Photo: AP
ചെന്നൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് എം.എസ്. ധോനിയുടെ സ്ഥാനം. കളിക്കളത്തില്‍ നിന്നുകൊണ്ട് മത്സരത്തിന്റെ ഗതി കൃത്യമായി വായിച്ചെടുക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള ധോനിയുടെ കഴിവ് പ്രസിദ്ധമാണ്. ശനിയാഴ്ച ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും ധോനിയുടെ ഈ ക്രിക്കറ്റ് തലച്ചോറിന്റെ മികവ് ലോകം കണ്ടു.
മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വീഴ്ത്തിയ ധോനിയുടെ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പതിവിന് വിപരീതമായി വണ്‍ഡൗണായി രോഹിത് ബാറ്റിങ്ങിനെത്തിയപ്പോള്‍ ധോനി വരുത്തിയ ഫീല്‍ഡിങ് മാറ്റം എടുത്ത് പറയേണ്ടതുണ്ട്.
മത്സരത്തില്‍ ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു ഇത്. രോഹിത്തിനായി ബാക്ക്‌വേര്‍ഡ് പോയിന്റിലും ഷോര്‍ട്ട് തേര്‍ഡിലും സ്ലിപ്പിലും ഫീല്‍ഡര്‍മാരെ നിര്‍ത്തിയ ധോനി, ആദ്യം ഫാസ്റ്റ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ സാധാരണ ചെയ്യുന്നത് പോലെ വിക്കറ്റിന് നന്നായി പിന്നിലേക്ക് ഇറങ്ങിയാണ് നിന്നത്. എന്നാല്‍ രോഹിത്തിന് രണ്ട് പന്തുകള്‍ കളിക്കാന്‍ സാധിക്കാതിരുന്നതോടെ അദ്ദേഹം സ്റ്റമ്പിനടുത്ത് കീപ്പ് ചെയ്തു. ഇതോടെ രോഹിത് സമ്മര്‍ദത്തിലായി.
ധോനിയുടെ ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിന് പിന്നിലെ സ്ഥലം പരമാവധി മുതലാക്കി റണ്‍സ് നേടാന്‍ സ്‌കൂപ്പ് ഷോട്ട് കളിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളി. വേഗം കുറഞ്ഞ പന്തില്‍ ടൈമിങ് തെറ്റിയ രോഹിത്തിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജ ഓടിയെത്തി കൈപ്പിടിയിലാക്കി.
രോഹിത്തിന്റെ മോശം ഫോം മനസിലാക്കി കൃത്യമായ ഫീല്‍ഡ് വിന്യാസത്തോടെ കെണിയൊരുക്കിയ ധോനിയുടെ തന്ത്രത്തെ കമന്റേറ്റര്‍മാര്‍ അടക്കം പ്രത്യേകം എടുത്ത് പറഞ്ഞു. അതേസമയം മൂന്ന് പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങിയ രോഹിത് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ താരവുമായി. 16 തവണയാണ് അദ്ദേഹം അക്കൗണ്ട് തുറക്കാനാകാതെ മടങ്ങിയത്.
Content Highlights: ipl 2023 ms Dhoni masterminded gets Rohit Sharma 2nd consecutive duck
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..