Photo: Reuters
പകരക്കാരായി വന്ന് പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ നിരവധി താരങ്ങളുണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍. ആ ഗണത്തിലേക്ക് ഒടുവിലായി എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് ആകാശ് മധ്‌വാല്‍. മുംബൈ ഇന്ത്യന്‍സിനായി ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ഇപ്പോള്‍ ടീമിന്റെ ബൗളിങ് വിഭാഗത്തിലെ വജ്രായുധമാണ്. ജസ്പ്രീത് ബുംറ തീര്‍ത്ത ശൂന്യത ഒരു പരിധിവരെ മികച്ച പ്രകടനം കൊണ്ട് നികത്താന്‍ ആകാശിന് ഇതുവരെ സാധിച്ചിട്ടുണ്ട്.
പകരക്കാരനായി ടീമിലിടം നേടിയ ആകാശ് പല മത്സരങ്ങളിലും ടീമിന് വിജയം സമ്മാനിച്ചു. മുംബൈയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം നേടിക്കൊടുത്തതില്‍ ആകാശിന്റെ പങ്ക് ചെറുതല്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തില്‍ മുംബൈയ്ക്ക് വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ പുലര്‍ത്താനാകുമായിരുന്നുള്ളൂ. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സിനായി ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ മുംബൈ ക്യാമ്പില്‍ നിരാശപരന്നു. ബൗളര്‍മാരെല്ലാവരും നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ ആകാശ് മാത്രം അതില്‍ നിന്ന് വേറിട്ടുനിന്നു. കൈവിട്ടുപോയ മത്സരം ആകാശിലൂടെ മുംബൈ തിരികെപ്പിടിച്ചു. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വീണ അഞ്ചില്‍ നാലും വീഴ്ത്തിയത് ആകാശ് തന്നെ.
റണ്ണൊഴുകിയ പിച്ചില്‍ നാലോവറില്‍ 37 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റെടുത്തത്. വിവ്‌റാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹെയ്ന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതില്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് പിഴുത യോര്‍ക്കര്‍ താരത്തിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു. മത്സരത്തില്‍ മുംബൈ വിജയിച്ച് പ്ലേ ഓഫില്‍ സ്ഥാനം നേടുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഇതുവരെ ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ആകാശ് ഇതിനോടകം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.
29 കാരനായ താരം ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെയാണ് ആകാശ് അരങ്ങേറ്റം നടത്തിയത്. എന്നാല്‍ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആര്‍.സി.ബിയ്‌ക്കെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി താരം പ്രതിഭ തെളിയിച്ചു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരും ആകാശിന് ലഭിച്ചു. വലംകൈയ്യന്‍ മീഡിയം പേസറായ ആകാശ് റൂര്‍ക്കി എന്‍ജിനിയറിങ് കോളേജില്‍ നിന്ന് 2016-ല്‍ സിവില്‍ എന്‍ജിനിയറിങ് പാസ്സായി പുറത്തിറങ്ങി.
എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് മാത്രം സ്വപ്‌നം കണ്ട ആകാശ് 2019-ല്‍ ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ചു. 25 മത്സരങ്ങളില്‍ നിന്ന് 7.66 ഇക്കണോമിയില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തി. 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ആകാശ് 12 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പകരക്കാരനില്‍ നിന്ന് സൂപ്പര്‍താരമായി ഉയര്‍ന്ന ആകാശ് എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Akash Madhwal Emerged as a Hero for Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..