Photo: AP
ധരംശാല: നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍. ജയം അനിവാര്യമായിരുന്ന അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്.
അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, 46 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഇതോടെ 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും അവസാന ലീഗ് മത്സരങ്ങള്‍ അനുകൂലമായെങ്കില്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ.
188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്ട്‌ലറെ (0) നഷ്ടമായി. നിര്‍ണായക മത്സരത്തില്‍ ഒരിക്കല്‍ കൂടി ബട്ട്‌ലര്‍ നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ - ദേവ്ദത്ത് പടിക്കല്‍ സഖ്യം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കി. ഒടുവില്‍ 30 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 51 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ കാര്യമായ സംഭാവനയില്ലാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണും (2) മടങ്ങി.
തുടര്‍ന്ന് ജയ്‌സ്വാളും ഷിംറോണ്‍ ഹെറ്റ്മയറും ചേര്‍ന്ന് സ്‌കോര്‍ 137 വരെയെത്തിച്ചു. പിന്നാലെ 36 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 50 റണ്‍സുമായി ജയ്‌സ്വാളും മടങ്ങി. പിന്നാലെ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ഹെറ്റ്മയര്‍ സ്‌കോര്‍ ഉയര്‍ത്തി. 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത പരാഗ് 18-ാം ഓവറിലും 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സെടുത്ത ഹെറ്റ്മയര്‍ 19-ാം ഓവറിലും പുറത്തായതോടെ രാജസ്ഥാന്‍ വീണ്ടും പ്രതിസന്ധിയിലായി. എന്നാല്‍ ഇംപാക്റ്റ് പ്ലെയറായെത്തിയ ദ്രുവ് ജുറെല്‍ നാല് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത് രാജസ്ഥാന് ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു. മുന്‍നിര തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ സാം കറന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
6.3 ഓവറിനുള്ളില്‍ പ്രഭ്‌സിമ്രാന്‍ സിങ് (2), ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (17), അഥര്‍വ തായ്‌ഡെ (19), ലിയാം ലിവിങ്സ്റ്റണ്‍ (9) എന്നിവരെ നഷ്ടമായി നാലിന് 50 റണ്‍സെന്ന നിലിലായിരുന്നു പഞ്ചാബ്.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സാം കറന്‍ - ജിതേഷ് ശര്‍മ സഖ്യം 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 28 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ജിതേഷിനെ മടക്കി നവ്ദീപ് സയ്‌നിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ ആറാം വിക്കറ്റില്‍ കറനൊപ്പം ഷാരൂഖ് ഖാനും ചേര്‍ന്നതോടെ പഞ്ചാബ് കുതിച്ചു. ഇരുവരും അതിവേഗം 73 റണ്‍സ് അടിച്ചെടുത്തതോടെ പഞ്ചാബ് സ്‌കോര്‍ 187-ല്‍ എത്തി. 31 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഷാരൂഖ് 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 41 റണ്‍സോടെ പുറത്താകാതെ നിന്നു.
രാജസ്ഥാനായി സയ്‌നി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: ipl 2023 Rajasthan Royals beat Punjab Kings at Dharamsala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..