Photo: PTI
മുംബൈ: ഇത്തവണ ഐപിഎല്ലില്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും പ്ലേ ഓഫിന് യോഗ്യത നേടാനാകാതെ പോയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ച ടീമിന് ഇത്തവണ രണ്ടാം പകുതിയിലെ തോല്‍വികളാണ് വിനയായത്.
ടീമിനായി സഞ്ജുവിനും നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാനായിരുന്നില്ല. പലപ്പോഴും സാഹചര്യം കണക്കിലെടുക്കാതെ തുടക്കത്തില്‍ തന്നെ അടിച്ച് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടമാകുന്നതിന് കാരണമായിരുന്നു.
ഇപ്പോഴിതാ സഞ്ജുവിനോട് കളിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍ നിര്‍ദേശിച്ചെങ്കിലും താരം അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത്.
''ക്രീസിലെത്തിയാല്‍ ഒരു 10 പന്തെങ്കിലും പിടിച്ച് നില്‍ക്കാനും വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാനും ഗാവസ്‌ക്കര്‍ സര്‍ അവനോട് (സഞ്ജു) പറഞ്ഞു. 'ഞങ്ങള്‍ക്കറിയാം നീ ഒരുപാട് കഴിവുള്ളവനാണെന്ന്, ആദ്യ 12 പന്തില്‍ നിന്ന് റണ്ണൊന്നും എടുക്കാനായില്ലെങ്കിലും നിനക്ക് 25 പന്തില്‍ നിന്ന് 50 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും.' ലീഗ് ഘട്ടത്തിന്റെ അവസാന മത്സരങ്ങളിലൊന്ന് രാജസ്ഥാന്‍ തോറ്റപ്പോഴായിരുന്നു അദ്ദേഹം ഇത് സഞ്ജുവിനോട് പറഞ്ഞത്. എന്നാല്‍, 'ഇല്ല, ഇതാണെന്റെ കളി ശൈലിയെന്നും ഇങ്ങനെ മാത്രമേ കളിക്കാനാകൂ' എന്നുമായിരുന്നു അദ്ദേഹത്തോട് സഞ്ജുവിന്റെ മറുപടി. എനിക്കത് അംഗീകരിക്കാനായില്ല.'' - സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ പങ്കെടുക്കവെ ശ്രീശാന്ത് പറഞ്ഞു.
കൂടാതെ, ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിനോട് നിര്‍ദേശിച്ചതായും ശ്രീശാന്ത് വ്യക്തമാക്കി.
''ഞാന്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നയാളാണ്. കഴിഞ്ഞ 4-5 വര്‍ഷമായി, അവനെ ഒരു ക്രിക്കറ്ററായി കാണുന്ന ഘട്ടത്തിലെല്ലാം ഐപിഎല്ലില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം നടത്താന്‍ ഞാന്‍ അവനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഉണ്ടാക്കുക. ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് - ഇരുവരും അവനേക്കാള്‍ മുന്നിലാണ്. പന്ത് ഇപ്പോള്‍ ആ സ്ഥാനത്ത് ഇല്ലെങ്കിലും അവന്‍ തിരിച്ചുവരും. ഞാന്‍ അടുത്തിടെ പന്തിനെ കണ്ടിരുന്നു. 6-8 മാസത്തിനുള്ളില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.'' - ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: S Sreesanth lashes out at Sanju Samson for ignoring Sunil Gavaskar advice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..