Photo: AFP
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയമൊരുക്കിയത് ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ അവസാന ഓവറായിരുന്നു. വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ 11 റണ്‍സ് വിജയകരമായി പ്രതിരോധിച്ച മൊഹ്‌സിന്‍ ലഖ്‌നൗവിന് സമ്മാനിച്ചത് പ്ലേ ഓഫ് പ്രതീക്ഷ കൂടിയാണ്.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല മൊഹ്‌സിന്റെ അവസ്ഥ. കഴിഞ്ഞ വര്‍ഷം തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് പന്തെറിയുന്ന കൈ പോലും മുറിച്ചുമാറ്റപ്പെടുമായിരുന്ന അവസ്ഥ തരണം ചെയ്താണ് താരം ഇന്ന് കൈയടി നേടുന്നത്.
മുംബൈക്കെതിരായ മത്സര ശേഷം മൊഹ്‌സിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇടതു തോളില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി മൊഹ്‌സിന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ പരിക്ക് കാരണം ഈ വര്‍ഷം ലഖ്‌നൗവിന്റെ മത്സരങ്ങള്‍ പലതും താരത്തിന് നഷ്ടമായി.
''അത് തീര്‍ത്തും ദുഷ്‌കരമായ സമയമായിരുന്നു, ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് കളിക്കാനുള്ള പ്രതീക്ഷ പോലും ഞാന്‍ ഉപേക്ഷിച്ചു. കാരണം അപ്പോഴെനിക്ക് കൈ ഒന്ന് ഉയര്‍ത്താന്‍ പോലും സാധിക്കുമായിരുന്നില്ല. കൈ ഒന്ന് നേരേ പിടിക്കാന്‍ പോലും എനിക്കാകുമായിരുന്നില്ല. ആ പരിക്ക് ഭയക്കേണ്ടതായിരുന്നു. എന്റെ ഫിസിയോ മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. ചികിത്സിക്കാന്‍ ഞാന്‍ ഒരു മാസം കൂടി വൈകിയിരുന്നെങ്കില്‍ എന്റെ കൈ മുറിച്ചുമാറ്റേണ്ടിവരുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.'' - മൊഹ്‌സിന്‍ മത്സര ശേഷം പറഞ്ഞു.
Content Highlights: doctor said I somehow avoided amputation says Mohsin Khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..