കാർത്തിക് ത്യാഗി/ സുരേഷ് റെയ്ന | Photo: twitter/ipl
ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍താരം സുരേഷ് റെയ്ന തന്റെ ജീവിതത്തിലേക്കു കടന്നുവന്നത് ദൈവത്തെപ്പോലെയാണെന്നും തന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് റെയ്നയാണെന്നും വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യുവ പേസ് ബൗളര്‍ കാര്‍ത്തിക് ത്യാഗി. ഹൈദരാബാദിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജുകളില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ത്യാഗി റെയ്നയുമായുള്ള സ്നേഹബന്ധം തുറന്നുപറഞ്ഞത്.
'ഞാന്‍ എപ്പോഴും ഒരു കാര്യം പറയാറുണ്ട്. അണ്ടര്‍-16 കാലഘട്ടത്തിന് ശേഷം സുരേഷ് റെയ്ന എന്റെ ജീവിതത്തിലേക്ക് ദൈവത്തെപ്പോലെ കടന്നുവന്നു. അണ്ടര്‍-16 ടീമിനായി ഏഴു മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റ് വരെ വീഴ്ത്തിയ സമയത്താണ് സെലക്ടര്‍മാര്‍ എന്നെ ആദ്യമായി ശ്രദ്ധിച്ചുതുടങ്ങിയത്. അതിനുശേഷം ഞാന്‍ രഞ്ജി ട്രോഫി ടീമിലെത്തി. അതിനുശേഷമാണ് ആളുകള്‍ എന്നെ അറിഞ്ഞുതുടങ്ങിയത്.
രഞ്ജി ട്രോഫി ക്യാമ്പിലെത്തുമ്പോള്‍ 16 വയസ്സായിരുന്നു എന്റെ പ്രായം. മറ്റെല്ലാവരും സീനിയര്‍ താരങ്ങളായിരുന്നു. ഒരിക്കല്‍ സുരേഷ് റെയ്നയും ക്യാമ്പിലെത്തി. എല്ലാ കാര്യങ്ങളും കണ്ടുമനസ്സിലാക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്. ഒരിക്കല്‍ റെയ്ന എന്നോടു ചോദിച്ചു. ടീമില്‍ എന്റെ റോള്‍ എന്താണെന്ന്? ബൗളറാണെന്ന് പറഞ്ഞപ്പോള്‍ നെറ്റ്സില്‍ പന്ത് എറിയാന്‍ അവസരം നല്കി. എന്റെ ബൗളിങ് ഇഷ്ടമായെന്ന് പറഞ്ഞ അദ്ദേഹം ഭാവിയില്‍ എനിക്ക് അവസരങ്ങള്‍ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനവും നല്കി.
ഇതു കേട്ടപ്പോള്‍ അദ്ദേഹം എന്നെ കളിയാക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയിരുന്നത്. ഞാന്‍ നന്നായി പന്ത് എറിയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭാവിയില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പിന്നാലെ യു.പിയുടെ രഞ്ജി ടീമില്‍ എന്റെ പേര് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ നിന്നാണ് എന്റെ കരിയര്‍ തുടങ്ങുന്നത്.' കാര്‍ത്തിക് ത്യാഗി പറയുന്നു.
ഈ വീഡിയോ റെയ്ന റീട്വീറ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സഹോദരന് എല്ലാ ആശംസകളും എന്ന കുറിപ്പോടെയാണ് റെയ്ന വീഡിയോ പങ്കുവെച്ചത്. 2020 അണ്ടര്‍-19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ത്യാഗി ഐപിഎല്ലിലെത്തുന്നത്. രാജസ്ഥാന് റോയല്‍സ് താരമായിരുന്ന ത്യാഗിയെ ഈ സീസണില്‍ നാല് കോടി രൂപയ്ക്കാണ് ഹൈദരാബാദ് തട്ടകത്തിലെത്തിച്ചത്.
Content Highlights: Suresh Raina Entered My Life Like a God says Sunrisers Hyderabad Pacer Kartik Tyagi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..