Photo: AFP
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് കൊല്‍ക്കത്ത മറികടന്നത്.
ക്യാപ്റ്റന്‍ നിതീഷ് റാണയുടെ അര്‍ധ സെഞ്ചുറി പ്രകടനത്തിനൊപ്പം അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച ആന്ദ്രേ റസ്സല്‍ - റിങ്കു സിങ് സഖ്യത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. അതിവേഗം 54 റണ്‍സ് ചേര്‍ത്ത ഈ സഖ്യം കൊല്‍ക്കത്തയ്ക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
റസ്സല്‍ 23 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സെടുത്ത് അവസാന ഓവറില്‍ റണ്ണൗട്ടായി. 10 പന്തില്‍ നിന്ന് 21 റണ്‍സടിച്ച റിങ്കു, അര്‍ഷ്ദീപ് സിങ്ങിന്റെ അവസാന പന്ത് ബൗണ്ടറികടത്തി ഒരിക്കല്‍ കൂടി കൊല്‍ക്കത്തയുടെ ഹീറോയായി. നിതീഷ് റാണ 38 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു.
പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍ ജേസന്‍ റോയ് മികച്ച തുടക്കമാണ് സമ്മാനിച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസ് 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായെങ്കിലും റോയ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 24 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 38 റണ്‍സെടുത്ത റോയിയെ എട്ടാം ഓവറില്‍ ഹര്‍പ്രീത് ബ്രാര്‍ മടക്കുകയായിരുന്നു.
പിന്നാലെ വെങ്കടേഷ് അയ്യരെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ നിതീഷ് റാണ കൊല്‍ക്കത്ത ഇന്നിങ്‌സ് ട്രാക്കിലാക്കി. 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യത്തില്‍ മുഖ്യ സംഭാവന റാണയുടെ ബാറ്റില്‍ നിന്നായിരുന്നു. 13 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമെടുത്ത വെങ്കടേഷ് 14-ാം ഓവറില്‍ മടങ്ങി. പിന്നാലെ 16-ാം ഓവറില്‍ നിതീഷ് റാണയേയും മടക്കിയ രാഹുല്‍ ചാഹര്‍ കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച റസ്സല്‍ - റിങ്കു സഖ്യം പഞ്ചാബില്‍ നിന്നും ജയം പിടിച്ചെടുത്തു.
നേരത്തെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറി മികവില്‍ പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തിരുന്നു. ധവാന്‍ 47 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 57 റണ്‍സുമായി പഞ്ചാബിന്റെ ടോപ് സ്‌കോററായി.
ജിതേഷ് ശര്‍മ (18 പന്തില്‍ 21), ഷാരൂഖ് ഖാന്‍ (എട്ട് പന്തില്‍ 21), റിഷി ധവാന്‍ 11 പന്തില്‍ 19), ഹര്‍പ്രീത് ബ്രാര്‍ (ഒമ്പത് പന്തില്‍ 17) എന്നിവരും പഞ്ചാബ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. അവസാന രണ്ട് ഓവറില്‍ 36 റണ്‍സ് അടിച്ചെടുത്ത ഷാറൂഖ് - ഹര്‍പ്രീത് സഖ്യമാണ് പഞ്ചാബ് സ്‌കോര്‍ 179-ല്‍ എത്തിച്ചത്.
പ്രഭ്‌സിമ്രാന്‍ സിങ് (12), ഭാനുക രജപക്‌സ (0), സാം കറന്‍ (4), ലിയാം ലിവിങ്സ്റ്റണ്‍ (15) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. ഹര്‍ഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: ipl 2023 Kolkata Knight Riders beat Punjab Kings at Eden Gardens Kolkata


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..