
Photo: iplt20.com
ഇസ്ലാമാബാദ്: ഐപിഎല്ലില്‍ പേസ് സെന്‍സേഷനും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരവുമായ ഉമ്രാന് മാലിക്കിനെ പ്രശംസിച്ച് പാകിസ്താന് താരം കമ്രാന്‍ അക്മല്‍ രംഗത്ത്.
പാകിസ്താനിലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ ഉമ്രാന് ദേശീയ ടീമില്‍ കളിച്ചിട്ടുണ്ടാകുമെന്ന് അക്മല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ താരമായ ഉമ്രാന് നിലവില്‍ ഐപിഎല്ലില്‍ 11 കളികളില്‍ നിന്ന് 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്.
2008-ല്‍ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് റോയല്‍സ് ടീം അംഗമായിരുന്നു കമ്രാന്‍ അക്മല്‍. ഉമ്രാന് മാലിക്കിന്റെ എക്കോണമി റേറ്റ് ഉയര്‍ന്നതാണെങ്കിലും അദ്ദേഹമൊരു യഥാര്‍ഥ സ്ട്രൈക്ക് ബൗളറാണെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു. പാക് ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്മല്‍.
''പാകിസ്താനിലായിരുന്നു എങ്കില്‍ ഇതിനോടകം തന്നെ അദ്ദേഹം (ഉമ്രാന്) അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമായിരുന്നേനേ. എക്കോണമി റേറ്റ് ഉയര്‍ന്നതാണെങ്കിലും വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നതിനാല്‍ അദ്ദേഹമൊരു സ്ട്രൈക്ക് ബൗളറാണ്. ഓരോ മത്സരത്തിന് ശേഷവും സ്പീഡ് ചാര്‍ട്ടില്‍ അദ്ദേഹത്തിന്റെ പന്തുകള്‍ 155 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. അത് കുറയുന്നില്ല. ഇന്ത്യന്‍ ടീമില്‍ നല്ല മത്സരമാണുള്ളത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍മാര്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോഴവര്‍ക്ക് നവദീപ് സൈനി, (മുഹമ്മദ്) സിറാജ്, (മുഹമ്മദ്) ഷമി, (ജസ്പ്രീത്) ബുംറ തുടങ്ങിയ പേസര്‍മാരുടെ ബാഹുല്യമുണ്ട്. ഉമേഷ് യാദവ് പോലും മനോഹരമായാണ് പന്തെറിയുന്നത്. 10-12 പേസര്‍മാരുള്ളതിനാല്‍, ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകും.'' - അക്മല്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..