Photo: AP
ചെന്നൈ: ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍. 15 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.
ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 157 റണ്‍സിന് ഓള്‍ഔട്ടായി. ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചില്‍ സ്ലോ ബോളുകള്‍ ഫലപ്രദമായി ഉപയോഗിച്ച പേസര്‍മാരും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരുമാണ് ചെന്നൈക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്.
38 പന്തില്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 42 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ (12), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8), ഡേവിഡ് മില്ലര്‍ (4), രാഹുല്‍ തെവാട്ടിയ (3) എന്നിവര്‍ക്കാര്‍ക്കും തന്നെ ചെന്നൈ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു ഘട്ടത്തില്‍ 14.3 ഓവറില്‍ ആറിന് 98 റണ്‍സെന്ന നിലയിലായിരുന്ന ഗുജറാത്തിന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച വിജയ് ശങ്കര്‍ - റാഷിദ് ഖാന്‍ സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 10 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ശങ്കറിനെ ഋതുരാജ് ഗെയ്ക്‌വാദ് 18-ാം ഓവറില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കി.
അവസാന പ്രതീക്ഷയായിരുന്ന റാഷിദിനെ 19-ാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ മടക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം അവസാനിച്ചു. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 30 റണ്‍സെടുത്ത റാഷിദ് ചെന്നൈയെ വിറപ്പിച്ച ശേഷമാണ് മടങ്ങിയത്.
ചെന്നൈക്കായി ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം ഗുജറാത്തിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ബുധനാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എലിമിനേറ്റര്‍ ഒന്നിലെ വിജയികളുമായി വെള്ളിയാഴ്ച ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ മത്സരം കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്വാദ് - ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 63 പന്തില്‍ നിന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 44 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 60 റണ്‍സെടുത്ത ഋതുരാജിനെ പുറത്താക്കി മോഹിത് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ശിവം ദുബെയ്ക്ക് (1) ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
പിന്നാലെയെത്തിയ അജിങ്ക്യ രഹാനെ 10 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് പുറത്തായി. തൊട്ടടുത്ത ഓവറില്‍ കോണ്‍വെയെ മുഹമ്മദ് ഷമി മടക്കി. 34 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 40 റണ്‍സായിരുന്നു കോണ്‍വെയുടെ സംഭാവന. അമ്പാട്ടി റായുഡു ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എംഎസ് ധോനി ഒരു റണ്ണെടുത്ത് പുറത്തായി. 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈ സ്‌കോര്‍ 172-ല്‍ എത്തിച്ചത്. മോയിന്‍ അലി (9*) പുറത്താകാതെ നിന്നു.
ഗുജറാത്തിനായി മോഹിത് ശര്‍മയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ipl 2023 Gujarat Titans vs Chennai Super Kings Qualifier 1 at Chennai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..