റോബിൻ ഉത്തപ്പ | Photo: PTI
ചെന്നൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിനെതിരേ ഗുരുതര ആരോപണവുമായി റോബിന്‍ ഉത്തപ്പ. 2009 ഐപിഎല്‍ സീസണില്‍ ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിടാന്‍ മുംബൈ ഇന്ത്യന്‍സ് ഭീഷണിപ്പെടുത്തിയെന്നാണ് ഉത്തപ്പയുടെ ആരോപണം. 2009-ലെ സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് സംഭവം.
ട്രാന്‍സ്ഫര്‍ പേപ്പറില്‍ ഒപ്പിട്ടില്ലെങ്കില്‍ തന്നെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല എന്നായിരുന്നു ഭീഷണിയെന്നും ഉത്തപ്പ പറയുന്നു. എന്നാല്‍ ആരാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയില്ല. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ഉത്തപ്പ യുട്യൂബ് ചാനലില്‍ ആര്‍ അശ്വിനുമായി സംസാരിക്കുന്നതിനിടയിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.
'സഹീര്‍ ഖാനും മനീഷ് പാണ്ഡേയുമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. ഐപിഎല്ലില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദ്യ കളിക്കാരില്‍ ഒരാളാണ് ഞാന്‍. എനിക്കു അത് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ എല്ലാ വിശ്വാസവും ഞാന്‍ മുംബൈ ഇന്ത്യന്‍സിന് നല്‍കിയിരുന്നു. ഐപിഎല്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പാണ് അതു സംഭവിച്ചത്. ആ പേപ്പറുകളില്‍ ഒപ്പിടാന്‍ ഞാന്‍ തയ്യാറായില്ല.' ഉത്തപ്പ പറയുന്നു.
'എന്റെ വ്യക്തിജീവതത്തില്‍ വളരെ വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ എന്റെ ആദ്യ സീസണ്‍ തുടങ്ങുമ്പോള്‍ ഞാന്‍ വിഷാദ രോഗിയായി മാറിയിരുന്നു. ആ സീസണില്‍ ഒരൊറ്റ മത്സരത്തില്‍പോലും എനിക്ക് തിളങ്ങാനായില്ല. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കി. വീണ്ടും പ്ലെയിങ് ഇലവനില്‍ എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിലാണ് അല്‍പമെങ്കിലും നന്നായി കളിച്ചത്. ആ മത്സരത്തില്‍ എന്തെങ്കിലും ചെയ്യണം എന്നു മനസ്സിലുറപ്പിച്ചാണ് കളിച്ചത്.' ഉത്തപ്പ പറയുന്നു.
ഐപിഎല്ലില്‍ ആറു ഫ്രാഞ്ചൈസികളില്‍ കളിച്ചിട്ടുള്ള ഉത്തപ്പ 196 മത്സരങ്ങളില്‍ നിന്ന് 3686 റണ്‍സ് നേടി. 27.98 ആണ് ബാറ്റിങ് ശരാശരി. 26 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..