Photo: twitter.com
അഹമ്മദാബാദ്: ക്രിക്കറ്റ് മൈതാനങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് സ്ലെഡ്ജിങ്. ബാറ്റര്‍മാരുടെ ഏകാഗ്രത കളയാനും അവരെ പ്രകോപിപ്പിച്ച് വിക്കറ്റിനുള്ള അവസരമുണ്ടാക്കാനും എതിര്‍ ടീമുകള്‍ കാലാകാലങ്ങളായി പയറ്റിപ്പോരുന്ന ഒന്ന്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ലെഡ്ജിങ്ങിന്റെ അവസാന വാക്കാണ് വിരാട് കോലി. എന്നാല്‍ കോലിക്കൊപ്പം മറ്റ് താരങ്ങളും സ്ലെഡ്ജിങ്ങില്‍ പിന്നിലല്ലെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ ഇത്തരമൊരു സ്ലെഡ്ജിങ് കൊണ്ട് പണി വാങ്ങിച്ച കഥയാണ് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. ചൊറിയാന്‍ ചെന്നത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ.
പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് രാജസ്ഥാന്‍ പതറുന്നതിനിടെയായിരുന്നു ഹാര്‍ദിക്, സഞ്ജുവിനടുത്തെത്തി ചെവിയില്‍ എന്തോ പറഞ്ഞത്. പറഞ്ഞത് ഇഷ്ടമായില്ലെന്ന് സഞ്ജുവിന്റെ മുഖത്ത് നിന്നും വ്യക്തമായിരുന്നു. എങ്കിലും തിരിച്ചൊന്നും പറയാതെ സഞ്ജു ക്രീസിലെത്തി ഗാര്‍ഡ് എടുത്തു. എന്നാല്‍ അതിന് ശേഷം സഞ്ജു ഷോയ്ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത സഞ്ജു പിന്നീട് വെടിക്കെട്ടിന് തുടക്കമിട്ടു.
അതില്‍ കാര്യമായി പണികിട്ടിയത് ട്വന്റി 20 ക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാന്. 13-ാം ഓവര്‍ എറിയാനെത്തിയ റാഷിദിനെ തുടര്‍ച്ചയായ മൂന്ന് തവണയാണ് സഞ്ജു സിക്‌സറിന് പറത്തിയത്. 12 ഓവറില്‍ 66-ന് നാല് എന്ന നിലയില്‍ പതറുകയായിരുന്ന രാജസ്ഥാന്‍ പിന്നീട് അവിടെ നിന്നും ഒരു കുതിപ്പായിരുന്നു. പിന്നീട് വെറും 7.2 ഓവറില്‍ നിന്ന് 113 റണ്‍സ് അടിച്ചെടുത്താണ് റോയല്‍സ് റോയലായി തന്നെ ജയിച്ചുകയറിയത്.
32 പന്തില്‍ നിന്ന് ആറ് സിക്സും മൂന്ന് ഫോറുമടക്കം 60 റണ്‍സെടുത്ത സഞ്ജു തുടക്കമിട്ട വെടിക്കെട്ട് 26 പന്തില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 56 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മയര്‍ പൂര്‍ത്തിയാക്കിയതോടെ ഹാര്‍ദിക്കിനെയും കൂട്ടരെയും കാഴ്ചക്കാരാക്കി നാല് പന്ത് ബാക്കിനില്‍ക്കേ രാജസ്ഥാന്‍ ജയവും ഒന്നാം സ്ഥാനവുമായി മടങ്ങി.
Content Highlights: ipl 2023 Hardik Pandya Sledges Sanju Samson he Gives It Back In Style
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..