Photo: twitter.com
ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഐപിഎല്‍ ക്വാളിഫയര്‍ പോരാട്ടത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ താരങ്ങളുടെ സ്വരച്ചേര്‍ച്ചയില്ലായ്മ ചര്‍ച്ചയാകുന്നു. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരം ജയിച്ച ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ഈ മത്സര ശേഷം മൈതാനത്ത് വെച്ച് ക്യാപ്റ്റന്‍ എംഎസ് ധോനിയും രവീന്ദ്ര ജഡേജയും തമ്മില്‍ ഉടക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മത്സര ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ധോനി, ജഡേജയോട് അല്‍പം പരുഷ ഭാവത്തില്‍ സംസാരിക്കുന്നതും ഇത് ഇഷ്ടപ്പെടാതിരുന്ന ജഡേജയുടെ മുഖം മാറുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ നാല് ഓവറുകള്‍ ബൗള്‍ ചെയ്ത ജഡേജ 50 റണ്‍സ് വഴങ്ങിയിരുന്നു. ചെന്നൈ ബൗളര്‍മാരില്‍ നന്നായി തല്ലുവാങ്ങിയതും ജഡേജ തന്നെ. ഇതിനെ തുടര്‍ന്നാണ് ധോനി, ജഡേജയോട് അല്‍പം പരുഷമായി ഇടപെട്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മത്സര ശേഷമുള്ള പതിവ് സംസാരമാണെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം ജഡേജ ട്വീറ്റ് ചെയ്ത ഒരു പോസ്റ്റാണ് വീണ്ടും ഇക്കാര്യം ചര്‍ച്ചയാക്കിയത്. 'കര്‍മ്മ നിങ്ങളിലേക്ക് മടങ്ങിവരും, എത്രയും വേഗത്തിലോ പിന്നീടോ, അത് ഉറപ്പായും വന്നിരിക്കും.' എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. ഇതോടെ കഴിഞ്ഞ ദിവസം ധോനിയുമായി ഉണ്ടായ പ്രശ്‌നമാണ് ജഡേജ ഉദ്ദേശിച്ചതെന്ന തരത്തിലും ചര്‍ച്ചകള്‍ തുടങ്ങി. ജഡേജയുടെ ഈ ട്വീറ്റ് അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബ റീട്വീറ്റ് ചെയ്യുകയും ചെയ്തതോടെ വിഷയം അത്ര ചെറുതല്ലെന്ന് വ്യക്തമായതായി ഒരു വിഭാഗം പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ജഡേജയും ചെന്നൈ മാനേജ്‌മെന്റും തമ്മിലുണ്ടായ പ്രശ്‌നങ്ങളിലേക്കും ഇതോടെ ചര്‍ച്ചകള്‍ നീണ്ടു. കഴിഞ്ഞ സീസണില്‍ ചെന്നൈ തുടക്കത്തില്‍ ജഡേജയെ ക്യാപ്റ്റനായി നിയമിച്ചെങ്കിലും ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ധോനിയെ തന്നെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. പിന്നാലെ ജഡേജ ടീം വിടുമെന്ന അഭ്യൂഹങ്ങളുമുണ്ടായി. എന്നാല്‍ പിന്നീട് താരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ടീമിനൊപ്പം തുടരുകയായിരുന്നു.
Content Highlights: ms dhoni ravindra jadeja engage in heated chat after csks big win over delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..