Photo: twitter.com
ചെന്നൈ: കളിക്കളത്തില്‍ തന്റെ ഗെയിം പ്ലാന്‍ കൃത്യമായി നടപ്പാക്കുന്നതില്‍ മിടുക്കനാണ് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എം.എസ്. ധോനി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നതും ഇക്കാരണത്താലാണ്. തന്റെ പ്ലാന്‍ നടപ്പാക്കാന്‍ ധോനി ഏതറ്റം വരെയും പോകും.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒന്നാം ക്വാളിഫയറില്‍ പേസര്‍ മതീഷ പതിരണയ്ക്ക് പന്തെറിയാനായി ധോനി മനഃപൂര്‍വം അമ്പയര്‍മാരുമായി സംസാരിച്ച് കളി വൈകിപ്പിച്ചു എന്ന് വിമര്‍ശനമുയരുന്നുണ്ട്.
ഗുജറാത്ത് ബാറ്റ് ചെയ്യുന്നതിനിടെ 16-ാം ഓവറിലായിരുന്നു സംഭവം. അതിന് മുമ്പ് ഒരോവര്‍ മാത്രം പന്തെറിഞ്ഞിരുന്ന പതിരണ മൈതാനം വിട്ടിരുന്നു. പിന്നീട് 16-ാം ഓവര്‍ എറിയാനാണ് താരം തിരിച്ചെത്തിയത്. എന്നാല്‍ കളിക്കിടെ ഒരു ബൗളര്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയാല്‍ പിന്നീട് തിരിച്ചെത്തി എത്ര സമയം മൈതാനത്ത് നിന്ന് മാറിനിന്നോ അത്രയും സമയം ഫീല്‍ഡില്‍ ചിലവഴിച്ചെങ്കില്‍ മാത്രമേ പിന്നീട് ബൗള്‍ ചെയ്യാനാകൂ എന്നാണ് നിയമം.
ഇവിടെ പതിരണ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന് ഇപ്പോള്‍ ബൗള്‍ ചെയ്യാനാകില്ലെന്ന് അമ്പയര്‍മാര്‍ ധോനിയെ അറിയിച്ചു. ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ എന്നിവര്‍ തങ്ങളുടെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ 16, 18, 20 ഓവറുകള്‍ പതിരണയെ കൊണ്ട് എറിയിക്കാനായിരുന്നു ധോനിയുടെ പദ്ധതി. ശേഷിക്കുന്ന രണ്ട് ഓവര്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കും. നാല് മിനിറ്റ് കൂടി മൈതാനത്ത് തുടര്‍ന്നാലേ പതിരണയ്ക്ക് പന്തെറിയാനാകുമായിരുന്നുള്ളൂ. ഇതിനായി ധോനി മനഃപൂര്‍വം അമ്പയര്‍മാരുമായി സംസാരിച്ച് സമയം കളഞ്ഞുവെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇത്തരത്തില്‍ നാല് മിനിറ്റ് കഴിഞ്ഞതോടെ പതിരണ തന്നെ 16-ാം ഓവര്‍ എറിഞ്ഞു.
ചെന്നൈക്ക് നിര്‍ണായകമായിരുന്നു 16-ാം ഓവര്‍. ആ ഓവര്‍ പതിരണയ്ക്ക് എറിയാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ധോനിക്ക് മോയിന്‍ അലിയെ കൊണ്ട് പന്തെറിയിപ്പിക്കേണ്ടിവരുമായിരുന്നു. റാഷിദ് ഖാനും വിജയ് ശങ്കറും ക്രീസില്‍ നില്‍ക്കേ അപ്പോള്‍ ഗുജറാത്തിന് ജയിക്കാന്‍ 30 പന്തില്‍ നിന്ന് 71 റണ്‍സ് വേണമെന്ന സ്ഥിതിയിലായിരുന്നു.
ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗാവസ്‌ക്കറും ധോനിയുടെ ഈ നീക്കത്തെ പരോക്ഷമായി വിമര്‍ശിച്ചു. സമ്മര്‍ദം നിറഞ്ഞ മത്സരത്തിനിടയ്ക്ക് അമ്പയര്‍മാര്‍ക്ക് തെറ്റ് പറ്റിയാലും അവരുടെ തീരുമാനത്തെ നിങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു ഗാവസ്‌ക്കറുടെ കമന്റ്. മത്സരം ചെന്നൈ ജയിച്ചെങ്കിലും ധോനിയുടെ ഈ നീക്കം സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശിക്കപ്പെടുകയാണ്.
Content Highlights: ipl 2023 MS Dhoni Intentionally Stall Play For 4 Minutes To Get Matheesha Pathirana Bowl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..