Photo: twitter.com/IPL
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ടോസ് നേടിയ ശേഷം ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങിനു വിട്ട രോഹിത് ശര്‍മ ഇങ്ങനെയൊന്ന് ചിന്തിച്ചിരിക്കില്ല. പതിയെ തുടങ്ങി പിന്നെ മുംബൈയുടെ ബൗളിങ് നിരയെ കശാപ്പ് ചെയ്ത ശുഭ്മാന്‍ ഗില്ലെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരം തകര്‍ത്താടിയപ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ.
ആറാം ഓവറില്‍ ക്രിസ് ജോര്‍ദാന്റെ പന്തില്‍ ഗില്ലിന്റെ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ പിഴവിന് മുംബൈക്ക് വലിയ വിലകൊടുക്കേണ്ടി വന്നു. ഈ സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ഗില്‍ മുംബൈ ബൗളിങ്ങിനെ കടന്നാക്രമിച്ച് 60 പന്തില്‍ നിന്ന് ഏഴ് ഫോറും 10 സിക്‌സും പറത്തി 129 റണ്‍സെടുത്തു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്.
ഇതോടെ ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 60.70 ശരാശരിയില്‍ 851 റണ്‍സെടുത്ത ഗില്‍, ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. മൂന്ന് സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കമാണ് ഗില്ലിന്റെ റണ്‍വേട്ട.
129 റണ്‍സോടെ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും ഗില്ലിന്റെ പേരിലായി. 2020 സീസണില്‍ ആര്‍സിബിക്കെതിരേ 132 റണ്‍സെടുത്ത കെ.എല്‍ രാഹുലാണ് ഒന്നാമത്.
ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും ഇതോടെ ഗില്‍ സ്വന്തമാക്കി. 2014 ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 122 റണ്‍സെടുത്ത പഞ്ചാബ് താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്.
മത്സരത്തില്‍ 10 സിക്സറുകള്‍ പറത്തിയ ഗില്‍ ഒരു ഐപിഎല്‍ പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിനും അര്‍ഹനായി.
ഒരു ഐപിഎല്‍ സീസണില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്ലിനാണ്. 2016-ല്‍ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഒന്നാമത്. മാത്രമല്ല കോലിക്ക് ശേഷം ഒരു സീസണില്‍ 800 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ഗില്‍ മാറി.
Content Highlights: Shubman Gill in incredible list after record-smashing third century
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..