Photo: PTI
ചെന്നൈ: ഓരോ ഐപിഎല്‍ സീസണ്‍ കഴിയുമ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് എം.എസ്. ധോനി അടുത്ത സീസണില്‍ കളിക്കാന്‍ ഉണ്ടാകുമോ എന്നതാണ്.
കഴിഞ്ഞ ദിവസം ഗുജറാത്തിനെ തകര്‍ത്ത് ഐപിഎല്ലിലെ തങ്ങളുടെ 10-ാം ഫൈനല്‍ ഉറപ്പിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോനിക്ക് മുന്നില്‍ വീണ്ടും ആ ചോദ്യമെത്തി. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ ഹര്‍ഷ ഭോഗ്‌ലെയാണ് ഇത്തവണ ധോനിയോട് അക്കാര്യം ചോദിച്ചത്. വിരമിക്കല്‍ എന്നായിരിക്കുമെന്ന് നേരിട്ട് ചോദിക്കാതെ ചെപ്പോക്കിലേക്ക് കളിക്കാന്‍ ഇനിയും വരുമോ എന്ന ചോദ്യത്തില്‍ ഭോഗ്‌ലെ ധോനിയെ കുരുക്കി.
ഡിസംബറിലെ കളിക്കാരുടെ ലേലത്തോട് അടുത്ത സമയത്ത് തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ധോനിയുടെ മറുപടി.
''എനിക്കറിയില്ല, തീരുമാനിക്കാന്‍ എനിക്ക് 8-9 മാസം സമയമുണ്ട്. തീരുമാനമെടുക്കാന്‍ മതിയായ സമയമുണ്ട്. അതിനാല്‍ ആ തലവേദന ഇപ്പോഴേ എന്തിന് സഹിക്കണം. ഡിസംബറിലാണ് ലേലം. ഞാന്‍ എപ്പോഴും സിഎസ്‌കെയിലേക്ക് വരും. ജനുവരി മുതല്‍ ഞാന്‍ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നു, മാര്‍ച്ച് മുതല്‍ പരിശീലിക്കുകയും ചെയ്യുന്നു. കളിക്കുമ്പോഴായാലും പുറത്തായാലും ഞാന്‍ എപ്പോഴും സിഎസ്‌കെയ്ക്ക് ഒപ്പമുണ്ടാകും.'' - ധോനി വ്യക്തമാക്കി.
ധോനിയുടെ പിന്‍ഗാമിയെന്ന തരത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ ഇത്തവണ ചെന്നൈ കൊണ്ടുവന്നെങ്കിലും പരിക്ക് കാരണം രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുക്കും മുമ്പ് സ്റ്റോക്ക്‌സിന് ടീമുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നതിനു കൂടി വേണ്ടിയായിരുന്നു ഇത്. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ചെന്നൈയുടെ ഈ പ്ലാന്‍ നടക്കാതെ പോയി.
Content Highlights: I have 8-9 months to decide MS Dhoni on IPL future
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..