Photo: AP
ബാംഗ്ലൂര്‍: അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ആറുവിക്കറ്റിനാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. ഈ പരാജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ബാംഗ്ലൂര്‍ പുറത്തായതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നു. ഇതോടെ പ്ലേ ഓഫ് ലൈനപ്പായി.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. മറുവശത്ത് വിരാട് കോലിയുടെ സെഞ്ചുറി പാഴായി.
198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. 12 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ വിജയ് ശങ്കറെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും അനായാസം ബാറ്റുചെയ്യാന്‍ ആരംഭിച്ചതോടെ മത്സരത്തില്‍ ഗുജറാത്ത് പിടിമുറുക്കി. രണ്ടുപേരും ഒരുപോലെ നന്നായി ബാറ്റുചെയ്യാന്‍ ആരംഭിച്ചതോടെ ബാംഗ്ലൂര്‍ വിറച്ചു. 10.5 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്‌കോര്‍ 100 കടന്നു.
പിന്നാലെ ഗില്ലും വിജയ് ശങ്കറും അര്‍ധസെഞ്ചുറിയും നേടി. ഇരുവരും നേടിയ സെഞ്ചുറി കൂട്ടുകെട്ട് ഗുജറാത്തിന് മികച്ച അടിത്തറ സമ്മാനിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 148-ല്‍ നില്‍ക്കേ ശങ്കറിനെ വൈശാഖ് വിജയ് കുമാര്‍ പുറത്താക്കി. 35 പന്തില്‍ നിന്ന് 53 റണ്‍സെടുത്താണ് ശങ്കര്‍ മടങ്ങിയത്. പിന്നാലെ വന്ന ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനകയെ റണ്‍സെടുക്കുംമുന്‍പ് ഹര്‍ഷല്‍ പട്ടേല്‍ മടക്കി. എന്നാല്‍ മറുവശത്ത് ഗില്‍ അനായാസം ബാറ്റുവീശി.
അവസാന നാലോവറില്‍ 43 റണ്‍സായി ഗുജറാത്തിന്റെ വിജയലക്ഷ്യം. ഗില്ലിന് കൂട്ടായി ഡേവിഡ് മില്ലര്‍ ക്രീസിലെത്തി. 17-ാം ഓവര്‍ ചെയ്ത വൈശാഖ് വെറും ഒന്‍പത് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ മത്സരം കടുത്തു. ഗുജറാത്തിന്റെ വിജയലക്ഷ്യം മൂന്നോവറില്‍ 34 റണ്‍സായി മാറി. സിറാജ് ചെയ്ത 18-ാം ഓവറിലെ ആദ്യ പന്തില്‍ ഗില്‍ സിക്‌സടിച്ചെങ്കിലും ആ ഓവറില്‍ മില്ലറെ സിറാജ് പുറത്താക്കി. അതേ ഓവറിലെ അവസാന പന്തില്‍ ഗില്‍ സിക്‌സടിച്ചതോടെ മത്സരം ഗുജറാത്തിന്റെ വശത്തേക്ക് നീങ്ങി. രണ്ടോവറില്‍ വിജയലക്ഷ്യം 19 റണ്‍സായി ചുരുങ്ങി. പിന്നാലെ വന്ന ഹര്‍ഷല്‍ പട്ടേല്‍ 11 റണ്‍സാണ് പിറന്നത്. അവസാന ഓവറില്‍ വിജയലക്ഷ്യം എട്ട് റണ്‍സായി. ആദ്യ രണ്ട് പന്തുകളും നോബോളും വൈഡുമായി. ഫ്രീഹിറ്റായി കിട്ടിയ പന്ത് ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി ഗില്‍ ടീമിന് വിജയം സമ്മാനിച്ചു. ഒപ്പം ഐ.പി.എല്ലില്‍ സെഞ്ചുറിയും കുറിച്ചു. ഗില്ലിന്റെ ഐ.പി.എല്ലിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഗില്‍ 52 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 104 റണ്‍സെടുത്തു. തെവാത്തിയ ആറ് റണ്‍സെടുത്ത് ക്രീസില്‍ നിന്നു. ബാംഗ്ലൂരിനായി സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വൈശാഖും ഹര്‍ഷലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സൂപ്പര്‍ താരം വിരാട് കോലിയുടെ അത്യുഗ്രന്‍ പ്രകടനമാണ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കോലിയുടെ ഒറ്റയാള്‍ പോരാട്ടം ആരാധകരെ പുളകംകൊള്ളിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനുവേണ്ടി പതിവുപോലെ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസ്സിയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശ്രദ്ധയോടെ കളിച്ചുതുടങ്ങിയ ഇരുവരും പിന്നീട് ട്രാക്ക് മാറ്റി. വിരാട് കോലിയായിരുന്നു കൂടുതല്‍ അപകടകാരി. ഏഴോവറില്‍ ടീം സ്‌കോര്‍ 67 കടന്നു. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ ഡുപ്ലെസ്സിയെ നൂര്‍ അഹമ്മദ് മടക്കി. 28 റണ്‍സാണ് താരം നേടിയത്.
പിന്നാലെ വന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ നിരാശപ്പെടുത്തി. 11 റണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഒരുവശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും തളരാതെ പിടിച്ചുനിന്ന കോലി ബാംഗ്ലൂരിന്റെ രക്ഷകനായി. മാക്‌സ്‌വെല്ലിന് പകരം വന്ന മഹിപാല്‍ ലോംറോറും (1) നിരാശപ്പെടുത്തി. അഞ്ചാമനായി വന്ന മിച്ചല്‍ ബ്രേസ്‌വെല്‍ കോലിയ്‌ക്കൊപ്പം ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 26 റണ്‍സെടുത്ത ബ്രേസ്‌വെല്ലിനെ ഷമി മടക്കി. പിന്നാലെ വന്ന ദിനേശ് കാര്‍ത്തിക്ക് നേരിട്ട ആദ്യ പന്തില്‍ തന്നെ ഔട്ടായി മടങ്ങി.
വിക്കറ്റുകള്‍ തുരുതുരാ വീഴുമ്പോഴും തളരാത്ത പോരാളിയായി കോലി അടിച്ചുതകര്‍ത്തു. കോലിയുടെ ചിറകില്‍ ബാംഗ്ലൂര്‍ പറന്നു. ഒടുവില്‍ അവസാന ഓവറില്‍ കോലി സെഞ്ചുറി കുറിച്ചു. 60 പന്തുകളില്‍ നിന്നാണ് കോലി സെഞ്ചുറി നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലി സെഞ്ചുറി നേടി. ഈ ശതകത്തിന്റെ ബലത്തില്‍ രണ്ട് റെക്കോഡുകളാണ് കോലി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം, തുടര്‍ച്ചയായി രണ്ട് ഐ.പി.എല്‍ മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം എന്നീ റെക്കോഡുകള്‍ കോലി സ്വന്തമാക്കി.
ഏഴാമനായി വന്ന അനൂജ് റാവത്ത് പിടിച്ചുനിന്നതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ 190 കടന്നു. അനൂജിനൊപ്പം 64 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് കോലി പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 197 റണ്‍സിലെത്തിച്ചു. കോലി 61 പന്തില്‍ 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അനൂജ് 23 റണ്‍സെടുത്തു. ഗുജറാത്തിനായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍, യാഷ് ദയാല്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: royal challengers bangalore vs gujarat titans ipl 2023 match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..