Photo: PTI
ചെന്നൈ: ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‌വാളിന്റെ മികവില്‍ 81 റണ്‍സിനാണ് മുംബൈ, ലഖ്‌നൗവിനെ തകര്‍ത്തുവിട്ടത്.
മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ചെന്നൈ ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് ഒഴികെയുള്ള ലഖ്‌നൗ ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താനായില്ല.
183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിന് രണ്ടാം ഓവറില്‍ തന്നെ പ്രേരക് മങ്കാദിനെ (3) നഷ്ടമായി. നന്നായി തുടങ്ങിയ കൈല്‍ മയേഴ്‌സിനും അധികം ആയുസുണ്ടായില്ല. 13 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മയേഴ്‌സിനെ ക്രിസ് ജോര്‍ദാന്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും (8) മടങ്ങി. 10-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ആയുഷ് ബദോനിയേയും (1), നിക്കോളാസ് പുരനെയും (0) ആകാശ് മധ്‌വാള്‍ മടക്കിയതോടെ ലഖ്‌നൗ വിറച്ചു.
പിന്നാലെ ലഖ്‌നൗവിന്റെ അവസാന പ്രതീക്ഷയായിരുന്ന സ്റ്റോയ്‌നിസ്, ദീപക് ഹൂഡയുമായി കൂട്ടിയിടിച്ച് റണ്ണൗട്ടായതോടെ മുംബൈ രണ്ടാം ക്വാളിഫയര്‍ ഉറപ്പിച്ചു. 27 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 40 റണ്‍സെടുത്ത സ്റ്റോയ്‌നിസായിരുന്നു ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.
തുടര്‍ന്ന് കൃഷ്ണപ്പ ഗൗതമും (2), ദീപക് ഹൂഡയും (15) റണ്ണൗട്ടായി. രവി ബിഷ്‌ണോയ് (3), മൊഹ്‌സിന്‍ ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിരുന്നു.
ഇന്നിങ്സിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മുംബൈക്ക് പക്ഷേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 10 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെ 12 പന്തില്‍ നിന്ന് 15 റണ്‍സുമായി സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും മടങ്ങി.
പിന്നാലെ മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം സൂര്യകുമാര്‍ യാദവ് എത്തിയതോടെ മുംബൈ ഇന്നിങ്സ് ടോപ് ഗിയറിലായി. എന്നാല്‍ 20 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 33 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി നവീന്‍ ഉള്‍ ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഗ്രീനിനൊപ്പം 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സൂര്യ മടങ്ങിയത്. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ ഗ്രീനിനെയും മടക്കി നവീന്‍ മുംബൈയെ ഞെട്ടിച്ചു. 23 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 41 റണ്‍സെടുത്താണ് ഗ്രീന്‍ മടങ്ങിയത്.
തുടര്‍ന്ന് തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് സ്‌കോര്‍ 148 വരെയെത്തിച്ചു. 17-ാം ഓവറില്‍ ഡേവിഡിനെ മടക്കി യാഷ് താക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ഡേവിഡിന്റെ സംഭാവന. പിന്നാലെ ഇംപാക്റ്റ് പ്ലെയറായെത്തിയ നെഹാല്‍ വധേരയെ കൂട്ടുപിടിച്ച് തിലക് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 18-ാം ഓവറില്‍ നവീന്‍ ഉള്‍ ഹഖ് താരത്തെ പുറത്താക്കി. 22 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 26 റണ്‍സെടുത്താണ് തിലക് മടങ്ങിയത്. 12 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈ സ്‌കോര്‍ 182-ല്‍ എത്തിച്ചത്.
നാല് വിക്കറ്റ് വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖ് ലഖ്നൗവിനായി ബൗളിങ്ങില്‍ തിളങ്ങി. യാഷ് താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: ipl 2023 Lucknow Super Giants vs Mumbai Indians Eliminator Chennai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..