Photo: PTI
ഐപിഎല്‍ മത്സരങ്ങള്‍ എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശത്തിന്റെ ഒട്ടനവധി നിമിഷങ്ങള്‍ സമ്മാനിക്കുന്നവയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പക്ഷേ കാണികളെ ആവേശത്തിന്റ പരകോടിയിലേക്കാണ് കൈപിടിച്ചുകൊണ്ടുപോയത്. കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം അവസാന അഞ്ച് പന്തുകള്‍ സിക്‌സറിന് പറത്തി റിങ്കു സിങ് എന്ന പോരാളി കൊല്‍ക്കത്തയ്ക്കായി സ്വന്തമാക്കുകയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 205 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 16.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍ പതറുമ്പോഴാണ് ഹീറോയായി റിങ്കു അവതരിക്കുന്നത്. റിങ്കുവിനൊപ്പം ഉമേഷ് യാദവായിരുന്നു ക്രീസില്‍. റാഷിദ് ഖാന്‍ എറിഞ്ഞ 17-ാം ഓവറില്‍ വെറും രണ്ട് റണ്‍സും മുഹമ്മദ് ഷമിയെറിഞ്ഞ 18-ാം ഓവറില്‍ അഞ്ച് റണ്‍സും മാത്രമാണ് ഇരുവര്‍ക്കും നേടാനായത്. പിന്നാലെ ജോഷ്വാ ലിറ്റില്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ നാല് പന്തില്‍ രണ്ട് വൈഡ് ബോളുകള്‍ അടക്കം പിറന്നത് വെറും നാല് റണ്‍സ്. മത്സരം കൈവിട്ടെന്ന് കൊല്‍ക്കത്തക്കാര്‍ ഉറപ്പിച്ച ഘട്ടത്തില്‍ ലിറ്റിലിന്റെ അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ബൗണ്ടറിയും നേടി റിങ്കു പ്രതീക്ഷയുടെ ഇത്തിരി വെട്ടം സമ്മാനിച്ചു. അവസാന ഓവര്‍ എറിയാനെത്തിയത് യാഷ് ദയാല്‍. ആറ് പന്തില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് ജയത്തിലേക്ക് വേണ്ടത് 29 റണ്‍സ്. ആദ്യ പന്തില്‍ ഉമേഷ് യാദവിന്റെ വക സിംഗിള്‍. ശേഷിക്കുന്ന അഞ്ച് പന്തില്‍ നിന്ന് വേണ്ടത് 28 റണ്‍സ്. പിന്നീടായിരുന്നു റിങ്കു തന്റെ യഥാര്‍ഥ രൂപം പുറത്തെടുത്തത്. ദയാലിന്റെ അടുത്ത അഞ്ച് പന്തുകളും നിലംതൊടാതെ ഗാലറിയില്‍. ആവേശത്തില്‍ കൊല്‍ക്കത്ത ടീം ഒന്നടങ്കം മൈതാനത്തേക്ക് ഇരച്ചെത്തി, റിങ്കു അവര്‍ക്ക് നേരെയും.

എന്നാല്‍ ആഹ്ലാദത്തിന്റെ പരകോടിയിലും അന്ന് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വീണ കണ്ണീരിന്റെ നനവ് ഇന്നും റിങ്കുവിന് ഓര്‍മയുണ്ടാകുമോ? ഈ ആവേശത്തിലും റിങ്കുവിന്റെ മനസില്‍ ഇന്നും നീറുന്ന വേദനായായി നിനില്‍ക്കുന്ന ഒരു മത്സരമുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ മേയ് 18-ന് മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നടന്ന മത്സരം. പ്ലേ ഓഫിലെത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമായിരുന്ന മത്സരം. അന്ന് ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറിയുടെയും കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ലഖ്‌നൗ അടിച്ചുകൂട്ടിയത് 210 റണ്‍സ്. അന്ന് ഇതുപോലെ കൈവിട്ടെന്ന് കരുതിയ മത്സരം ഒറ്റയ്ക്ക് ജയത്തിനടുത്തുവരെ വലിച്ചടുപ്പിക്കാനായെങ്കിലും രണ്ട് റണ്‍സകലെ വിജയം കൈവിട്ടുപോകുന്നത് കണ്ട് കണ്ണീര്‍ വാര്‍ക്കുകയായിരുന്നു റിങ്കു.
അന്ന് 211 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വെങ്കടേഷ് അയ്യരും (0) പിന്നാലെ മൂന്നാം ഓവറില്‍ അഭിജീത് തോമറും (4) പുറത്ത്. എന്നാല്‍ നിതീഷ് റാണ (22 പന്തില്‍ 42), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), സാം ബില്ലിങ്സ് (24 പന്തില്‍ 36) എന്നിവരുടെ ഇന്നിങ്സുകളിലൂടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടം. എന്നാല്‍ ഇവര്‍ക്കൊപ്പം അപകടകാരിയായ ആന്ദ്രേ റസ്സലിനെയും (5) മടക്കി ലഖ്നൗ മത്സരം വരുതിയിലാക്കി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച റിങ്കു സിങ് - സുനില്‍ നരെയ്ന്‍ സഖ്യം വമ്പനടികളോടെ മത്സരം വീണ്ടും ആവേശകരമാക്കി. അതിവേഗം 58 റണ്‍സ് ചേര്‍ത്ത ഇരുവരും വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. അങ്ങനെ മാര്‍ക്കസ് സ്റ്റോയ്നിസെറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. തകര്‍പ്പന്‍ ഫോമിലായിരുന്ന റിങ്കു സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറും അടുത്ത രണ്ട് പന്തുകളില്‍ സിക്സും നേടി കളി ആവേശമാക്കി. ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ വേണ്ടത് രണ്ട് പന്തില്‍ മൂന്ന് റണ്‍സ്. പക്ഷേ അഞ്ചാം പന്തില്‍ വമ്പനടിക്ക് മുതിര്‍ന്ന റിങ്കുവിന് പിഴച്ചു. പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ എവിന്‍ ലൂയിസിന്റെ കൈകളില്‍. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കേ ഉമേഷ് യാദവിനെ പുറത്താക്കി സ്റ്റോയ്നിസ് ലഖ്‌നൗവിന് വിജയവും പ്ലേ ഓഫ് ബര്‍ത്തും സമ്മാനിച്ചു. തോല്‍വിയുറപ്പിച്ച മത്സരം രണ്ടു റണ്‍സിന് കഷ്ടിച്ച് ജയിച്ചതിന്റെ ആഹ്ലാദത്തില്‍ ലഖ്നൗ ടീം ആഘോഷിക്കുമ്പോള്‍ ക്യാമറ കണ്ണുകള്‍ തിരഞ്ഞത് റിങ്കുവിനെയായിരുന്നു. വെറും 15 പന്തില്‍ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 40 റണ്‍സ് അടിച്ചെടുത്ത് തന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കളിച്ചിട്ടും ടീം തോറ്റ നിരാശയില്‍ പൊട്ടിക്കരയുകയായിരുന്നു റിങ്കു അപ്പോള്‍.
എന്നാല്‍ ആ മേയ് 18 പിന്നിട്ട് 10 മാസങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ആവേശമത്സരം പിറവിയെടുത്തപ്പോള്‍ അന്നത്തെ ആ കണ്ണീരില്‍ നിന്ന് പുഞ്ചിരിയിലേക്കെത്താന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് റിങ്കു.
Content Highlights: IPL 2023 Rinku Singh Smashes 5 Straight Sixes in last over
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..