റുകള്‍ പോലും വിലപ്പെട്ടതാണ്. അതറിയാത്ത ആളല്ല വുകോമനോവിച്ച്. കളിക്കാരുടെ കഴിവുകള്‍ നന്നായി അറിയുന്ന ആളാണ്. 'തിരിച്ചടിക്കെടാ മക്കളെ' എന്നാണയാള്‍ യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത്. ഒരു പക്ഷേ ആ ആവേശത്തില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചെന്നുമിരിക്കാം. കളിയെന്നാല്‍ അപ്രവചനീയമാണ്. ടീം സ്പിരിറ്റ് എല്ലാ തന്ത്രങ്ങളേയും അപ്രസക്തമാക്കും. ബ്ലാസ്റ്റേഴ്‌സ് ചരിത്രം രചിച്ച് ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെന്നും വരാം. ഗോള്‍ മടക്കാനാവാതെ ബ്ലാസ്‌റ്റേഴ്‌സ് തോറ്റാലും അഭിമാനത്തോടെ മടങ്ങാമായിരുന്നു.
നിലയ്ക്കാത്ത അധിക്ഷേപങ്ങളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രക്കെതിരേ തുടരുന്നത്. ഛേത്രി ചെയ്തത് ഒരര്‍ഥത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല. അത് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് എതിരാണ്. അയാളുടെ ചെയ്തികളില്‍ വിമര്‍ശനങ്ങളുണ്ടാകാം. കാരണം അയാളെപ്പോലൊരു ഇതിഹാസം ഇങ്ങനെയായിരുന്നില്ല മൈതാനത്ത് കാണിക്കേണ്ടിയിരുന്നത്. കളിയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ ഗോള്‍ നേടിയെന്നതാണ് ഛേത്രിയുടെ വാദം.
'ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. ഓപ്പണിങ് കണ്ടു. അതിലൂടെ ഗോളടിച്ചു. കിക്ക് എടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്ന് ഞാന്‍ റഫറി ക്രിസ്റ്റല്‍ ജോണിനോട് പറഞ്ഞു. 'ഉറപ്പാണോ' എന്ന് റഫറി വീണ്ടും എന്നോട് ചോദിച്ചു. 'അതെ' എന്ന് ഞാന്‍ മറുപടി നല്‍കി. അദ്ദേഹം വീണ്ടും ഒരു തവണ കൂടി ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്തി. ഇത് ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദ്ദേഹം ആ കിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് മൈതാനം വിട്ട വിവാദത്തില്‍ പ്രതികരിക്കാനില്ല. അത് അവരുടെ കാര്യമാണ്.' ഛേത്രി പറയുന്നു.
ഏത് വിധത്തിലും ടീമിനെ വിജയിപ്പിക്കുക എന്ന സമര്‍ഥമായ രീതിയാണ് ഛേത്രി ആശ്രയിച്ചത്. അതിന് അയാള്‍ക്ക് അയാളുടേതായ ന്യായീകരണങ്ങളുമുണ്ട്. അവിടെ കാല്‍പ്പന്ത് കളിയെന്നാല്‍ യുദ്ധമാണ്. യുദ്ധത്തില്‍ വിജയിക്കുകയെന്ന കൗശലക്കാരന്റെ പടചട്ടയണിഞ്ഞാണ് ഛേത്രി പകരക്കാരുടെ ബെഞ്ചില്‍ നിന്ന് മൈതാനത്തേക്കിറങ്ങിയത്. പിന്നെ ധാര്‍മികതയില്ല, മാനുഷികമൂല്യങ്ങളില്ല. ഗോള്‍ നേടി വിജയിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം. എളുപ്പത്തില്‍ വലകുലുക്കാനുള്ള മാര്‍ഗം മുന്നില്‍ തെളിഞ്ഞപ്പോള്‍ അത് പ്രയോഗിച്ചു. അങ്ങനെ ജീവന്‍ കൊടുത്തും ടീമിനെ ജയിപ്പിക്കാന്‍ പോകുന്നവരുടെ നായകനായി സ്വയം അവരോധിക്കപ്പെടുകയാണ് ഛേത്രി. കളിക്കളത്തിലെ നിയമങ്ങളില്‍ ഉള്‍ചേര്‍ന്ന് നിന്നുകൊണ്ട് ഏതറ്റം വരെയും പോകുന്നവരുടെ ക്യാപ്റ്റനാണ് സുനില്‍ ഛേത്രി. മാസങ്ങള്‍ക്ക് മുമ്പ് മങ്കാദിങ് ചെയ്ത ആദം സാമ്പയേയും രവിചന്ദ്രന്‍ അശ്വിനേയും പോലെ ധാര്‍മികതയെ ഓരത്തുനിര്‍ത്തി വിജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു ഇന്ത്യയുടെ ഇതിഹാസ താരവും.
Content Highlights: sunil chhetris controversial free kick and ivan vukomanovic reaction
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..