Photo: twitter.com/IPL
ലഖ്‌നൗ: ജയപരാജയങ്ങള്‍ മാറി മറിഞ്ഞ അത്യുജ്ജ്വല പോരാട്ടത്തില്‍ അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അതിനിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ലഖ്‌നൗ മുംബൈയെ പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത പേസ്ബൗളര്‍ മൊഹ്‌സിന്‍ ഖാനാണ് ലഖ്‌നൗവിന്റെ വിജയശില്‍പ്പി. അവസാന ഓവറില്‍ വേണ്ടിയിരുന്ന ഒന്‍പത് റണ്‍സ് വിജയലക്ഷ്യം രണ്ട് വെടിക്കെട്ട് ബാറ്റര്‍മാരുണ്ടായിരുന്നിട്ടും മുംബൈയ്ക്ക് നേടിയെടുക്കാനായില്ല. ഒരിക്കല്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈ അവിശ്വസനീയമായി തോല്‍ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ലഖ്‌നൗ വിജയം പിടിച്ചെടുത്തു. ഒപ്പം പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ജയിച്ചിരുന്നെങ്കില്‍ മുംബൈയ്ക്ക് പ്ലേ ഓഫില്‍ കയറാമായിരുന്നു.
178 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. ലഖ്‌നൗ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ആദ്യ വിക്കറ്റില്‍ 9.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ കൊണ്ടുവന്ന് ലഖ്‌നൗ ഈ കൂട്ടുകെട്ട് പൊളിച്ചു. രോഹിത് ശര്‍മയെ പുറത്താക്കി ബിഷ്‌ണോയി കരുത്തുകാട്ടി. 25 പന്തില്‍ 37 റണ്‍സെടുത്താണ് മുംബൈ നായകന്‍ ക്രീസ് വിട്ടത്. പിന്നാലെ ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടി. 34 പന്തുകളില്‍ നിന്നാണ് കിഷന്‍ അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ കിഷനെയും മടക്കി ബിഷ്‌ണോയി മുംബൈയ്ക്ക് തിരിച്ചടി സമ്മാനിച്ചു.
39 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 59 റണ്‍സെടുത്ത കിഷനെ ബിഷ്‌ണോയി നവീന്‍ ഉള്‍ ഹഖിന്റെ കൈയ്യിലെത്തിച്ചു. കിഷന്‍ മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ 11 ഓവറില്‍ 100 കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും നേഹല്‍ വധേരയും ക്രീസിലൊന്നിച്ചു. എന്നാല്‍ മിന്നും ഫോമില്‍ കളിക്കുന്ന സൂര്യകുമാറിനെ വീഴ്ത്തി യാഷ് ഠാക്കൂര്‍ മുംബൈയ്ക്ക് തിരിച്ചടി സമ്മാനിച്ചു.
ഇതോടെ മുംബൈയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ യുവതാരം നേഹല്‍ വധേരയും (16) മടങ്ങിയതോടെ മുംബൈ വിറച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 90 എന്ന സ്‌കോറില്‍ നിന്ന് 131 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് സന്ദര്‍ശകര്‍ വീണു. നാല് വിക്കറ്റ് നഷ്ടമായതോടെ ഇംപാക്റ്റ് പ്ലെയറായ മലയാളി താരം വിഷ്ണു വിനോദും ടിം ഡേവിഡും ക്രീസിലൊന്നിച്ചു.
അവസാന മൂന്നോവറില്‍ 39 റണ്‍സായി മുംബൈയുടെ വിജയലക്ഷ്യം. എന്നാല്‍ യാഷിന്റെ 18-ാം ഓവറില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച വിഷ്ണു വിനോദ് പുറത്തായി. വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആ ഓവറില്‍ ഒന്‍പത് റണ്‍സാണ് പിറന്നത്. ഇതോടെ രണ്ടോവറില്‍ 30 റണ്‍സായി മുംബൈയുടെ വിജയലക്ഷ്യം. നവീന്‍ ഉള്‍ ഹഖ് ചെയ്ത 19-ാം ഓവറില്‍ 19 റണ്‍സ് ഡേവിഡ് അടിച്ചെടുത്തു. ഇതോടെ മത്സരം നിര്‍ണായകമായ അവസാന ഓവറിലേക്ക് കടന്നു. അവസാന ഓവറില്‍ 11 റണ്‍സായി മാറി വിജയലക്ഷ്യം.
മൊഹ്‌സിന്‍ ഖാന്‍ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനിന് റണ്‍സെടുക്കാനായില്ല. രണ്ടാം പന്തില്‍ താരം ഒരു റണ്‍ നേടി. മൂന്നം പന്തില്‍ ഡേവിഡിനും ഒരു റണ്‍ മാത്രമാണ് നേടാനായത്. ഇതോടെ മൂന്ന് പന്തില്‍ ഒന്‍പത് റണ്‍സായി വിജയലക്ഷ്യം. നാലാം പന്തില്‍ മൊഹ്‌സിന്‍ ഖാന്‍ ഗ്രീനിനെ നിസ്സഹായനാക്കി. ഇതോടെ വിജയലക്ഷ്യം രണ്ട് പന്തിലേക്കൊതുങ്ങി. അഞ്ചാം പന്തില്‍ ഗ്രീനിന് ഒരു റണ്‍ മാത്രമാണ് നേടാനായത്. ഇതോടെ ലഖ്‌നൗ വിജയമുറപ്പിച്ചു. അവസാന പന്തില്‍ ഡേവിഡിന് നേടാനായത് രണ്ട് റണ്‍സ് മാത്രം. ഇതോടെ ലഖ്‌നൗ വിജയം നേടി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. മൊഹ്‌സിന്‍ ഖാന്‍ ലഖ്‌നൗവിന്റെ വീരനായകനായി മാറി. ഡേവിഡ് 19 പന്തില്‍ 32 റണ്‍സെടുത്തും ഗ്രീന്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ലഖ്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ്, യാഷ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മൊഹ്‌സിന്‍ ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. അപരാജിതനായി ഒറ്റയ്ക്ക് നിന്ന് പൊരുതി തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയിനിസ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്‌നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കം തന്നെ പിഴച്ചു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ദീപക് ഹൂഡയെ ലഖ്‌നൗവിന് നഷ്ടമായി. വെറും അഞ്ച് റണ്‍സാണ് താരം നേടിയത്. പിന്നാലെ വന്ന പ്രേരക് മങ്കാദിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. വൈകാതെ മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കും ക്രീസ് വിട്ടു. 16 റണ്‍സെടുത്ത താരത്തെ പീയുഷ് ചൗള പുറത്താക്കി.
ഇതോടെ ലഖ്‌നൗ വമ്പന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ടീമിന് 35 റണ്‍സെടുക്കുന്നതിനെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്സും നായകന്‍ ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും പതിയെ ട്രാക്കിലേക്ക് കയറി.
ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ബൗളര്‍മാര മാറിമാറി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. 14 ഓവറില്‍ ക്രുനാലും സ്‌റ്റോയിനിസും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 117-ല്‍ നില്‍ക്കെ ക്രുനാല്‍ പാണ്ഡ്യ പരിക്കുമൂലം ക്രീസ് വിട്ടു.42 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് നായകന്‍ ക്രീസ് വിട്ടത്. സ്റ്റോയിനിസ്സിനൊപ്പം 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രുനാല്‍ മടങ്ങിയത്.
ക്രുനാലിന് പകരം നിക്കോളാസ് പൂരാന്‍ ക്രീസിലെത്തി. പൂരാനെ സാക്ഷിയാക്കി സ്റ്റോയിനിസ് അര്‍ധസെഞ്ചുറി കുറിച്ചു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം സ്‌റ്റോയിനിസ് 24 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ താരം ടീം സ്‌കോര്‍ 150 കടത്തി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത സ്‌റ്റോയിനിസ് ടീം സ്‌കോര്‍ 177-ല്‍ എത്തിച്ചു.
സ്‌റ്റോയിനിസ് വെറും 47 പന്തില്‍ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പൂരാന്‍ എട്ട് റണ്‍സെടുത്ത് പിന്തുണ നല്‍കി. മുംബൈയ്ക്ക് വേണ്ടി ബെഹ്‌റെന്‍ഡോര്‍ഫ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ പീയുഷ് ചൗള ഒരു വിക്കറ്റ് സ്വന്തമാക്കി.
Content Highlights: lucknow super giants vs mumbai indians ipl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..