റിയാൻ പരാഗ്, ഹർഷൽ പട്ടേൽ |Photo:PTI
പുണെ: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്റെ മുന്‍നിരക്കാര്‍ കളിമറന്നപ്പോള്‍ ആറാമനായി എത്തി 31 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ ടീമിനെ കരകയറ്റിയത് റിയാന്‍ പരാഗായിരുന്നു. ദീര്‍ഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന പരാഗിന്റെ മുന്‍വര്‍ഷങ്ങളിലെ മോശം പ്രകടനത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഒറ്റ ഇന്നിങ്‌സോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഈ യുവതാരം.
68-ന് നാല് വിക്കറ്റ് എന്നനിലയില്‍ രാജസ്ഥാന്‍ ബാറ്റിങ്‌നിര കൂപ്പുക്കുത്തികൊണ്ടിരിക്കെയാണ് റിയാന്‍ കഴിഞ്ഞ ദിവസം ക്രീസിലെത്തുന്നത്. ഡാരില്‍ മിച്ചലുമായും അവസാന നിരക്കാരുമായും ചേര്‍ന്ന് 144 എന്ന മാന്യമായ സ്‌കോറില്‍ റിയാന്‍ എത്തിച്ചത്. ഇതിനിടെ രാജസ്ഥാന്റെ എട്ടുവിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ബെംഗളൂരുവിനെ 115-ല്‍ ഒതുക്കാനും രാജസ്ഥാനായി.
മത്സരത്തില്‍ താരമായി മാറിയത് പരാഗ് തന്നെ. 'രാജസ്ഥാന്‍ ടീമിന് എല്ലായ്‌പ്പോഴും പരാഗില്‍ വിശ്വാസമുണ്ടായിരുന്നു. അവന് എന്ത് സാധിക്കും എന്ന് അവന്‍ ലോകത്തിന്‌കാണിച്ചു' മത്സരത്തിന് പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
മാന്‍ ഓഫ് ദി മാച്ചായ റിയാന്‍ പരാഗ് തന്റെ നിര്‍ണായക ഇന്നിങ്‌സിന് ശേഷം റോയല്‍ ബൗളര്‍ ഹര്‍ഷല്‍ പട്ടേലുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതും മത്സരത്തില്‍ ശ്രദ്ധനേടി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ പരാഗ് ഒരു ഫോറും രണ്ട് സിക്‌സറും പറത്തിയിരുന്നു. അവസാന പന്തിലായിരുന്നു ഒരു സിക്‌സര്‍. ഇന്നിങ്‌സ് അസാനിച്ചതിന് ശേഷം ഗ്രൗണ്ട് വിടുന്നതിനിടെയായിരുന്നു വാക്കുതര്‍ക്കം. നേര്‍ക്കുനേര്‍ അടുത്ത ഇരുവരേയും രാജസ്ഥാന്‍ സപോര്‍ട്ടിങ് സ്റ്റാഫും മറ്റു ടീമംഗങ്ങളും ഇടപ്പെട്ടാണ് മാറ്റിനിര്‍ത്തിയത്.
Content Highlights: We Had Real Belief and Trust in Riyan Parag, Says RR Captain Sanju Samson
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..