രോഹിത്ത് ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും കളിക്കില്ല; പകരം സൂര്യ


2 min read
Read later
Print
Share

Photo: ANI

മുംബൈ: ഐപിഎല്‍ 16-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കേ ജോലി ഭാരം കുറച്ച് ആവശ്യത്തിന് വിശ്രമമെടുക്കാനും പരിക്കേല്‍ക്കുന്നത് ഒഴിവാക്കണമെന്നുമുള്ള ബിസിസിഐ നിര്‍ദേശം കണക്കിലെടുത്താണിത്.

നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ ഏകദിന ലോകപ്പ് ലക്ഷ്യമിട്ട് ലോകകപ്പ് ടീമിന്റെ ഭാഗമാകുന്ന 20 അംഗ കളിക്കാരുടെ ഒരു പൂളിനെ ബിസിസിഐ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ഐപിഎല്‍ ഒഴിവാക്കി ഐസിസി ഇവന്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ പൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനും കളിക്കാരുടെ ഫിറ്റ്നസ് ട്രാക്ക് ചെയ്യുന്നതിനു വേണ്ടിയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയെ ചുമലതപ്പെടുത്തുകയും ചെയ്തു. ഇതിനായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇത് മുന്‍നിര്‍ത്തിയാണ് രോഹിത് ഇത്തവണത്തെ സീസണിലെ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ രോഹിത് കളിക്കാത്ത മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് മുംബൈയുടെ ക്യാപ്റ്റനായേക്കും. മുന്‍ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡായിരുന്നു കഴിഞ്ഞ സീസണില്‍ രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ പൊള്ളാര്‍ഡ് വിരമിച്ചതോടെ സൂര്യ മുംബൈയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തെത്തുകയായിരുന്നു.

നേരത്തെ പരിക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരുടെയും കാറപകടത്തെ തുടര്‍ന്ന് ഋഷഭ് പന്തിന്റെയും സേവനം ഇപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമാണ്. 2022 സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 മത്സരത്തിലാണ് ബുംറ അവസാനമായി കളത്തിലിറങ്ങിയത്. ഇത്തവണത്തെ ഐപിഎല്ലിലും ബുംറ കളിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാകും. കടുത്ത നടുവേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ താരം കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

പുറംവേദനയെ തുടര്‍ന്ന് നേരത്തെ തന്നെ വിട്ടുനിന്നിരുന്ന ശ്രേയസിന് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ശ്രേയസ്സിന് ഐ.പി.എല്ലും ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും. ഇതോടെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളോടെ ജോലിഭാരം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Content Highlights: IPL 2023 Rohit Sharma May Not Play Every Match

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented