Photo: twitter.com/IndSuperLeague
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തോറ്റെന്ന് കരുതിയ മത്സരത്തില്‍ റിങ്കു സിങ്ങിന്റെ ബാറ്റിങ് മാജിക്കില്‍ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. യാഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ അവസാന അഞ്ച് പന്തുകളും സിക്‌സറിന് തൂക്കി റിങ്കു കൊല്‍ക്കത്തയ്ക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തില്‍ കൊല്‍ക്കത്ത മറികടന്നു.
വെങ്കടേഷ് അയ്യര്‍, ക്യാപ്റ്റന്‍ നിതിഷ് റാണ എന്നിവര്‍ക്കൊപ്പം റിങ്കു സിങ്ങിന്റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.
റഹ്‌മാനുള്ള ഗുര്‍ബാസ് (15), ജഗദീശന്‍ (6) എന്നിവരെ തുടക്കത്തിലേ നഷ്ടമായ കൊല്‍ക്കത്തയെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് അയ്യര്‍ - നിതിഷ് റാണ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 45 റണ്‍സെടുതത് റാണയെ മടക്കി അല്‍സാരി ജോസഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും എട്ട് ഫോറുമടക്കം 83 റണ്‍സെടുത്ത അയ്യരെയും മടക്കി ജോസഫ് മത്സരം ഗുജറാത്തിന് അനുകൂലമാക്കി.
പിന്നാലെ 17-ാം ഓവറില്‍ ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ മത്സരത്തില്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയിരുന്നു. ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (0) എന്നിവരെയാണ് അടുത്തടുത്ത പന്തുകളില്‍ റാഷിദ് മടക്കിയത്.
എന്നാല്‍ കൈവിട്ടെന്ന് തോന്നിയ മത്സരം അവസാന ഓവറിലെ വെടിക്കെട്ടിലൂടെ റിങ്കു സിങ് സ്വന്തമാക്കുകയായിരുന്നു. 21 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും ഒരു ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് സായ് സുദര്‍ശന്റെയും വിജയ് ശങ്കറിന്റെയും ബാറ്റിങ് മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിരുന്നു.
അഞ്ചാമനായി ഇറങ്ങി ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ 200 കടത്തിയത്. വെറും 24 പന്തുകള്‍ നേരിട്ട ശങ്കര്‍ അഞ്ച് സിക്സും നാല് ഫോറുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്സറുകള്‍ പറത്തിയ ശങ്കര്‍ 262.50 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.
നിലയുറപ്പിച്ചു കളിച്ച സായ് സുദര്‍ശന്‍ 38 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 53 റണ്‍സെടുത്തു.
വൃദ്ധിമാന്‍ സാഹ - ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സഖ്യം 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത സാഹയെ മടക്കി സുനില്‍ നരെയ്നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഗില്‍ - സായ് സുദര്‍ശന്‍ സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഗുജറാത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. 31 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 39 റണ്‍സെടുത്ത ഗില്ലിനെയും നരെയ്നാണ് പുറത്താക്കിയത്. നാലാമനായി ഇറങ്ങിയ അഭിനവ് മനോഹര്‍ 14 റണ്‍സെടുത്ത് പുറത്തായി.
പിന്നാലെ അഞ്ചാ വിക്കറ്റില്‍ ഒന്നിച്ച വിജയ് ശങ്കര്‍ - ഡേവിഡ് മില്ലര്‍ സഖ്യം വെറും 15 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 51 റണ്‍സ്. ഇതില്‍ 49-ഉം ശങ്കറിന്റെ ബാറ്റില്‍ നിന്നായിരുന്നു.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: isl 2023 Gujarat Titans vs Kolkata Knight Riders at Ahmedabad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..