Photo: twitter.com/IPL
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ്. 77 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഒന്ന് പൊരുതി നോക്കിയത്. 58 പന്തുകള്‍ നേരിട്ട വാര്‍ണര്‍ അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്തു. പക്ഷേ ഡല്‍ഹി നിരയില്‍ ഒരാള്‍ പോലും വാര്‍ണര്‍ക്ക് പിന്തുണ നല്‍കാന്‍ ഉണ്ടായില്ല.
പൃഥ്വി ഷാ (5), ഫിലിപ് സാള്‍ട്ട് (3), റൈലി റൂസ്സോ (0) എന്നിവരെല്ലാം സമ്പൂര്‍ണ പരാജയമായി മാറി. യാഷ് ദുള്‍ (13), അക്ഷര്‍ പട്ടേല്‍ (15) എന്നിവര്‍ക്കും ഡല്‍ഹി സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല.
ചെന്നൈക്കായി ദീപക് ചാഹര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരണ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു.
ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും കൂട്ടുകെട്ടാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 141 റണ്‍സ് അടിച്ചെടുത്തു. 52 പന്തില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 87 റണ്‍സെടുത്ത കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 50 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് നാല് ഫോറും ഏഴ് സിക്സും പറത്തി 79 റണ്‍സെടുത്തു.
ഗെയ്ക്വാദ് പുറത്തായ ശേഷമെത്തിയ ശിവം ദുബെ പതിവുപോലെ തകര്‍ത്തുകളിച്ചു. ഒമ്പത് പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 22 റണ്‍സെടുത്ത ദുബെ രണ്ടാം വിക്കറ്റില്‍ കോണ്‍വെയ്ക്കൊപ്പം അതിവേഗം 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുറത്തായത്. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും വെടിക്കെട്ട് ബാറ്റിങ് തന്നെ പുറത്തെടുത്തു. ഏഴ് പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം ജഡേജ 20 റണ്‍സോടെ പുറത്താകാതെ നിന്നു. നാല് പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ധോനി അഞ്ച് റണ്‍സെടുത്തു.
Content Highlights: ipl 2023 Delhi Capitals vs Chennai Super Kings at Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..