ചെന്നൈയുടെ തലൈവര്‍ ! നാല്‍പ്പത്തിയൊന്നിലും നിലയ്ക്കാത്ത 'പെരുങ്കളിയാട്ടം'


ആദര്‍ശ് പി ഐ

6 min read
Read later
Print
Share

Photo: AP

നിയും ആടിത്തീര്‍ന്നിട്ടില്ലാത്ത ഒരു കളിയാട്ടത്തിന്റെ അവസാനകാഴ്ചകളത്രയും ഒപ്പിയെടുക്കാനുള്ള യാത്രയായിരുന്നു അത്. ലോങ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ പന്ത് ഹെലിക്കോപ്റ്ററിലൂടെ അതിര്‍ത്തികടക്കുമ്പോള്‍ ആവേശം അണപൊട്ടിയൊഴുകിയ ഭൂതകാലം അപ്പോഴും ആര്‍ത്തലച്ചെത്തുന്നുണ്ടായിരുന്നു. സാധാരണ ചുവപ്പണിയാറുള്ള ചിന്നസ്വാമിക്കും നീലക്കടലാവാറുള്ള വാങ്കഡേയ്ക്കും ഈഡന്‍ ഗാര്‍ഡന്‍സിനുമൊക്കെ ചെന്നൈ മൈതാനത്തിറങ്ങുമ്പോള്‍ മാത്രം ഒരേ നിറം. ഒരേ ഭാവം. ഒരേ മുഴക്കം. ഒരൊറ്റ പേര് മഹേന്ദ്ര സിങ് ധോനി.

ഒടുക്കം നിലയ്ക്കാത്ത ആരവങ്ങളാല്‍ മുഖരിതമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ നടുവില്‍ ചെന്നൈ തന്നെ കിരീടമുയര്‍ത്തി. ഐപിഎല്‍ കിരീടത്തിലെ ചെന്നൈയുടെ അഞ്ചാം മുത്തം. നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തന്നെ തറപറ്റിച്ച് 'തല'യും സംഘവും തലയുയര്‍ത്തി നിന്നു. അലകടലിനൊടുക്കം മനം നിറഞ്ഞ്, ഈറനണിഞ്ഞ് ഓരോരുത്തരും തിരിഞ്ഞുനടക്കുന്നു. ഒറ്റ ചോദ്യം മാത്രം ബാക്കിയാവുന്നു. ഇനിയുമെത്രനാള്‍ ഇങ്ങനെയൊരു മനുഷ്യന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.

Photo:AP

ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഇങ്ങനെ പറഞ്ഞു.

' ഇന്ന് ഗാലറിയിലെ പിങ്ക് കാണാന്‍ എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഇത് മഞ്ഞയാണ്. കാരണമെന്താമെന്ന് അറിയാമല്ലോ'

ചെന്നൈയുടെ മത്സരങ്ങളെവിടെവെച്ചാലും ഗാലറി മഞ്ഞക്കടലാകുന്ന കാഴ്ചയാണ് ഐപിഎല്ലിലുടനീളം കാണാനായത്. മഹേന്ദ്ര സിങ് ധോനി എന്ന മനുഷ്യനെ മാത്രം മൈതാനത്ത് കാണാനായി വന്ന അനേകായിരങ്ങളുണ്ട്. അയാള്‍ക്കായുള്ള പ്ലക്കാര്‍ഡുകള്‍കൊണ്ട് ഗാലറികള്‍ നിറഞ്ഞു. അയാള്‍ മൈതാനത്ത് ഇറങ്ങുമ്പോഴൊക്കെ നിലയ്ക്കാത്ത ആരവങ്ങള്‍. തന്നെ ഇവര്‍ ഉടനീളം പിന്തുടരുകയാണെന്നാണ് തോന്നുന്നതെന്ന് ധോനി തന്നെ ആരാധകരെക്കുറിച്ച് പറഞ്ഞുവെച്ചു. ഒരു പക്ഷേ കരിയറിന്റെ അവസാനത്തിലെത്തിനില്‍ക്കുന്ന മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇതുപോലൊരു വരവേല്‍പ്പ് ലഭിച്ചിട്ടുണ്ടാകില്ല. പല തവണ ധോനി ക്രീസില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ലൈവ് സ്ട്രീമിങ്ങില്‍ രണ്ട് കോടിയിലധികം കാഴ്ചക്കാരുണ്ടായി. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ് ധോനിയുടെ കാല്‍തൊട്ട് വന്ദിച്ചാണ് ഇഷ്ടം പ്രകടിപ്പിച്ചത്. അടങ്ങാത്ത സ്‌നേഹമൊഴുകി പടരുന്ന സ്റ്റേഡിയങ്ങള്‍ക്ക് നടുവില്‍ തലപ്പൊക്കത്തില്‍ ഈ നാല്‍പ്പത്തൊന്നുകാരന്‍ കളിക്കാനിറങ്ങി.

Photo: PTI

ഐപിഎല്ലില്‍ ആദ്യമായി പകരക്കാരെയിറക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ച ഐപിഎല്‍ സീസണ്‍ കൂടിയായിരുന്നു 16-ാം സീസണ്‍. കരിയറിന്റെ അവസാനത്തിലെത്തിയ ധോനി ഇമ്പാക്ട് പ്ലെയറായിട്ടാകും കളിക്കുകയെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. അയാള്‍ക്ക് ഇനി കൂടുതലൊന്നും മൈതാനത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന വിമര്‍ശനങ്ങളുമുണ്ടായി. എന്നാല്‍ അയാള്‍ മൈതാനത്തുള്ളതു തന്നെ ഒരു ഇമ്പാക്ട് ആണല്ലോ എന്ന മറുവാദമുയര്‍ന്നു. അത് അക്ഷരം പ്രതി അന്വര്‍ഥമാക്കുന്നതായിരുന്നു അയാളുടെ പ്രകടനങ്ങള്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായാണ് ധോനി വരവറിയിച്ചത്. ലഖ്‌നൗവിനെതിരായ രണ്ടാം മത്സരത്തില്‍ അവസാന ഓവറില്‍ ക്രീസിലെത്തിയ ധോനി മാര്‍ക്ക് വുഡിനെ തുടരെത്തുടരെ രണ്ട് സിക്‌സറുകളടിച്ചാണ് മടങ്ങിയത്. ബാറ്റിങ്ങിനു പുറമേ ടീം പ്രകടനങ്ങള്‍ വിലയിരുത്തുന്ന നായകനേയും തുടക്കത്തില്‍ തന്നെ കാണാനായി. പേസര്‍മാരുടെ ഫോമില്ലായ്മയെ വിമര്‍ശിച്ച താരം എക്‌സ്ട്രാ റണ്‍സ് വഴങ്ങിയാല്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. പിന്നാലെ മുംബൈയ്‌ക്കെതിരേ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് തന്റെ നിരീക്ഷണപാടവത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ധോനി തെളിയിച്ചു. മിച്ചല്‍ സാന്റ്‌നറിന്റെ ഓവറില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പന്ത് സൂര്യകുമാര്‍ യാദവിന്റെ ഗ്ലൗസില്‍ തട്ടി ധോനിയുടെ കൈയ്യിലൊതുങ്ങി. ചെന്നൈ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിഷേധിച്ചു. എന്നാല്‍ തീരുമാനം പുനപരിശോധിക്കാന്‍ ഡിആര്‍എസ്സിന് വിട്ട ധോനി അമ്പരപ്പിച്ചു. റീപ്ലേയില്‍ പന്ത് ഗ്ലൗസില്‍ തട്ടിയെന്ന് വ്യക്തമായതോടെ അമ്പയര്‍ തീരുമാനം മാറ്റി ഔട്ട് വിധിച്ചു. ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തെ ധോനി റിവ്യൂ സിസ്റ്റമെന്ന് വിളിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയത്.

തന്റെ ബാറ്റിങ്ങിന്റെ കരുത്തൊട്ടും ചോര്‍ന്നിട്ടില്ലെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു രാജസ്ഥാനെതിരേ കാഴ്ചവെച്ചത്. മധ്യനിരയ്ക്ക് ശോഭിക്കാന്‍ കഴിയാതെ വന്ന മത്സരത്തില്‍ ചെന്നൈയ്ക്കായി അവസാനം വരെ പൊരുതിയാണ് ധോനി മടങ്ങിയത്. 17 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറുകളുമുള്‍പ്പടെ 32 റണ്‍സെടുത്താണ് 'തല'യുടെ മടക്കം. 'തല, ഞങ്ങള്‍ക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ ദയവ്‌ചെയ്ത്' എന്നായിരുന്നു ധോനി ക്രീസില്‍ നില്‍ക്കുന്ന സമയത്ത് രാജസ്ഥാന്‍ ട്വീറ്റ് ചെയ്തത്. ദയവ്‌ചെയ്ത് ഞങ്ങളെ തോല്‍പ്പിക്കരുതെന്ന് പറയാതെ പറഞ്ഞുവെക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.

അവിടെയും അവസാനഓവറുകളിലെ വെടിക്കെട്ട് അവസാനിച്ചിരുന്നില്ല. പഞ്ചാബിനെതിരേ സാം കറന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തും ചെന്നൈ നായകന്‍ അതിര്‍ത്തികടത്തി. അഞ്ചാം പന്ത് ബാക്ക് വാര്‍ഡ് പോയന്റിന് മുകളിലൂടെയും അവസാനപന്ത് മിഡ് വിക്കറ്റിന് മുകളിലൂടേയും സിക്‌സറടിച്ച് ചെന്നൈ സ്‌കോര്‍ ധോനി 200-ലെത്തിച്ചു.

ഹൈദരാബാദിനെതിരേ വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന ധോനിയെ കാണാനായി. ധോനി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ബൈ റണ്ണിനായി ഓടരുതെന്ന് പറയാറുണ്ട്. അത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തോന്നിപ്പിക്കുന്നുണ്ടായിരുന്നു അയാളുടെ പ്രകടനം. മൈതാനത്ത് നിന്നുകൊണ്ട് മത്സരത്തിന്റെ ഗതി കൃത്യമായി വായിച്ചെടുക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള വൈദഗ്ധ്യവും പണ്ടേ പ്രസിദ്ധമാണ്. മുംബൈയ്‌ക്കെതിരേ അങ്ങനെയൊരു മാസ്മരിക നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. മുംബൈ നായകന്‍ രോഹിത് ശര്‍മയെ വീഴ്ത്തിയാണ് ധോനി ഏവരുടേയും കയ്യടി നേടിയത്.

മത്സരത്തിലെ ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലാണ് സംഭവം. രോഹിത്തിനായി ബാക്ക് വേര്‍ഡ് പോയന്റിലും ഷോര്‍ട്ട് തേര്‍ഡിലും സ്ലിപ്പിലും ഫീല്‍ഡര്‍മാരെ നിര്‍ത്തിയ ധോനി ആദ്യം വിക്കറ്റിന് പിന്നിലേക്ക് ഇറങ്ങിയാണ് നിന്നത്. എന്നാല്‍ രോഹിത്തിന് രണ്ട് പന്തുകള്‍ കളിക്കാന്‍ സാധിക്കാതെ വന്നതോടെ ധോനി സ്റ്റമ്പിനടുത്ത് കീപ്പ് ചെയ്തു. ഇതോടെ രോഹിത് സമ്മര്‍ദത്തിലായി. ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ സ്‌കൂപ്പ് ഷോട്ടിന് കളിക്കാനുള്ള മുംബൈ നായകന്റെ ശ്രമം പാളി. വേഗം കുറഞ്ഞ പന്തില്‍ ടൈമിങ് തെറ്റിയ രോഹിത്തിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ബാക്ക് വേര്‍ഡ് പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജ കൈപ്പിടിയിലാക്കി. ധോനിയുടെ കൃത്യമായ ഫീല്‍ഡ് വിന്യാസത്തെ കമന്റേറ്റര്‍മാരുള്‍പ്പടെ പ്രശംസിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വീണ്ടും വെടിക്കെട്ടുമായി എം.എസ്.ഡി കളം നിറഞ്ഞു. ഒമ്പത് പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും ഒരു ഫോറുമടക്കം 20 റണ്‍സെടുത്താണ് ധോനി പുറത്തായത്. മത്സരശേഷം കുറച്ച് പന്തുകള്‍ കളിച്ച് 200 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് അവതാരകന്റെ ചോദ്യമുയര്‍ന്നു. ഇത്തരത്തില്‍ സംഭാവന നല്‍കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നതായിരുന്നു ധോനിയുടെ മറുപടി. അതേ സമയം ധോനി നേരത്തേ ബാറ്റ് ചെയ്യാനിറങ്ങണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തി. ധോനിയുടെ ബാറ്റിങ് കാണാനാകുമെന്നതിനാല്‍ ജഡേജ ഔട്ടാകുമ്പോള്‍ സന്തോഷിക്കുന്ന ആരാധകരേയും ഗാലറിയില്‍ കാണാനായി. നേരത്തേ ബാറ്റിങ്ങിനിറങ്ങാന്‍ താത്പര്യമുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് ജഡേജ ഇങ്ങനെയാണ് മറുപടി പറഞ്ഞത്.

'ഞാന്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ തന്നെ ആരാധകര്‍ നിരാശരാണ്. അവര്‍ ധോനിക്ക് വേണ്ടി മഹിഭായ് എന്നാര്‍ത്തുവിളിക്കുന്നത് കേള്‍ക്കാം. അപ്പോള്‍ ഞാന്‍ ഇതിലും നേരത്തേ ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഞാന്‍ ഔട്ടാകാന്‍ കാത്തുനില്‍ക്കുകയാകും അവര്‍.'

പ്ലേ ഓഫിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ നിര്‍ണായകമത്സരങ്ങളില്‍ തന്ത്രങ്ങള്‍ മെനയുന്ന ക്യാപ്റ്റന്‍ ധോനിയുടെ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി ചെന്നൈ ഫൈനലിലേക്ക് മുന്നേറുന്നതിന് പിന്നില്‍ ധോനിയുടെ ക്യാപ്റ്റന്‍സിയുടെ മികവ് തെളിഞ്ഞുകാണാമായിരുന്നു. ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ധോനിയുടെ ഫീല്‍ഡിങ് തന്ത്രമായിരുന്നു. ഹാര്‍ദിക് ബാറ്റ് ചെയ്യുമ്പോള്‍ സ്‌ക്വയര്‍ ലെഗില്‍ നിന്ന രവീന്ദ്ര ജഡേജയെ ധോനി ബാക്ക്‌വേര്‍ഡ് പോയന്റിലേക്ക് മാറ്റി. സ്പിന്നര്‍ മഹീഷ് തീക്ഷണയോട് ഓഫ്‌സൈഡില്‍ പന്തെറിയാനും നിര്‍ദേശിച്ചു. തീക്ഷണ കൃത്യമായി അത് നടപ്പിലാക്കി. പന്ത് ഫീല്‍ഡറുടെ തലക്ക് മുകളിലൂടെ ബൗണ്ടറി പായ്ക്കാന്‍ ശ്രമിച്ച ഹാര്‍ദിക്കിന് പിഴച്ചു. ബാക്ക്‌വേര്‍ഡ് പോയന്റിലേക്ക് പന്തെത്തിയതോടെ ജഡേജ അനായാസം കൈയ്യിലാക്കി. പെട്ടെന്ന് ഫീല്‍ഡര്‍മാരെ മാറ്റിയുള്ള ധോനിയുടെ തന്ത്രത്തെ നിരവധിപേര്‍ പ്രശംസിച്ചു. സമാനമായ രീതിയിലായിരുന്നു റാഷിദ് ഖാന്റെ പുറത്താകലും.

Photo: PTI

ഇതേ മത്സരത്തില്‍ തന്നെ ധോനിയുടെ 'കുതന്ത്ര'വും മൈതാനത്ത് കണ്ടു. തന്റെ പദ്ധതി നടപ്പാക്കാന്‍ ഏതറ്റം വരേയും പോകാന്‍ മടിയില്ലാത്ത ക്യാപ്റ്റനെ. പേസര്‍ മതീഷ പതിരണയ്ക്ക് പന്തെറിയാന്‍ വേണ്ടിയാണ് ധോനി അപ്രതീക്ഷിത നീക്കം നടത്തിയത്. ഗുജറാത്ത് ബാറ്റ് ചെയ്യുന്നതിനിടെ 16-ാം ഓവറിലാണ് സംഭവം. ഒരോവര്‍ മാത്രം എറിഞ്ഞ് നേരത്തേ മൈതാനം വിട്ട പതിരണ 16-ാം ഓവര്‍ എറിയാന്‍ തിരിച്ചെത്തി. എന്നാല്‍ പതിരണയ്ക്ക് ബൗള്‍ ചെയ്യാനാകില്ലെന്ന് അമ്പയര്‍മാര്‍ അറിയിച്ചു. കാരണം കളിക്കിടെ ഒരു ബൗളര്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയാല്‍ പിന്നീട് തിരിച്ചെത്തി എത്ര സമയം മൈതാനത്ത് നിന്ന് നിന്ന് മാറിനിന്നോ അത്രയും സമയം ഫീല്‍ഡില്‍ ചിലവഴിച്ചെങ്കില്‍ മാത്രമേ പിന്നീട് ബൗള്‍ ചെയ്യാനാകൂ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പയര്‍മാര്‍ നിര്‍ദേശം നല്‍കിയത്.

നാല് മിനിറ്റുകള്‍ കൂടി മൈതാനത്ത് തുടര്‍ന്നാലേ പതിരണയ്ക്ക് പന്തെറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. പിന്നീട് ഏറെ നേരം ധോനി അമ്പയര്‍മാരുമൊത്ത് സംസാരിച്ചു. നാല് മിനിറ്റ് കഴിഞ്ഞതോടെ പതിരണ തന്നെ 16-ാം ഓവര്‍ എറിഞ്ഞു. പതിരണയ്ക്ക് പന്തെറിയാനായി ധോനി മനപൂര്‍വ്വം അമ്പയര്‍മാരോട് സംസാരിച്ചുവെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നു.

Photo: twitter.com

ഈ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമായിരുന്നു കലാശപ്പോരിലും. അവിടേയും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ ആ കപ്പുയര്‍ത്തുന്ന കാഴ്ചയോളം പോന്ന മറ്റൊന്നും തിങ്ങിനിറഞ്ഞ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തേയോ പുറത്തേ കോടിക്കണക്കിന് മനുഷ്യരേയോ തൃപ്ത്തിപ്പെടുത്തുമായിരുന്നില്ല. ആരവങ്ങള്‍ക്ക് വീണ്ടും ശബ്ദമേറി, ഇമ ചിമ്മാതെ കാത്തിരുന്ന കണ്ണുകളില്‍ ധോനി നിറഞ്ഞുനിന്നു. സഹതാരങ്ങള്‍ക്കൊപ്പം കപ്പുയര്‍ത്തി ഒരിക്കല്‍ കൂടി അയാള്‍ ചെന്നൈയുടെ തലവൈരാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

ഇനിയുമെത്ര സീണുകളില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായവുമണിഞ്ഞ് ധോനി മൈതാനത്തുണ്ടാവുമെന്ന് ആര്‍ക്കും നിശ്ചയമില്ല. താങ്കളുടെ അവസാന ഐപിഎല്‍ സീസണ്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് കമന്റേറ്റര്‍ മോറിസണ്‍ ചോദിച്ചപ്പോള്‍ 'നിങ്ങള്‍ ഇതെന്റെ അവസാന സീസണായിരിക്കുമെന്ന് തീരുമാനിച്ചോ? എന്ന മറുപടിയാണ് ധോനി നല്‍കിയത്. പിന്നേയും ആ ചോദ്യം ധോനിക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ടു. ഹര്‍ഷ ഭോഗ്ലെ മറ്റൊരു തരത്തിലാണ് ധോനിയോട് വിരമിക്കലിനെ പറ്റി ചോദിച്ചത്. ചെപ്പോക്കിലേക്ക് കളിക്കാന്‍ ഇനിയും വരുമോ എന്നായിരുന്നു ചോദ്യം. ഡിസംബറിലെ കളിക്കാരുടെ ലേലത്തോട് അടുത്ത സമയത്ത് തീരുമാനിക്കുമെന്നായിരുന്നു 'തല'യുടെ മറുപടി. കളിക്കുമ്പോഴായാലും പുറത്തായാലും ഞാന്‍ എപ്പോഴും സിഎസ്‌കെ യ്ക്ക് ഒപ്പമുണ്ടാകുമെന്നും ധോനി കൂട്ടിച്ചേര്‍ത്തു. കലാശപ്പോരിനൊടുക്കം അയാള്‍ അതിന് വ്യക്തത നല്‍കി. വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് പറഞ്ഞ ധോനി ഈ സ്‌നേഹം കാണാതിരിക്കാനാവില്ലെന്നും മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി കളിക്കാനാണ് ശ്രമമെന്നും വ്യക്തമാക്കി. അടുത്ത സീസണിലും ചെന്നൈയുടെ തല യായി അയാള്‍ മൈതാനത്തുണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

Content Highlights: ms dhoni performance in ipl 2023

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented