Photo: twitter.com/rajasthanroyals
അഹമ്മദാബാദ്: 2015-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ പലവട്ടം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന് ദേശീയ ടീമില്‍ സ്ഥിരമായ ഒരു അവസരം സെലക്ടര്‍മാരോ ടീം മാനേജ്‌മെന്റോ നല്‍കുന്നില്ല. ഇടയ്ക്കിടയ്ക്ക് അവസരങ്ങള്‍ നല്‍കി, ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന നടപടിയാണ് ഇത്രയും കാലം സഞ്ജുവിന്റെ കാര്യത്തില്‍ ഉണ്ടാകുന്നത്.
ഇതിനെതിരേ പലപ്പോഴും മുന്‍ താരങ്ങളടക്കമുള്ളവര്‍ പ്രതികരിക്കാറുണ്ട്. സഞ്ജുവിനായി സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ക്യാമ്പെയ്ന്‍ തന്നെ നടക്കാറുണ്ട്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സിനു പിന്നാലെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം കൊടുക്കണമെന്ന് വാദിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്തുവന്നിരിക്കുകയാണ്.
സഞ്ജു ഉറപ്പായും ഇന്ത്യയ്ക്കായി കളിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ''അത് ഒരു ക്യാപ്റ്റന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു. അത്തരം കളിക്കാര്‍ മറ്റുള്ളവരേക്കാള്‍ ധൈര്യശാലികളായിരിക്കും. സഞ്ജു ഒരു സ്‌പെഷ്യല്‍ പ്ലെയറാണ്. കളിയില്‍ ഹെറ്റ്മയറേക്കാള്‍ സ്വാധീനം സഞ്ജുവിനുണ്ടായിരുന്നു. കാരണം സഞ്ജുവാണ് തിരിച്ചടി തുടങ്ങിവെച്ചത്, ഹെറ്റ്മയര്‍ അത് പൂര്‍ത്തിയാക്കി. നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ മത്സരം അവസാനത്തേക്ക് വരെ കൊണ്ടുപോകാന്‍ കഴിയും. എം.എസ് ധോനി അത്തരത്തില്‍ മത്സരം അവസാനം വരെ കൊണ്ടുപോകുമായിരുന്നു, കാരണം ധോനിക്ക് തന്റെ കഴിവില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. അവസാനം വരെ നിന്നാല്‍ തനിക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.'' - സഞ്ജുവിനെയും ധോനിയേയും താരതമ്യം ചെയ്ത് ഹര്‍ഭജന്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരം പൂര്‍ത്തിയായതിനു പിന്നാലെ ഹര്‍ഷ ഭോഗ്‌ലെയും സഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. 'ഞാന്‍ സഞ്ജുവിനെ എല്ലാ ദിവസവും ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ കളിപ്പിക്കുമായിരുന്നു എന്നായിരുന്നു ഭോഗ്‌ലെയുടെ ട്വീറ്റ്. മുന്‍പും സഞ്ജു ഉറപ്പായും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന ആവശ്യവുമായി ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് കോച്ച് അമോല്‍ മജുംദാറും അഭിപ്രായപ്പെട്ടു. ഒരു തവണ പരാജയപ്പെട്ടാല്‍ സഞ്ജുവിനെ പുറത്താക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സ്ഥിരമായി അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കഴിവുകൊണ്ട് കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒരു പയ്യന്‍ ഉള്ളപ്പോള്‍ അവന് അവസരങ്ങള്‍ കൊടുക്കാന്‍ എന്തിന് മടിക്കണമെന്നും അമോല്‍ മജുംദാര്‍ ചോദിച്ചു.
Content Highlights: IPL 2023 Sanju Samson has to play for India says Harbhajan Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..