Photo: AFP
ഹൈദരാബാദ്: സംഭവബഹുലമായിരുന്നു ഏപ്രില്‍ ഒന്‍പതിന് നടന്ന ഐ.പി.എല്‍ മത്സരങ്ങള്‍. അവസാന ഓവറില്‍ 29 റണ്‍സടിച്ച് വിജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെല്ലാം ആരാധകര്‍ക്ക് വമ്പന്‍ വിരുന്ന് തന്നെയാണ് ഒരുക്കിയത്. എന്നാല്‍ അതിനിടെ ഒരു ഉജ്ജ്വല ഇന്നിങ്‌സ് കൂടി പിറന്നിരുന്നു. റിങ്കു സിങ്ങിന്റെ അവിശ്വസനീയ പ്രകടനത്തില്‍ മുങ്ങിപ്പോയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ ശിഖര്‍ ധവാന്റെ ഒറ്റയ്ക്കുള്ള ഉശിരന്‍ പോരാട്ടം.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി തകര്‍ത്തടിച്ച ധവാന്‍ 66 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 99 റണ്‍സെടുത്തു. ഈ സ്‌കോറല്ല മറിച്ച് ഇത് നേടിയ സാഹചര്യമാണ് ഇവിടെ എടുത്തുപറയേണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ഒരറ്റത്ത് ധവാന്‍ അനായാസം ബാറ്റുവീശിയപ്പോള്‍ മറുവശത്ത് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 15 ഓവറില്‍ വെറും 88 റണ്‍സെടുക്കുന്നതിനിടെ പഞ്ചാബിന് ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായി. ടീം സ്‌കോര്‍ 100 പോലും കടക്കില്ലെന്ന് പലരും വിധിയെഴുതി. എന്നാല്‍ ധവാന്‍ തന്റെ വിശ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. 11-ാമനായി ക്രീസിലെത്തിയ യുവതാരം മോഹിത് രതിയെ കൂട്ടുപിടിച്ച് ധവാന്‍ അടിച്ചുതകര്‍ത്തു. മോഹിത്തിന് സ്‌ട്രൈക്ക് നല്‍കാതെ അവസാന അഞ്ചോവര്‍ ധവാന്‍ തന്നെ ബാറ്റ് ചെയ്തു. വെറും രണ്ട് പന്ത് മാത്രമാണ് മോഹിത്തിന് നേരിടേണ്ടിവന്നത്.
മോഹിത് ക്രീസിലെത്തുമ്പോള്‍ 38 പന്തില്‍ 47 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീടുള്ള അഞ്ചോവറില്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്ന അസാമാന്യമായ പ്രകടനമാണ് ധവാന്‍ പുറത്തെടുത്തത്. പിന്നീട് നേരിട്ട 28 പന്തുകളില്‍ നിന്ന് താരം അടിച്ചുകൂട്ടിയത് 52 റണ്‍സാണ്. മോഹിതിനൊപ്പം അവസാന വിക്കറ്റില്‍ 30 പന്തില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധവാന്‍ പടുത്തുയര്‍ത്തിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ സിക്‌സ് നേടുമ്പോള്‍ ധവാന് സെഞ്ചുറി നഷ്ടമായത് വെറും ഒരു റണ്ണകലെ. പക്ഷേ തികഞ്ഞ സന്തോഷത്തോടെ മികച്ച ഇന്നിങ്‌സ് കാഴ്ചവെയ്ക്കാനായതിന്റെ അഭിമാനത്തോടെ തലയുയര്‍ത്തി ധവാന്‍ ക്രീസ് വിട്ടു. അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ വിഷമം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.
88 റണ്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബിനെ 143 എന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ച ശേഷമാണ് ധവാന്‍ പവലിയനിലേക്ക് മടങ്ങിയത്. സണ്‍റൈസേഴ്‌സ് 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയെങ്കിലും ധവാന്റെ ഇന്നിങ്‌സ് അപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. ഒപ്പം ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി.
Content Highlights: extra ordinary innings by shikhar dhawan agaist srh in ipl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..