Photo: twitter.com/imVkohli
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ആരാധക പിന്തുണയ്ക്ക് നന്ദിയറിയിച്ച് വിരാട് കോലി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി ആര്‍സിബി പുറത്തായതിലെ നിരാശയും പങ്കുവെച്ചിരിക്കുന്നത്.
'നല്ല നിമിഷങ്ങളുണ്ടായിരുന്ന ഒരു സീസണായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ലക്ഷ്യത്തിനരികേ കാലിടറി വീണു. നിരാശരാണ്, പക്ഷേ നാം തലയുയര്‍ത്തി തന്നെ നില്‍ക്കണം. ഓരോ ഘട്ടത്തിലും ഞങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. പരിശീലകര്‍ക്കും മാനേജ്‌മെന്റിനും എന്റെ ടീം അംഗങ്ങള്‍ക്കും വലിയ നന്ദി. ശക്തരായി തന്നെ ഞങ്ങള്‍ തിരിച്ചുവരും.' - കോലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ തോറ്റതോടെയാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. വിരാട് കോലി സെഞ്ചുറി നേടിയിട്ടും ടീം തോറ്റു. കോലിയുടെ സെഞ്ചുറിക്ക് ഗില്ലിന്റെ സെഞ്ചുറിയിലൂടെ ഗുജറാത്ത് മറുപടി നല്‍കിയപ്പോള്‍ അവര്‍ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.
ഇതോടെ ആര്‍സിബിയുടെ കിരീട വരള്‍ച്ച തുടര്‍ച്ചയായ 16-ാം സീസണിലേക്ക് നീണ്ടു. കിരീടം നേടാനായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ആരാധകരേറെയുള്ള ടീമാണ് ആര്‍സിബി.
16-ാം സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന കോലി 14 മത്സരങ്ങളില്‍ നിന്നായി 53.25 ശരാശരിയില്‍ 639 റണ്‍സ് നേടിയിരുന്നു. രണ്ട് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളുമടക്കമായിരുന്നു കോലിയുടെ റണ്‍വേട്ട. സീസണിലെ റണ്‍വേട്ടക്കാരില്‍ ഫാഫ് ഡുപ്ലെസിക്കും ശുഭ്മാന്‍ ഗില്ലിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു കോലി.
Content Highlights: ipl 2023 Virat Kohli Pens Heartfelt Note After RCB Exit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..