Photo: instagram.com/imsanjusamson/
ധരംശാല: പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം ജയിക്കാനായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത ഇപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തങ്ങളുടെ അവസാന മത്സരം തോറ്റെങ്കില്‍ മാത്രമേ ഇനി രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുള്ളൂ. അതില്‍ തന്നെ ആര്‍സിബി വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും വേണം.
ഈ സാഹചര്യത്തില്‍ പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു സാംസണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലാകുകയാണ്. ജോസ് ബട്ട്‌ലര്‍ക്കും യുസ്‌വേന്ദ്ര ചാഹലിനുമൊപ്പം മൈതാനത്തിരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവെച്ചത്. എന്നാല്‍ ഇതിന് സഞ്ജു മലയാളത്തില്‍ നല്‍കിയ അടിക്കുറിപ്പാണ് പോസ്റ്റ് വൈറലാക്കിയത്.
പ്ലേ ഓഫ് സാധ്യതകളേറെക്കുറെ അസ്തമിച്ച രാജസ്ഥാന് മുംബൈയുടെയും ആര്‍സിബിയുടെയും മത്സര ഫലം അനുകൂലമാകണം. ഈ അവസ്ഥയാണ് സഞ്ജു ചിത്രത്തിന് താഴെ രസകരമായി കുറിച്ചത്. 'യൂസി, ജോസേട്ടാ... കുറച്ച് നേരം ഇരുന്ന് നോക്കാം. ചിലപ്പോ ബിരിയാണി കിട്ടിയാലോ?' എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.
രാജസ്ഥാന്റെയും തന്റെ തന്നെയും അവസ്ഥയെ ട്രോളി സഞ്ജു ഇട്ട ഈ പോസ്റ്റിന് താഴെ നിരവധി മലയാളികള്‍ കമന്റുകളുമായെത്തി. ബട്ട്‌ലര്‍ തന്നെ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ബിരിയാണിയല്ല, കിട്ടാന്‍ പോകുന്നത് ഡക്ക് പാന്‍കേക്ക് ആയിരിക്കുമെന്ന് കുറിച്ച് ഈ പോസ്റ്റിന് താഴെ ബട്ട്‌ലര്‍ സ്വയം ഒന്ന് ട്രോളിയിട്ടുമുണ്ട്. ഇത്തവണ അഞ്ച് മത്സരങ്ങളില്‍ ബട്ട്‌ലര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേടും ബട്ട്‌ലറുടെ പേരിലായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് സഞ്ജുവിന്റെ പോസ്റ്റിന് താഴെ ബട്ട്‌ലര്‍ കമന്റ് ചെയ്തത്.
അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് താഴെ രാജസ്ഥാന്റെ സീസണിലെ പ്രകടനത്തെ വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: sanju samson s hilarious instagram post goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..