വാങ്കഡെയില്‍ കത്തിക്കയറി SKY; കുറിച്ചത് കന്നി ഐപിഎല്‍ സെഞ്ചുറി


1 min read
Read later
Print
Share

Photo: PTI

മുംബൈ: വാങ്കഡെയുടെ ആകാശം ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവെന്ന മുംബൈക്കാരന്റെ ബാറ്റിങ് കരുത്തിനു മുന്നില്‍ മതിമറന്ന് നിന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ട്വന്റി 20 ബാറ്റിങ്ങിന്റെ സ്‌ഫോടനാത്മകത മുഴുവന്‍ പുറത്തെടുത്ത ഇന്നിങ്‌സിലൂടെ ആരാധകരുടെ സ്വന്തം സ്‌കൈ ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറിയും കുറിച്ചു.

ഗുജറാത്ത് ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ സൂര്യ 49 പന്തില്‍ നിന്ന് 11 ഫോറും ആറ് സിക്‌സും പറത്തി 103 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യ കത്തിക്കയറിയപ്പോള്‍ ഗുജറാത്തിനെതിരേ മുംബൈ കുറിച്ചത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്.

മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സൂര്യ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഒരു താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ കടുത്ത വിമര്‍ശനം നേരിട്ടയാളാണ് സൂര്യ. എന്നാല്‍ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ സൂര്യയെ പിന്നീട് പിടിച്ചുകെട്ടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. നേരത്തെ ഈ സീസണില്‍ മുംബൈ മൂന്ന് തവണ 200-ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചു. ആ മൂന്ന് മത്സരങ്ങളിലും മുംബൈ ബാറ്റിങ്ങിനെ മുന്നില്‍ നിന്ന് നയിച്ചത് സൂര്യയായിരുന്നു. രാജസ്ഥാനെതിരേ 29 പന്തില്‍ 55, പഞ്ചാബിനെതിരേ 31 പന്തില്‍ 66, ആര്‍സിബിക്കെതിരേ 35 പന്തില്‍ 83, പിന്നാലെ ഇപ്പോഴിതാ സെഞ്ചുറിയും.

ഇത്രയും ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിക്കുകയും തന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്ന മറ്റൊരു ബാറ്റ്സ്മാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ ഗുജറാത്തിന്റെ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും അല്‍സാരി ജോസഫുമെല്ലാം നന്നായി തല്ലുവാങ്ങി. തുടക്കത്തില്‍ പതറിയ മുംബൈയുടെ തിരിച്ചുവരവിനു പിന്നിലും സൂര്യയുടെ ഫോമല്ലാതെ മറ്റെന്താണ്.

Content Highlights: IPL 2023 Suryakumar Yadav continues great run of form

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented