Photo: PTI
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ വെറും ഒരു റണ്ണിനായിരുന്നു ലഖ്‌നൗ ടീമിന്റെ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തോല്‍വിയോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.
കൈവിട്ടെന്ന് കരുതിയ മത്സരം റിങ്കു സിങ്ങിന്റെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ആവേശഭരിതമായത്. 33 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറുമടക്കം 67 റണ്‍സെടുത്ത് റിങ്കു അവസാന പന്തുവരെ പൊരുതി നോക്കിയെങ്കിലും ടീം ഒരു റണ്ണകലെ വീണു. യാഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്ന കൊല്‍ക്കത്തയ്ക്കായി റിങ്കുവിന് 19 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മികച്ച തുടക്കം ലഭിച്ച ശേഷമാണ് കൊല്‍ക്കത്ത മത്സരം കൈവിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയ് - വെങ്കടേഷ് അയ്യര്‍ സഖ്യം 35 പന്തില്‍ 61 റണ്‍സടിച്ച ശേഷമാണ് പിരിഞ്ഞത്. 15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 24 റണ്‍സെടുത്ത വെങ്കടേഷിനെ കൃഷ്ണപ്പ ഗൗതം പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ നിതീഷ് റാണ (8) കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി.
പിന്നാലെ 28 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 45 റണ്‍സെടുത്ത റോയിയെ മടക്കി ക്രുണാല്‍ പാണ്ഡ്യ കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി.
തുടര്‍ന്ന് റഹ്‌മാനുള്ള ഗുര്‍ബാസും (10), ആന്ദ്രേ റസ്സലും (7) പെട്ടെന്ന് മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് മത്സരത്തിലെ പിടി അയഞ്ഞു. പിന്നീടായിരുന്നു റിങ്കു സിങ്ങിന്റെ ഒറ്റയാള്‍ പോരാട്ടം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പുരനാണ് ലഖ്‌നൗവിനായി തിളങ്ങിയത്. 30 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും നാല് ഫോറുമടക്കം 58 റണ്‍സെടുത്തു.
27 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ക്വിന്റണ്‍ ഡിക്കോക്ക്, 20 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത പ്രേരക് മങ്കാദ്, 21 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ആയുഷ് ബദോനി എന്നിവരും ലഖ്‌നൗ സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ഒരു ഘട്ടത്തില്‍ 10.1 ഓവറില്‍ അഞ്ചിന് 73 റണ്‍സെന്ന നിലയില്‍ പതറിയ ലഖ്‌നൗവിന് രക്ഷയായത് ആറാ വിക്കറ്റില്‍ ഒന്നിച്ച പുരന്‍ - ബദോനി സഖ്യമാണ്. ഇരുവരും ചേര്‍ന്നെടുത്ത 74 റണ്‍സാണ് ലഖ്‌നൗ ഇന്നിങ്‌സിന്റെ നട്ടെല്ല്.
കരണ്‍ ശര്‍മ (3), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (0), ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.
കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, ശാര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ipl 2023 Lucknow Super Giants beat Kolkata Knight Riders enters play offs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..