Photo: PTI
ചെന്നൈ: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാല് വട്ടം കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. വൈകിട്ട് 7.30 ന് ചെന്നൈയുടെ ഹോംഗ്രൗണ്ടായ എം.എ.ചിദംബരം സ്‌റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഗുജറാത്ത്
അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തി ചരിത്രം സൃഷ്ടിച്ചവരാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സ്. ഈ സീസണിലും ടീം സ്ഥിരതയുടെ പര്യായമാണ്. ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ 10 വിജയം നേടി 20 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ടീം പ്ലേ ഓഫിലെത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ അത്യുജ്ജ്വല ഫോമിലാണ് ടീമിന്റെ കരുത്ത്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ ഗില്‍ നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്. ബൗളിങ്ങില്‍ 24 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മുഹമ്മദ് ഷമിയും റാഷിദ് ഖാനും അണിനിരക്കുന്നതോടെ ഗുജറാത്ത് ശക്തി പ്രാപിക്കുന്നു. ഡേവിഡ് മില്ലര്‍, ഡാസണ്‍ ശനക, രാഹുല്‍ തെവാത്തിയ, ഹാര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് തുടങ്ങിയ താരങ്ങളുടെ കരുത്തും ടീമിന് തുണയാകും.
തലയുയര്‍ത്തി കരുത്തോടെ ചെന്നൈ
ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ടീം കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായി തലകുനിച്ച് മടങ്ങിയിടത്തുനിന്ന് ഇക്കുറി ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് വന്‍ജയത്തോടെ മുന്‍നിരയിലേക്ക് കയറി. ഋതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വെ എന്നിവര്‍ ചേര്‍ന്ന ഗംഭീര ഓപ്പണിങ് ജോഡിയാണ് ചെന്നൈയുടെ കരുത്ത്. പിന്നാലെ അജിന്‍ക്യ രഹാനെ, ശിവം ദുബെ, എം.എസ്. ധോനി, രവീന്ദ്ര ജഡേജ തുടങ്ങിയവരുണ്ട്. ബൗളിങ്ങില്‍ മതീഷ പതിരണ, മഹീഷ് തീക്ഷ്ണ, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയ പുതുനിരക്കാരിലൂടെ നേട്ടമുണ്ടാക്കാനായി. ദീപക് ചാഹര്‍, മോയിന്‍ അലി തുടങ്ങിയവരുമുണ്ട്. ടൂര്‍ണമെന്റില്‍ നാലുവട്ടം ചാമ്പ്യന്മാരായ ചെന്നൈയുടെ 12-ാം പ്ലേ ഓഫാണിത്.
ഗുജറാത്തിനെതിരേ ചെന്നൈ ഇതുവരെ ജയിച്ചിട്ടില്ല. രണ്ടു സീസണുകളിലായിനടന്ന മൂന്നു മത്സരങ്ങളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈ സീസണില്‍ ഗുജറാത്ത് ചെന്നൈയില്‍ കളിച്ചിട്ടില്ല. താരതമ്യേന വേഗം കുറഞ്ഞ പിച്ചാണ്. മത്സരഫലം നിര്‍ണയിക്കുന്നതില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പങ്കുണ്ടാകും. ലോകോത്തര ലെഗ് സ്പിന്നറായ റാഷിദ് ഖാന്‍, ആര്‍. സായ് കിഷോര്‍ തുടങ്ങിയവരിലാണ് ഗുജറാത്ത് വിശ്വാസമര്‍പ്പിക്കുന്നതെങ്കില്‍ മോയിന്‍ അലി, രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷ്ണ എന്നിവരിലാണ് ചെന്നൈയുടെ പ്രതീക്ഷ. ക്വാളിഫയല്‍ ഒന്നില്‍ തോല്‍ക്കുന്ന ടീം പുറത്താകില്ല. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ ഒന്നിലെ വിജയികളുമായി മറ്റൊരു മത്സരം കളിക്കും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലെത്തും.
Content Highlights: chennai super kings vs gujarat titans first qualifier match 2023 ipl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..