ആകാശ് മധ്‌വാൾ Photo: twitter.com/IPL
ആകാശ് മധ്‌വാള്‍ എന്ന ഉത്തരാഖണ്ഡുകാരന്‍ തന്റെ രണ്ടാം സ്‌പെല്‍ എറിയാനെത്തുന്നതുവരെ മുംബൈക്കെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ കളത്തിലുണ്ടായിരുന്നു. എന്നാല്‍ ആകാശ് ഇന്നിങ്‌സിലെ 10-ാം ഓവര്‍ എറിഞ്ഞുതീര്‍ന്നപ്പോഴേക്കും മത്സരത്തില്‍ ലഖ്‌നൗവിന്റെ വിധി ഏതാണ്ട് കുറിക്കപ്പെട്ടിരുന്നു. കളിയിലെ രണ്ടാം ഓവറില്‍ പ്രേരക് മങ്കാദിനെയും 10-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ആയുഷ് ബദോനിയേയും അപകടകാരിയായ നിക്കോളാസ് പുരനെയും മടക്കിയ ആകാശാണ് മുംബൈക്ക് രണ്ടാം ക്വാളിഫയറിലേക്കുള്ള വഴിയൊരുക്കിയത്. പിന്നാലെ രവി ബിഷ്‌ണോയിയേയും മൊഹ്‌സിന്‍ ഖാനെയും പുറത്താക്കി ഐപിഎല്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ഈ 29-കാരന്‍. മത്സരത്തില്‍ ആകാശ് എറിഞ്ഞത് 21 പന്തുകള്‍. അതില്‍ അഞ്ച് റണ്‍സ് മാത്രമാണ് ലഖ്‌നൗ താരങ്ങള്‍ക്ക് സ്വന്തമാക്കാനായത്. ആ 21 പന്തുകള്‍ക്കിടെ വീണ അഞ്ച് വിക്കറ്റുകള്‍ അപ്പോഴേക്കും ലഖ്‌നൗവിന്റെ വിധിയെഴുതിയിരുന്നു. ഐപിഎല്‍ പ്ലേ ഓഫില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് ആകാശ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.
ഈ സീസണില്‍ കടുത്ത മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് പോലും നിരാശ തോന്നുന്ന പ്രകടനമായിരുന്നു ഐപിഎല്ലിലെ ആദ്യ പകുതിയില്‍ ടീമിന്റേത്. ആദ്യ ഏഴ് മത്സരങ്ങളില്‍ നാലിലും തോല്‍വി. ഒരു ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്. എന്നാല്‍ പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചും ജയിച്ചാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. രണ്ടാം പകുതിയിലെ ഈ തകര്‍പ്പന്‍ തിരിച്ചുവരവിന് ടീം നന്ദിപറയുന്നത് ആകാശിനോടാണ്. മേയ് മൂന്നിന് പഞ്ചാബ് കിങ്‌സിനെതിരേ മൊഹാലിയില്‍ നടന്ന മത്സരത്തിലാണ് ആകാശ് മുംബൈ ജേഴ്‌സിയില്‍ ആദ്യമായി കളത്തിലിറങ്ങുന്നത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിര്‍ണായക അവസാന ഗ്രൂപ്പ് മത്സരത്തിലും ആകാശിന്റെ മികവ് മുംബൈക്ക് ജയമൊരുക്കി. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റുകള്‍. അവ ഓരോന്നും നിര്‍ണായക ഘട്ടത്തിലായിരുന്നു എന്നത് തന്നെ മുംബൈക്ക് ആകാശിന്റെ സാന്നിധ്യം എത്രത്തോളം വലുതായിരുന്നു എന്നതിന്റെ തെളിവാണ്.

എന്നാല്‍ ഇന്ന് രോഹിത്തിന്റെയും മുംബൈയുടെയും ട്രംപ് കാര്‍ഡായ ആകാശ്, തുകല്‍ പന്ത് കൈയിലെടുത്തിട്ട് നാലു വര്‍ഷം കഴിയുന്നതേയുള്ളൂ. ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചുനടക്കുകയായിരുന്ന പയ്യനെ ഉത്തരാഖണ്ഡ് കോച്ച് വസീം ജാഫറും ഇപ്പോഴത്തെ പരിശീലകന്‍ മനിഷ് ഝായുമണ് 2019-ലെ ഒരു സെലക്ഷന്‍ ട്രയല്‍സിനിടെ കണ്ടെടുക്കുന്നത്.
അങ്ങനെ 24 വയസുവരെ തുകല്‍ പന്തില്‍ കളിച്ചിട്ടില്ലാത്ത ആകാശ് പിന്നീട് ഉത്തരാഖണ്ഡ് സംസ്ഥാന ടീമില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി. 2019-ല്‍ ട്രയല്‍സിനെത്തിയപ്പോള്‍ തന്നെ ആകാശിന്റെ വേഗവും സ്മൂത്ത് ആക്ഷനും തങ്ങളില്‍ മതിപ്പുളവാക്കിയിരുന്നുവെന്ന് മനിഷ് ഝാ പറയുന്നു.
ടെന്നീസ് പന്തില്‍ ദീര്‍ഘനാള്‍ കളിച്ചിരുന്നതിനാല്‍ തന്നെ ആകാശിന്റെ പന്തുകള്‍ക്ക് നല്ല വേഗമുണ്ടായിരുന്നു. പക്ഷേ കൃത്യത കുറവായിരുന്നു. തുടക്കത്തില്‍ തന്നെ ബൗളിങ്ങില്‍ ആകാശ് ഒരുപാട് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിരുന്നുവെന്ന് ഝാ പറഞ്ഞു. എന്നാല്‍ നല്ല വേഗത്തില്‍ നേരേ നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ സ്ലോ ബോളുകള്‍ എറിയുന്നതെന്നായിരുന്നു ഝാ സ്ഥിരമായി ആകാശിനോട് ചോദിച്ചിരുന്നത്. പതിയെ ആകാശ് അത് മനസിലാക്കിയെടുത്തു. അതിന്റെ ഫലം ഇപ്പോള്‍ കാണുന്നു.
കഴിഞ്ഞ വര്‍ഷം നെറ്റ് ബൗളറായാണ് ആകാശ് മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. തന്റെ പന്തുകളുടെ വേഗവും നിയന്ത്രണവും യോര്‍ക്കറുകള്‍ എറിയുന്നതിലെ കൃത്യതയും കൊണ്ട് അക്കാലത്തു തന്നെ നെറ്റ്‌സില്‍ ആകാശ് ശ്രദ്ധ നേടിയിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവിന് പരിക്കേറ്റതോടെ മുംബൈ ആകാശിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ പകുതിയിലും പ്ലേയിങ് ഇലവനിലെത്താന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ പഞ്ചാബിനെതിരേ അരങ്ങേറിയ ശേഷം ഒരു മത്സരം പോലും ആകാശിന് നഷ്ടമായിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്നായി ഇതുവരെ 129 പന്തുകള്‍ ആകാശ് എറിഞ്ഞിട്ടുണ്ട്. അതില്‍ 75-ഉം പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമാണെന്നത് തന്നെ രോഹിത്തും മുംബൈ ടീമും ആകാശില്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ്.
.jpg?$p=15d85c8&&q=0.8)
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കളത്തിലിറങ്ങുമ്പോള്‍ മുംബൈ പ്രതീക്ഷയര്‍പ്പിക്കുന്നത് ഈ 29-കാരനില്‍ തന്നെയാകും. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരേ നടന്ന മത്സരത്തില്‍ വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈക്ക് 27 റണ്‍സിന്റെ ജയം സമ്മാനിച്ചത് ആകാശായിരുന്നു. നിര്‍ണായക മത്സരത്തില്‍ മികച്ച തുടക്കമിട്ട ഹൈദരാബാദിനെ മുംബൈ പിടിച്ചുകെട്ടിയതും ആകാശിന്റെ മികവില്‍ തന്നെ. വിവ്രാന്ത് ശര്‍മയും മായങ്ക് അഗര്‍വാളും തമ്മിലുള്ള 140 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ആകാശായിരുന്നു. ആദ്യം വിവ്രാന്തിനെയും പിന്നെ മായങ്കിനെയും മടക്കിയ ആകാശ് ഹെന്‍ റിച്ച് ക്ലാസനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി ഹൈദരാബാദിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു.
പ്രൊഫഷണല്‍ ക്രിക്കറ്ററാകാന്‍ എന്‍ജിനീയറിങ് പഠനവും ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച ആകാശ് റൂര്‍ക്കിയിലെ ദണ്ഡേരയിലാണ് താമസിക്കുന്നത്. ഇവിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അയല്‍ക്കാരന്‍ കൂടിയാണ് ഈ മുംബൈ ഇന്ത്യന്‍സ് ബൗളര്‍.
Content Highlights: Akash Madhwal the raise from tennis-ball cricket to Rohit Sharma s trump card
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..