Photo: twitter.com/DelhiCapitals/
ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
94 റണ്‍സെടുത്ത് ഒറ്റയ്ക്ക് പൊരുതിയ പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണിന്റെ പോരാട്ടം പാഴായി. വിജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫിലേക്ക് അടുക്കാമായിരുന്നു. പ്ലേ ഓഫില്‍ കടക്കുമോ ഇല്ലയോ എന്നറിയാന്‍ പഞ്ചാബിന് അവസാന മത്സരം വരെ കാത്തിരിക്കണം. നിലവില്‍ പോയന്റ് പട്ടികയില്‍ എട്ടാമതാണ് ടീം. ഡല്‍ഹി നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് രണ്ടാം ഓവറില്‍ തന്നെ നായകന്‍ ശിഖന്‍ ധവാനെ നഷ്ടമായി. അക്കൗണ്ട് തുറക്കുംമുന്‍പ് താരത്തെ ഇഷാന്ത് ശര്‍മ പുറത്താക്കി. എന്നാല്‍ ആദ്യ വിക്കറ്റില്‍ ഒന്നുചേര്‍ന്ന പ്രഭ്‌സിമ്രാന്‍ സിങ്ങും അഥര്‍വ ടൈഡെയും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പ്രഭ്‌സിമ്രാനെ മടക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. താരം 22 റണ്‍സെടുത്ത് മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ പഞ്ചാബ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ലിവിങ്സ്റ്റണും അഥര്‍വയും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ 55 റണ്‍സെടുത്ത അഥര്‍വ റിട്ടയര്‍ ഔട്ടായതോടെ പഞ്ചാബിന് തിരിച്ചടി ലഭിച്ചു. പിന്നാലെ വന്ന കൂറ്റനടിക്കാരന്‍ ജിതേഷ് ശര്‍മ അക്കൗണ്ട് തുറക്കുംമുന്‍പ് ക്രീസ് വിട്ടു. ഷാരൂഖ് ഖാനും (6) പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ പഞ്ചാബ് തകര്‍ന്നു.
അവസാന മൂന്നോവറില്‍ 58 റണ്‍സായി പഞ്ചാബിന്റെ വിജയലക്ഷ്യം. ഓള്‍റൗണ്ടര്‍ സാം കറന്‍ ലിവിങ്‌സ്റ്റണ് കൂട്ടായി ക്രീസിലെത്തി. മുകേഷ് കുമാര്‍ ചെയ്ത 18-ാം ഓവറില്‍ ലിവിങ്‌സ്റ്റണും സാം കറനും ചേര്‍ന്ന് 20 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 38 റണ്‍സായി ചുരുങ്ങി. 19-ാം ഓവര്‍ ചെയ്ത ആന്റിച്ച് നോര്‍ക്യെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്തില്‍ സാം കറന്റെ വിക്കറ്റ് പിഴുതു. 11 റണ്‍സെടുത്ത് താരം ക്രീസ് വിട്ടു. മൂന്നാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ റണ്‍ ഔട്ടായി. ആ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് നോര്‍ക്യെ വഴങ്ങിയത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 33 റണ്‍സായി മാറി.
അവസാന ഓവറിലെ ആദ്യ പന്ത് ഇഷാന്ത് റണ്‍സ് വഴങ്ങിയില്ല. രണ്ടാം പന്തില്‍ ഫോറടിച്ച ലിവിങ്‌സ്റ്റണ്‍ പിന്നീടുള്ള രണ്ട് പന്തുകളും സിക്‌സിലേക്ക് പറത്തി. അതില്‍ നാലാം പന്ത് നോബോള്‍ ആയതോടെ മൂന്ന് പന്തില്‍ 16 റണ്‍സായി വിജയലക്ഷ്യം. എന്നാല്‍ നാലാം പന്തില്‍ ലിവിങ്സ്റ്റണ് റണ്‍സെടുക്കാനായില്ല. ഇതോടെ ഡല്‍ഹി വിജയമുറപ്പിച്ചു. അവസാന പന്തില്‍ ലിവിങ്സ്റ്റണ്‍ ഔട്ടായി.
48 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒന്‍പത് സിക്‌സിന്റെയും സഹായത്തോടെ 94 റണ്‍സെടുത്താണ് ലിവിങ്‌സ്റ്റണ്‍ മടങ്ങിയത്. താരത്തിനൊപ്പം വാലറ്റത്ത് ഒരു താരമെങ്കിലും പിടിച്ചുനിന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ. ഡല്‍ഹിയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മയും ആന്റിച്ച് നോര്‍ക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. അപരാജിതനായി നിന്ന് തകര്‍ത്തടിച്ച് റിലി റൂസ്സോയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി അത്യുജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയത്. പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരുംചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും ഒരുപോലെ ബാറ്റുവീശിയതോടെ പഞ്ചാബ് വിറച്ചു. എന്നാല്‍ അപകടകരമായ ഈ കൂട്ടുകെട്ട് പൊളിച്ച് സാം കറന്‍ പഞ്ചാബിന് ആശ്വാസം പകര്‍ന്നു. 31 പന്തില്‍ 46 റണ്‍സെടുത്ത വാര്‍ണറെ സാം കറന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. എന്നാല്‍ പഞ്ചാബിന്റെ ചിരി അധികനേരം നിന്നില്ല. പിന്നാലെ വന്ന റിലി റൂസ്സോയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. റൂസ്സോയെ സാക്ഷിയാക്കി പൃഥ്വി ഷാ അര്‍ധസെഞ്ചുറി നേടി. ഈ സീസണില്‍ ആദ്യമായാണ് ഷാ ഫോം കണ്ടെത്തിയത്.
എന്നാല്‍ 38 പന്തില്‍ 54 റണ്‍സെടുത്ത പൃഥ്വി ഷായെയും മടക്കി സാം കറന്‍ പഞ്ചാബിന് പ്രതീക്ഷ പകര്‍ന്നു. റൂസ്സോയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഷാ ക്രീസ് വിട്ടത്. ഷാ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 148-ല്‍ എത്തിയിരുന്നു. ഷായ്ക്ക് പകരം വന്ന ഫില്‍ സാള്‍ട്ടും അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും കാര്യമുണ്ടായില്ല.
19.2 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ ചെയ്ത അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ റൂസ്സോ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് വ്യക്തിഗത സ്‌കോര്‍ 82-ല്‍ എത്തിച്ചു. ആ ഓവറില്‍ 23 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. റൂസ്സോ 37 പന്തില്‍ നിന്ന് ആറ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 82 റണ്‍സെടുത്തും ഫില്‍ സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. പഞ്ചാബിനായി സാം കറന്‍ മാത്രമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മറ്റ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങി.
Content Highlights: punjab kings vs delhi capitals ipl 2023 match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..